‘ഇനിയിപ്പോ നിങ്ങള്‍ ചൊവ്വയില്‍ കുടുങ്ങിയാലും ഇന്ത്യന്‍ എംബസ്സി നിങ്ങളെ രക്ഷപ്പെടുത്തും’ സുഷമാ സ്വരാജിന്റെ ട്വീറ്റ് സോഷ്യല്‍മീഡിയയില്‍ ട്രെന്‍റ്

ദില്ലി: ട്വിറ്ററില്‍ എന്നും താരം സുഷമ തന്നെയാണ്. എത്ര വലിയ നേതാക്കള്‍ ട്വിറ്ററിലൂടെ കയറി ഇറങ്ങിയിട്ടും ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ട്വിറ്റര്‍ ഫോളോവേഴിസിന്റെ എണ്ണം കുത്തനെ കൂടിയതല്ലാതെ ഒന്നു പോലും കുറഞ്ഞിട്ടില്ല. ഇടപെടേണ്ട വിഷയങ്ങളില്‍ കൃത്യമായി ഉത്തരവാദിത്തത്തോടെ ഇടപെട്ട് എന്നും ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായി തുടരുകയാണ് സുഷമ സ്വരാജ്.

ഇപ്പോഴിതാ സുഷമയുടെ ഒരു ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് ട്വിറ്റേറിയന്‍സ്. തമാശരൂപേണയെുള്ള ഒരു ട്വീറ്റിന് മറുപടി നല്‍കിക്കൊണ്ടുള്ള സുഷമയുടെ മറുപടിയാണ് ഇപ്പോള്‍ ഏറെ വൈറലായിരിക്കുന്നത്.’ താന്‍ ചൊവ്വയില്‍ അകപ്പെട്ടിരിക്കുകയാണെന്നും മംഗള്‍യാന്‍ വഴി അയച്ച ഭക്ഷണവും വെള്ളവും തീര്‍ന്നുവെന്നും ഇനി എപ്പോഴാണ് മംഗള്‍യാന്‍ 2 അയക്കുക’ എന്നായിരുന്നു കരണ്‍ സൈനി എന്നയാള്‍ സുഷമയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 8 മണിടോയെ പോസ്റ്റ് ചെയ്ത് കരണിന്റെ ട്വീറ്റിന് വ്യാഴാഴ്ച രാവിലെയോടെ തന്നെ മറുപടിയുമെത്തി. ‘നിങ്ങള്‍ ചൊവ്വയില്‍ ആയാലും ഇന്ത്യന്‍ എംബസി നിങ്ങളെ സഹായിക്കാനെത്തുമെന്നായിരുന്നു സുഷമയുടെ മറുപടി’. തമാശ രൂപേണെ എന്നാല്‍ ഇത്തിരം കാര്യഗൗരവത്തോടെ പറഞ്ഞ സുഷമയുടെ മറുപടി ട്വിറ്റേറിയന്‍സ് ഏറ്റെടുക്കുകയും ചെയ്തു.

ഭാരതീയര്‍ക്ക് ഏത് അവസരത്തിലും സഹായം നല്‍കാനുള്ള മനസ്സോടെയും ഊര്‍ജ്ജത്തോടെയും ഞങ്ങള്‍ ഇന്ത്യക്കാരെ വശീകരിക്കുന്ന പരിപാടി തുടര്‍ന്നു കൊണ്ടേ ഇരിക്കൂ എന്നായിരുന്നു സുഷമയുടെ ട്വീറ്റിന് മോണിക്ക എന്നയാള്‍ നല്‍കിയ മറുപടി. ജോലിയോട് നിങ്ങള്‍ക്കുള്ള ആത്മാര്‍ത്ഥയും നിങ്ങളുടെ കഴിവുമാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് ചിലര്‍ മറുപടി നല്‍കിയപ്പോള്‍ സുമാ ജീ ഇന്ത്യയുടെ പ്രസിഡന്റ് ആയിക്കാണാന്‍ തങ്ങള്‍ താല്‍പര്യപ്പെടുന്നുവെന്നു വരെ ചിലര്‍ മറുപടി നല്‍കി.

എന്നാല്‍ സുഷമയ്ക്കുള്ള അഭിനന്ദനങ്ങള്‍ക്കും പ്രസംശയ്ക്കും ഇടയില്‍ മോദിക്കിട്ട് കുത്താനും ചിലര്‍ മറന്നില്ല. രാജ്യത്തെ മറന്ന് ലോകം മുഴുവന്‍ ചുറ്റുന്ന പ്രധാനമന്ത്രി മോദിയെ ഒന്ന് ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടു വരൂ എന്നായിരുന്നു ചിലരുടെ മറുപടി. നിങ്ങളെ സഹായിക്കാന്‍ ഇന്ത്യന്‍ എംബസി തയ്യാറായാലും ആധാര്‍ ഇല്ലെങ്കില്‍ ഇന്ത്യയിലേക്ക് വരുന്നത് ബുദ്ധിമുട്ടാണെന്ന് പരിഹസിക്കുന്നവരുമുണ്ട്. എന്തായാലും തമാശ രൂപേണെ ഉരുളയ്ക്കുപ്പേരി പോലെയുള്ള സുഷമയുടെ മറുപടി ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിക്കൊണ്ടിരിക്കുകയാണ്.