ഒബാമ ജസ്റ്റിന്‍ ട്രൂഡോയുമായി കൂടിക്കാഴ്ച നടത്തി

മോണ്ട്രിയോളില്‍ സന്ദര്‍ശനത്തിനെത്തിയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കൊപ്പം ഡിന്നര്‍ കഴിച്ചു. ഇരുവരും ഒരുമിച്ച് സമയം ചെലവഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലിവര്‍ പൂളിലെ വീട്ടില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. സംസാരിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ രണ്ട് നേതാക്കളും ട്വിറ്ററില്‍ പങ്കുവക്കുകയും ചെയ്തിട്ടുണ്ട്. വരും തലമുറ നേതാക്കളെ വാര്‍ത്തെടുക്കുന്നതിനെ സംബന്ധിച്ചാണ് ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച ചെയ്തതെന്ന് ഒബാമ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഇരു നേതാക്കളേയും കണ്ട് ആവേശഭരിതരായ ജനങ്ങളുടെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നേരത്തെ ബോര്‍ഡ് ഓഫ് ട്രേഡ് ഓഫ് മെട്രോപോളിറ്റന്‍ മോണ്ട്രിയോള്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഒബാമ സംസാരിച്ചിരുന്നു.