പെട്രോള്‍ പമ്പുകളില്‍ നിന്ന് 2000 രൂപ പിന്‍വലിക്കാം

ന്യൂഡല്‍ഹി: നോട്ട് മാറ്റല്‍ പ്രതിസന്ധിയെ തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ നിന്ന് പണം പിന്‍വലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. 2000 രൂപവരെ എടിഎം കാര്‍ഡുപയോഗിച്ച് പിന്‍വലിക്കാനാണ് അനുമതി നല്‍കുന്നത്. രാജ്യത്തെ തെരഞ്ഞെടുത്ത 2,500 പെട്രോള്‍ പമ്പുകളിലാണ് ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പോയിന്റ് ഓഫ് സെയില്‍ മെഷീനുള്ള പമ്പുകളിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. മൂന്ന് ദിവസത്തിനുള്ളില്‍ എച്ച്ഡിഎഫ്സി ബാങ്ക്, സിറ്റി ബാങ്ക്,ഐസിഐസി ബാങ്ക് സൈപ്പിങ്ങ് മെഷീനുകളുള്ള മറ്റ് 20,000 ഔട്ട്ലെറ്റുകളിലും പണം പിന്‍വലിക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം,ഹിന്ദുസ്ഥാന്‍ പെട്രോളിയം എണ്ണക്കമ്പനികളുടെ പ്രതിനിധികള്‍ എസ്ബിഎ മേധാവി അരുന്ധതി ഭട്ടാചാര്യയുമായി നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം ഉരുത്തിരിഞ്ഞത്. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും ഈ തീരുമാനം ട്വിറ്ററിലൂടെ അറിയിച്ചു. ഇതോടെ ബാങ്കുകളിലേയും എടിഎമ്മുകളിലേയും തിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദഹേം പറയുന്നു.