പത്മനാഭസ്വാമി ക്ഷേത്രദര്‍ശനത്തിന് ചുരിദാര്‍ ധരിക്കാന്‍ അനുമതി തേടി വനിതാ അഭിഭാഷക

-വികാസ് രാജഗോപാല്‍-

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുമതി തേടി ഹൈക്കോടതിയില്‍ ഹരജി. തിരുവനന്തപുരം സ്വദേശി അഡ്വ. റിയ രാജിയാണ് ഇത്തരമൊരു ആവശ്യവുമായി കോടതിയെ സമീപിച്ചത്.
അമ്പലങ്ങളില്‍ സ്ത്രീപ്രവേശനത്തിനും സ്വാതന്ത്ര്യത്തിനുമായി രാജ്യമൊട്ടാകെ പ്രക്ഷോഭങ്ങളും പ്രചാരണങ്ങളും നടക്കുമ്പോള്‍ കേരളത്തിലെ പത്മനാഭസ്വാമിക്ഷേത്രത്തിലും ഇത്തരമൊരു ആവശ്യം ശക്തമാകുകയാണ്. സ്ത്രീകള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന വേഷത്തോടെ പ്രവേശിക്കാനുള്ള ആവശ്യത്തിനായാണ് ഇപ്പോള്‍ നിവേദനം നല്‍കിയിരിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രമായ പത്മനാഭസ്വാമിക്ഷേത്രത്തില്‍ പ്രവേശിക്കണമെങ്കില്‍ സ്ത്രീകള്‍ സാരി ധരിക്കണം. മറ്റേതെങ്കിലും തരത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നതെങ്കില്‍ അതിന് മുകളില്‍ മുണ്ട് ചുറ്റുന്നതാണ് നടപ്പുരീതി. ഇത് ഇവിടെയെത്തുന്ന വിശ്വാസികള്‍ നിര്‍ബന്ധമായും പാലിക്കപ്പെടേണ്ട ഒന്നാണ്. പത്മനാഭസ്വാമിക്ഷേത്രത്തില്‍ കാലാകാലങ്ങളായുള്ള നിര്‍ബന്ധമാണ് ഇത്.
ഒരു ക്ഷേത്രത്തിനോടനുബന്ധിച്ച് ആചാരങ്ങളും കീഴ് വഴക്കങ്ങളുമുണ്ട്. അനുഷ്ടാനങ്ങള്‍ ക്ഷേത്രത്തിലെ പൂജയും അത് ചെയ്യേണ്ട രീതിയും നിഷ്‌കര്‍ഷിക്കുന്നു.

കീഴ് വഴക്കങ്ങള്‍ കാലങ്ങളായി പിന്തുടര്‍ന്നുവരുന്ന സമ്പ്രദായങ്ങളാണ്. അത് കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുന്നതുമാണ്.
കാലങ്ങളായി പിന്തുടര്‍ന്നുവരുന്നു എന്ന കാരണത്താല്‍ ഇപ്പോഴും തുടരുന്ന ധരിക്കുന്ന വസ്ത്രമേതായാലും കുഴപ്പമില്ല അതിന് മുകളില്‍ മുണ്ട് ചുറ്റണം എന്ന കീഴ്‌വഴക്കത്തെ അഭിഭാഷകയായ റിയാ രാജി കോടതിയില്‍ ചോദ്യം ചെയ്തത്.
ചുരിദാറോ നൈറ്റിയോ പാന്റോ അതേതുമാകട്ടേ ധരിച്ച് ക്ഷേത്രത്തില്‍ കയറാം. പക്ഷേ അതിന് മുകളില്‍ മുണ്ടുണ്ടാകണമെന്ന് മാത്രം. മറ്റുള്ള വസ്ത്രങ്ങള്‍ ഹൈന്ദവ രീതിക്ക് യോജിച്ചതല്ലെന്നും ഒരു പക്ഷം വാദിക്കുന്നു.

കീഴ്‌വഴക്കങ്ങളില്‍ കടുംപിടിത്തം തുടരുമ്പോള്‍ പത്മനാഭസ്വാമിയെ കാണാനെത്തുന്ന വിശ്വാസികളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ സൗകര്യത്തെക്കൂടി കണക്കിലെടുക്കണമെന്ന് റിയ പറയുന്നു. ജോലിയിടങ്ങളിലും വിദ്യാലയങ്ങളിലും എന്തിന് വസ്ത്രധാരണത്തില്‍ കുട്ടികള്‍ക്ക് മാതൃകയാകേണ്ട അധ്യാപകര്‍ക്കുപോലും അംഗീകരിക്കപ്പെട്ട സല്‍വാര്‍ അല്ലെങ്കില്‍ ചുരിദാര്‍ ഹൈന്ദവ വസ്ത്രമല്ലെന്ന് പറഞ്ഞാണ് ഇവിടെ ഒഴിവാക്കപ്പെടുന്നത് എന്ന് ഇവിടെ റിയ ചൂണ്ടിക്കാണിക്കുന്നു. ജോലിക്കാരോ വിദ്യാര്‍ത്ഥികളോ ആയ സ്ത്രീകള്‍ ആ സ്ഥലങ്ങളിലേക്കുള്ള യാത്രാമധ്യേ ക്ഷേത്രദര്‍ശനം നടത്തണമെങ്കില്‍ കൈയില്‍ മുണ്ട് കരുതണം അല്ലെങ്കില്‍ ക്ഷേത്രപരിസരത്തുനിന്നും നൂറോ നൂറ്റമ്പതോ കൊടുത്ത് പുതിയ മുണ്ട് വാങ്ങിക്കേണ്ട സ്ഥിതിയാണിപ്പോള്‍. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ റിയാ രാജി റിട്ട് ഹരജി നല്‍കി. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ഇപ്പോള്‍ ക്ഷേത്രഭരണ സംവിധാനം നയിക്കുന്ന എക്‌സിക്യൂട്ടീവ് ഓഫീസറോട് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.

ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറായ കെ.എന്‍. സതീഷ് ഈ വിഷയത്തിന്‍മേല്‍ ഹിയറിംഗ് നടത്തുകയുണ്ടായി. കേരള ബ്രാഹ്മണസഭ, ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭക്തജന സേവാസമിതി, ശ്രീ പത്മനാഭ സ്വാമി ഭക്തജന സഭ എന്നീ സംഘടനകളുടെ പ്രതിനിധികള്‍ സല്‍വാര്‍ കമ്മീസ് ഒരുകാരണവശാലും അനുവദിക്കാനാവില്ലെന്ന് വാദിച്ചു.

ക്ഷേത്രഭരണം ജില്ലാ ജഡ്ജി നേതൃത്വം നല്‍കുന്ന ഭരണ സമിതിക്കും എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും കൈമാറുമ്പോള്‍ ക്ഷേത്രാചാരങ്ങള്‍ മാറ്റരുതെന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി സംഘടനകള്‍ പറയുന്നു.
സല്‍വാര്‍ ഉപയോഗിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി കത്തുകളും ഈ മെയിലുകളും ഫോണ്‍ സന്ദേശങ്ങളും തനിക്ക് ലഭിക്കുന്നതായി എക്‌സിക്യൂട്ടീവ് ഓഫീസര്‍ സതീഷ് വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു. ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുക ക്ഷേത്രം തന്ത്രിയുടെ അഭിപ്രായം കൂടി അറിഞ്ഞതിനുശേഷമേ ഉണ്ടാകുകയുള്ളൂ. എന്നാല്‍ പത്മനാഭസ്വാമിക്ഷേത്രത്തിലെ തന്ത്രി കാര്‍മ്മികത്വം വഹിക്കുന്ന ഇരിങ്ങാലക്കുട കൂടുല്‍മാണിക്യം ക്ഷേത്രത്തില്‍ ചുരിദാര്‍ അനുവദനീയമാണ്. സമാനമായ രീതിയില്‍ ചുരിദാര്‍ വിലക്കുണ്ടായിരുന്ന ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 2007 ലെ കോടതിവിധി പ്രകാരം ഇപ്പോള്‍ അനുവദനീയമാണ്.

അല്‍പകാലം മുമ്പുവരെ പത്മനാഭസ്വാമിക്ഷേത്രത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് മുണ്ട് വാടകയ്ക്ക് നല്‍കുന്ന സംവിധാനം ക്ഷേത്രത്തിന് പുറത്തുണ്ടായിരുന്നു. പലദേശങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് മുണ്ട് ഒരു പുതുമയാണ്. മുണ്ടുടക്കാന്‍ അറിയാത്ത സ്ത്രീകള്‍ക്ക് ഇവര്‍ മുണ്ടുടക്കാന്‍ സഹായിച്ചിരുന്നു. അതിനിടെ ഒരു സ്ത്രീയുടെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിച്ച ജീവനക്കാരെ സ്ത്രീ കരണത്ത് അടിക്കുകയും ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തതായും അഡ്വ. അനന്ത പത്മനാഭന്‍ പറയുന്നു. നിരവധി വിമര്‍ശനങ്ങളെത്തുടര്‍ന്ന് ഈ സംവിധാനം ഇപ്പോള്‍ നിര്‍ത്തലാക്കി. പകരം പുതിയ മുണ്ട് വാങ്ങണം. ഇപ്പോള്‍ സാരിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും വസ്ത്രം ധരിച്ചാണെങ്കില്‍ അതിന് മുകളില്‍ മുണ്ട് ചുറ്റിയോ പ്രവേശിക്കാം. ശരീരത്തെ പൂര്‍ണ്ണമായും മറയ്ക്കുകയാണ് ഉദ്ദേശ്യമെങ്കില്‍ സാരി ഒരു ദേശത്തിനും സംസ്‌കാരത്തിനും അനുസരിച്ച് വ്യത്യസ്ത രീതികളിലാണ് ഉടുക്കുന്നത്. സുതാര്യമായ സാരികളും ഇറക്കമുള്ള ബ്ലൗസുകളും ധരിച്ചെത്തുന്ന സ്ത്രീകളും കുറവല്ല അവര്‍ക്കൊക്കെ പ്രവേശനം അനുവദനീയമെങ്കില്‍ ശരീരത്തെ പൂര്‍ണ്ണമായും മറയ്ക്കുന്ന ചുരിദാറിന് എന്തടിസ്ഥാനത്തിലാണ് നിരോധിക്കുന്നതെന്ന് ക്ഷേത്ര വിശ്വാസികളായ സ്ത്രീകള്‍ തന്നെ ചോദിക്കുന്നു.

ചുരിദാറും പാന്റ്‌സും പോലെ സമൂഹത്തില്‍ ഏറ്റവും പ്രചാരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ക്ഷേത്രത്തില്‍ കയറാന്‍ അനുവദിക്കാതിരിക്കുന്നതില്‍ പ്രായോഗികത എത്രത്തോളമുണ്ടെന്ന് ചിന്തിക്കണമെന്നും ഇവര്‍ ചോദിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തുന്നിയ വസ്ത്രങ്ങള്‍ ക്ഷേത്രത്തില്‍ ഉപയോഗിക്കാന്‍ പാടില്ലായെന്ന അവസ്ഥയായിരുന്നു. കസവ് മുണ്ടുപോലും ഇവിടെ അനുവദിക്കപ്പെട്ടിരുന്നല്ല. പിന്നീട് അത് മാറി അവര്‍ണര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം വിലക്കിയിരുന്ന കേരളത്തില്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്ക് ഒടിവിലായാണ് 1931 ല്‍ ക്ഷേത്രപ്രവേശന വിളംബരം വഴി അത് സാധ്യമായത്. മാറിടം മറയ്ക്കാന്‍ സ്വാതന്ത്ര്യമില്ലാതിരുന്ന നാട്ടില്‍ അവയുടെ അളവ് നോക്കി കരം നല്‍കേണ്ട സമ്പ്രദായവും നിലവിലുണ്ടായിരുന്നു. ഇവയെല്ലാം മാറിയെങ്കില്‍ ഇത്തരം ചെറിയ കടുംപിടിത്തങ്ങളും കാലാനുസൃതമായി മാറേണ്ടതെന്നാണ് ക്ഷേത്രനടപടിയെ ചോദ്യം ചെയ്യുന്നവര്‍ പറയുന്നു.