‘മാതൃകേരളം’-മ്യൂസിക്ക് ആല്‍ബം പ്രകാശനം ചെയ്തു

എഡ്മണ്ടന്‍ : സി.ഡിപ്രസാദ് എഴുതി ചിട്ടപ്പെടുത്തിയ പത്തു ഗാനങ്ങള്‍ അടങ്ങിയ ‘മാതൃകേരളം’ മ്യൂസിക്ആല്‍ബത്തിന്റെ പ്രകാശനം ഏപ്രില്‍ 15 ശനിയാഴ്ച എഡ്മണ്‍ഡനിലെ സൗത്ത് പോയിന്റ് കമ്മ്യൂണിറ്റി സെന്ററില്‍ നടന്നു. എഡ്മണ്ടനിലെ പ്രമുഖ ഹിപ്‌നോതെറാപിസ്‌റ്,പദ്മന്‍ പിള്ള പ്രകാശന കര്‍മം നിര്‍വഹിച്ചു. ഏതൊരു പ്രവാസി മലയാളിയുടെ ഉള്ളിലും ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന ഗാനോപഹാരമാണ് ‘മാതൃകേരളം’ എന്നും, എല്ലാ മലയാളികളും പ്രസാദിന്റെ ആദ്യ സംരംഭത്തെ പൂര്‍ണ മനസ്സോടെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രശസ്ത ഗായകരായ എം.ജി ശ്രീകുമാര്‍ , വിജയ് യേശുദാസ്, മിന്മിനി, മധു ബാലകൃഷ്ണന്‍, ബിജു നാരായണന്‍, മാര്‍ക്കോസ്, കോറസ് പീറ്റര്‍,കെ.ബി സുജാത എന്നിവരോടൊപ്പം പ്രസാദിന്റെ മകള്‍ രീതികയും ആല്‍ബത്തില്‍ ഗാനം ആലപിച്ചിട്ടുണ്ട്.സ്വന്തം നാടും, ബന്ധുമിത്രാദികളെയും വിട്ടു ദൂര ദേശങ്ങളില്‍ താമസിക്കുന്ന മലയാളികളുടെയുള്ളില്‍ നാടിനെയും, സ്വന്തം അമ്മയെയും കുറിച്ചുള്ള മധുരസ്മരണകള്‍ ഉണര്‍ത്താന്‍ ഈ ഗാനങ്ങള്‍വഴിയൊരുക്കും. എഡ്മണ്ടനില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന പ്രസാദ് മലയാളം, ഹിന്ദി,സംസ്‌കൃതം, ഇംഗ്ലീഷ്, എന്നീ ഭാഷകളിലായി ഏകദേശം ഇരുനൂറ്റിയമ്പതോളം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.