മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി നിലകൊണ്ട അഭിഭാഷകര്‍ക്കെതിരെ നടപടിയെടുത്ത് ബാ‍ർ അസോസിയേഷൻ. മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി വിവിധ കേസുകളില്‍ ഹാജരായ ഒമ്പത് അഭിഭാഷകരെ ബാര്‍ അസോസിയേഷന്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

മുതിര്‍ന്ന അഭിഭാഷകന്‍ ശാസ്തമംഗലം അജിത് ഉള്‍പ്പെടെയുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ബാര്‍ അസോസിയേഷന്റേതാണ് നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി അസോസിയേഷന്‍ നോട്ടീസ് പുറത്തിറക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. നാളെ ചേരുന്ന ബാര്‍ അസോസിയേഷന്‍ ജനറല്‍ ബോഡിയില്‍ വിഷയം ചര്‍ച്ച ചെയ്യും.

advocates-suspended-notice

അഭിഭാഷകരായ കീര്‍ത്തി ഉമ്മന്‍ രാജന്‍, പേട്ട ജെ സനല്‍ കുമാര്‍, ശാസ്തമംഗലം എസ് അജിത്കുമാര്‍, ഷിഹാബുദീന്‍ കരിയത്ത്, ജിഎസ് പ്രകാശ്, പ്രദീപ് കുമാര്‍ ബി, ശ്രീജ ശശിധരന്‍, എസ് ജോഷി, എന്‍ ബിനു എന്നിങ്ങനെ ഒമ്പത് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. സര്‍ക്കാര്‍ പ്ലീഡര്‍ക്കെതിരായ പീഡന വാര്‍ത്ത പുറത്തുവിട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് ആധാരം. കൊച്ചിയില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. ജൂലൈ 14ന് രാത്രി എട്ടു മണിയോടെ സെന്റ് തെരേസാസ് കോളേജിനു സമീപം മുല്ലശ്ശേരി കനാലിനു സമീപമാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞു റോഡിലൂടെ നടന്നു പോവുകയായിരുന്ന തന്നെ ധനേഷ് മാത്യു കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി.

ഈ സംഭവം പുറത്തായതിനെ തുടര്‍ന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകെ ഹൈക്കോടതിയില്‍ അഭിഭാഷകര്‍ കൈയേറ്റം ചെയ്തു. പിന്നീട് സംസ്ഥാനത്തെ വിവിധ കോടതികളില്‍ കൈയേറ്റം തുടര്‍ന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു വിഭാഗം അഭിഭാഷകര്‍ കോടതികളില്‍ വിലക്കും ഏര്‍പ്പെടുത്തി. അത് ഇന്നും നിലനില്‍ക്കുന്നു.