വാന്‍കൂവര്‍ വിമാനതാവളത്തില്‍ തടഞ്ഞുവച്ച മുന്‍ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന് കാനഡ പ്രവേശനാനുമതി നല്‍കി

ടൊറന്റോ: കഴിഞ്ഞയാഴ്ച വിമാനതാവളത്തില്‍ തടഞ്ഞുവച്ച റിട്ടയേര്‍ഡ് സി.ആര്‍.പി.എഫ് ഓഫീസര്‍ക്ക് ഒടുവില്‍ കാനഡ പ്രവേശനാനുമതി നല്‍കി. ഇന്ത്യയില്‍ നിന്നുള്ള തേജീന്ദര്‍ സിംഗ് ദില്ലോണാണ് ലെസ്റ്റര്‍ ബി പിയേഴ്‌സണ്‍ എയര്‍പോര്‍ട്ട് വഴി രാജ്യത്തേയ്ക്ക് പ്രവേശിച്ചത്. മനുഷ്യാവകാശലംഘനങ്ങളും ലൈംഗിക പീഢനങ്ങളും കൊലകളും നടത്തിയ സൈനിക സംഘത്തില്‍ അംഗമായിരുന്നു എന്ന കാരണം പറഞ്ഞാണ് വാന്‍കൂവര്‍ വിമാനതാവളത്തില്‍ ദില്ലോണിനെ തടഞ്ഞത്. 2024 വരെ സാധുതയുള്ള കനേഡിയന്‍ വിസ റദ്ദാക്കുകയും അദ്ദേഹത്തെ ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു. 1984 ലെ സിക്ക് വിരുദ്ധ കലാപം വംശഹത്യയാണെന്ന പ്രമേയം ഒന്റാരിയോ അസംബ്ലി പാസാക്കാനിരിക്കെയാണ് ദില്ലോണിനെ വിമാതാവളത്തില്‍ തടഞ്ഞത്. ഇത് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ അസ്വാരസ്യങ്ങളുണ്ടാക്കിയിരുന്നു. 2010 ലാണ് ദില്ലോണ്‍ സി.ആര്‍.പി.എഫില്‍ നിന്നും വിരമിക്കുന്നത്. ടൊറന്റോ വിമാനതാവളത്തില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങള്‍ എത്തിയിരുന്നു.