ഖത്തർ പ്രതിസന്ധി: പെരുന്നാളിനു മുമ്പ്‌ പ്രശ്നപരിഹാരമുണ്ടായേക്കും

ഖത്തർ പ്രതിസന്ധിയിൽ പെരുന്നാളിനു മുമ്പ് പ്രശ്നപരിഹാരമുണ്ടായേക്കുമെന്ന് സൂചന. ഇതിനായി ഗൾഫ് മേഖലയിൽ തിരക്കിട്ട ചർച്ചകളാണ് നടക്കുന്നതെന്ന് കുവൈറ്റിലെ അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റംസാൻ പെരുന്നാളിനു മുമ്പ് കര, വ്യോമ, ജല ഗതാഗതം പുനസ്ഥാപിച്ചേക്കുമെന്നാണ് വാർത്ത. ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കാൻ ജിസിസി അടിയന്തര യോഗം ചേരും. തുർക്കി പ്രസിഡന്‍റ് തയ്യിപ് എർദോഗന്‍റെ അധ്യക്ഷതയിലായിരിക്കും യോഗം. കുവൈറ്റിലെ യോഗത്തിലേക്ക് ഈജിപ്ത് പ്രധാനമന്ത്രിയേയും ക്ഷണിക്കും.

ഖത്തർ പ്രതിസന്ധിയിൽ പരിഹാരമുണ്ടാക്കൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും അറിയിച്ചു. പ്രതിസന്ധി പരിഹരിക്കുന്നതിന് എല്ലാ തരത്തിലുള്ള സഹായവും യുഎസ് നൽകുമെന്ന് ട്രംപ് ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ ടെലിഫോണിൽ വിളിച്ച് അറിയിച്ചു. ഖത്തറിനെതിരായ നടപടി വിലയിരുത്താൻ ട്രംപ് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദുമായും ടെലിഫോണിൽ ചർച്ച നടത്തി.

ഇതിനിടെ ഖത്തറിലേക്കുള്ള ബാഗേജ് പരിധി വിമാന കമ്പനികൾ വെട്ടികുറച്ചു. എയർ ഇന്ത്യയും ജെറ്റ് എയർവെയ്സുമാണ് ബാഗേജ് പരിധി മുപ്പത് കിലോയിൽ നിന്ന് ഇരുപത് കിലോയാക്കി കുറച്ചത്. ഖത്തറിൽ നിന്നുളള കപ്പലുകൾക്ക് യുഎഇ പ്രവേശനാനുമതി നൽകാമെന്നും അറിയിച്ചു. ഭീകരവാദത്തെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടികളിൽ നിന്ന് ഖത്തർ പിൻമാറിയാൽ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകുകയുള്ളെന്ന് യുഎഇ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സൗദി അറേബ്യ, യുഎഇ, ബഹ്റിൻ, ഈജിപ്ത്, യെമൻ, മാലദ്വീപ്, കിഴക്കൻ ലിബിയ എന്നീരാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം വിഛേദിച്ചത്. ഐഎസ് ഭീകരർക്ക് ഖത്തർ ധനസഹായവും മറ്റു സഹായങ്ങളും ചെയ്യുന്നതിൻറെ പേരിലാണ് നടപടി. ഖത്തറിലേക്കുള്ള വ്യോമഗതാഗതം വിലക്കിയ അയൽക്കാരുടെ നടപടി പശ്ചിമേഷ്യയിലെങ്ങും വ്യോമഗതാഗതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.