യെച്ചൂരിയെ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു

ദില്ലി: സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ആക്രമണം. ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തെത്തുടര്‍ന്ന് രണ്ട് ഹിന്ദുസേന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

കശാപ്പ് നിരോധനത്തിനെതിരായ സി പി ഐ എം നിലപാടില്‍ കലിപൂണ്ടാണ് ഹിന്ദുസേനയുടെ നേതൃത്വത്തിലുള്ള ആര്‍ എസ് എസ് പ്രവര്‍ത്തകള്‍ എ കെ ജി ഭവനിലെത്തി ആക്രമണം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി. എ കെ ജി ഭവന്റെ ഗേറ്റ് ചാടികടന്നാണ് ഗോരക്ഷാ മുദ്രാവാക്യം വിളിച്ചെത്തിയവര്‍ ആക്രമണം അഴിച്ചുവിട്ടത്.

സി പി ഐ എം പി ബി യോഗത്തിന് ശേഷം സീതാറാം യെച്ചൂരി പുറത്തിറങ്ങിയപ്പോള്‍ അക്രമിക്കുകയായിരുന്നു. രാജ്യത്ത് സംഘപരിവാര്‍ സംഘടനകള്‍ അഴിച്ചുവിടുന്ന ഭീകരതയുടെ ഒടുവിലത്തെ അനുഭവമാണ് സി പി ഐ എം ആസ്ഥാനത്തുണ്ടായത്. നേരത്തെ കോടിയേരി ബാലകൃഷ്ണന്‍ ദില്ലിയില്‍ കാലുകുത്തിയാല്‍ ആക്രമണം നടത്തുമെന്ന് ആര്‍ എസ് എസ് ഭീഷണി മുഴക്കിയിരുന്നു.