വൈദികര്‍ വാടകയ്ക്ക്; റെന്റ് എ കാര്‍ പോലെ റെന്റ് എ പ്രീസ്റ്റും കേരളത്തില്‍ 

കൂദാശയ്ക്കും കുമ്പസാരത്തിനും മാമോദീസയ്ക്കും വിളിക്കൂ... അച്ചന്‍ ലൈനിലുണ്ട്‌

-ക്രിസ്റ്റഫര്‍ പെരേര-
ക്രിസ്തീയ വിശ്വാസികള്‍ക്കൊരു സന്തോഷവാര്‍ത്ത, കൂദാശ, മാമോദീസ, കല്യാണം, കുമ്പസാരം, വീട് വെഞ്ചരിപ്പ് എന്നിവയ്ക്ക് ഇനി വൈദികര്‍ നിങ്ങളുടെ വീട്ടിലെത്തും. അതും നിങ്ങളുടെ സമയത്തിനും സൗകര്യത്തിനും. ഇതിനൊന്നും ഫീസ് ഈടാക്കില്ല. കര്‍മത്തിന് വരുന്ന പുരോഹിതന് വണ്ടിക്കൂലിയും ഭക്ഷണവും മാത്രം നല്‍കിയാല്‍ മതി. കട്ടപ്പന ആസ്ഥാനാമാക്കി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റ് എന്ന സംഘടനയാണ് ആത്മീയ സേവനം നല്‍കുന്നത്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സഭ വിട്ട കതോലിക്ക പുരോഹിതന്‍മാരും കന്യാസ്ത്രീകളും മുന്‍ പുരോഹിതന്‍മാരുമാണ് ഈ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്. ഏത് സഭാവിശ്വാസികള്‍ക്കും ഇവര്‍ ആത്മീയ ശുശ്രൂഷകള്‍ നല്‍കുമെന്ന് സംഘടനയുടെ പ്രസിഡന്റ് റെജി ഞെള്ളാനി ‘വൈഫൈ റിപ്പോര്‍ട്ടറോട് ‘ പറഞ്ഞു. മൂന്നൂറിലധികം വൈദികരാണ് ഈ കൂട്ടായ്മയിലുള്ളത്. പല കാരണങ്ങളാല്‍ സഭ വിട്ട് പോയ വിശ്വാസികള്‍ക്കും സഭ പുറത്താക്കിയവര്‍ക്കും ഈ സേവനം വലിയൊരു അനുഗ്രഹമായിരിക്കും.

ജനനം മുതല്‍ മരണം വരെ പലതരത്തിലുള്ള കര്‍മങ്ങളിലൂടെ വിശ്വാസികളെ അടിമകളാക്കുകയും ചൂഷണം ചെയ്യുകയുമാണ് കതോലിക്ക സഭ ചെയ്യുന്നതെന്നും റെജി ഞെള്ളാനി പറഞ്ഞു. ഈ ചൂഷണത്തിനെതിരെയുള്ള പോരാട്ടമാണ് ഞങ്ങള്‍ നടത്തുന്നത്. ഒപ്പം വിശ്വാസികള്‍ക്ക് അര്‍ഹമായ ആത്മീയ ശുശ്രൂഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കല്യാണങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും പള്ളികളില്‍ നിന്ന് ഭീമമായ തുകയാണ് ഈടാക്കുന്നത്. ഇത് സാധാരണ വിശ്വാസികള്‍ക്ക് താങ്ങാനൊക്കില്ല. അഞ്ചും ആറും കോടി രൂപ മുടക്കി പള്ളി പണിതിട്ട് അതിന്റെ വിഹിതവും അടയ്ക്കാന്‍ പറയും. ഇല്ലെങ്കില്‍ കുടിശിഖയായി രേഖപ്പെടുത്തും. പാവപ്പെട്ട ഇടവക അംഗത്തിന്റെ വീട്ടില്‍ കല്യാണമോ, മരണമോ സംഭവിച്ചാല്‍ കുടിശിഖ അടയ്ക്കാതെ നടത്തിക്കൊടുക്കുകയുമില്ല. ഇത്തരത്തില്‍ നിരവധി മനുഷ്യാവകാശ ലംഘനങ്ങളാണ് സഭാനേതൃത്വം നടത്തുന്നതെന്നും റെജി ചൂണ്ടിക്കാട്ടി.

റെജി ഞള്ളാനി
റെജി ഞള്ളാനി
കേരളത്തിലെ 40തോളം പള്ളികള്‍ 10 കോടിയിലധികം രൂപയ്ക്കാണ് പണിതത്. എറണാകളും ഇടപ്പള്ളിയിലെ പള്ളി 16 കോടിക്കാണ് പൂര്‍ത്തിയാക്കിയത്. അത് പോലെ കല്ലറയ്ക്ക് എട്ട് മുതല്‍ 15 ലക്ഷം വരെയാണ് ഓരോ കുടുംബത്തില്‍ നിന്നും ഈടാക്കുന്നത്. വിശ്വാസമല്ല സമ്പത്താണ് പ്രധാനം. ആ നിലയിലേക്കാണ് കതോലിക്കാ സഭ പോകുന്നതെന്നും സംഘടനയുടെ ജനറല്‍ സെക്രട്ടറി ഫാ. കെ.പി ഷിബു ആരോപിച്ചു. ഷിബു വര്‍ഷങ്ങള്‍ക്ക് മുമ്പ് സഭ വിട്ട് പോയ വൈദികനാണ്. അടുത്തിടെ ആലപ്പുഴ കളര്‍കോട് മൃതദേഹം അടക്കുന്നതിനുള്ള കുഴിക്കാണം (പണം) വരെ വാങ്ങിയിട്ട് അടക്കാത്ത സംഭവവുമുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു.  മകന്‍ ഷിജു പതിവായി പള്ളിയില്‍ പോകാത്തതിനെ തുടര്‍ന്നാണ് ലീലാമ്മ എന്ന റിട്ടേഡ് അധ്യാപികയെ പള്ളിയില്‍ അടക്കം ചെയ്യാന്‍ ആന്റണി എന്ന വികാരി സമ്മതിച്ചില്ല. ഒടുവില്‍ ഹിന്ദു ആചാരപ്രകാരം വീട്ട് വളപ്പില്‍ സംസ്‌കരിക്കേണ്ടി വന്നെന്നും ഷിബു പറഞ്ഞു.
സഭയില്‍ നിന്ന് പുറത്താക്കിയ കന്യാസ്ത്രീകള്‍ക്കും അച്ചന്‍മാര്‍ക്കും നാട്ടില്‍ നില്‍ക്കാനാവാത്ത സ്ഥിതിയാണുളളത്. അവരെ ഒറ്റപ്പെടുത്തുക, പലതരത്തില്‍ പീഡിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ പതിവാണ്. അതുകൊണ്ട് അത്തരക്കാരെയും സംഘടനയില്‍ ചേര്‍ത്തിട്ടുണ്ട്. സഭ പുറത്താക്കിയകന്യാസ്ത്രീകളും സഭയുടെ നടപടികളില്‍ മനംമടുത്ത് സഭാവസ്ത്രം ഉപേക്ഷിച്ച് പോന്നവരും സംഘടനയിലുണ്ട്. കന്യാസ്ത്രീകള്‍ക്ക് കുടുംബജീവിതം നയിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. സ്ത്രീകളെ എക്കാലവും അടിമകളായി നിലനിര്‍ത്താനുള്ള നീക്കം കതോലിക്കാ സഭ ഉപേക്ഷിക്കണമെന്നും റെജി ഞെള്ളാനി പറഞ്ഞു.
പള്ളിപുതുക്കി പണിയുക, പരീഷ് ഹാള്‍ പണിയുക തുടങ്ങിയ സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന പാതിരിമാരെയും കന്യാസ്ത്രീകളെയും മാത്രം മതി സഭയ്ക്ക്. ഇതേ തുടര്‍ന്നാണ് അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സഭ വിട്ട കതോലിക്ക പുരോഹിതന്‍മാരും കന്യാസ്ത്രീകളും മുന്‍ പുരോഹിതന്‍മാരും 2015ല്‍ എറണാകുളത്ത് ദേശീയ സമ്മേളനം നടത്തിയിരുന്നു. 1962- 65 കാലത്ത് വത്തിക്കാനില്‍ നടന്ന സിനഡില്‍ സഭകളുടെ ഏകീകരണവും നവീകരണവും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ 2016 വരെ അത് നടന്നിട്ടില്ല. സാമ്പത്ത് തന്നെയാണ് അതിന് തടസമെന്ന് ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റ് ചൂണ്ടിക്കാട്ടുന്നു. ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങള്‍ തെറ്റാണെങ്കില്‍ ആര്‍ക്കും ചൂണ്ടിക്കാണിക്കാമെന്നും അവര്‍ പറഞ്ഞു.
ആത്മീയ ശുശ്രൂഷ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനിലും സേവനങ്ങള്‍ ലഭിക്കും. http://almayasabdam.blogspot.in/ എന്ന ബ്‌ളോഗിലൂടെയും 9447105070 എന്ന മൊബൈല്‍ നമ്പരിലും ബന്ധപ്പെടാം.