തമിഴ്നാട്ടിലേക്കു പശുക്കളുമായിവന്ന സംഘത്തിനു ഗോസംരക്ഷകരുടെ ക്രൂരമര്‍ദനം

തമിഴ്നാട്ടിലേക്കു പശുക്കളുമായിവന്ന സംഘത്തിനു രാജസ്ഥാനില്‍ ഗോസംരക്ഷകരുടെ ക്രൂരമര്‍ദനം. പശുക്കളെ അനധികൃതമായി കടത്തുന്നുവെന്ന് ആരോപിച്ചാണു നൂറോളം പേർ ബർമർ ജില്ലയിൽ അക്രമം അഴിച്ചുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ടു നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 50 പേർ‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.

തമിഴ്‌നാട് മൃഗസംരക്ഷണ വകുപ്പ് ജയ്‌സാല്‍മീറില്‍നിന്നു വാങ്ങിയ പശുക്കളെ കൊണ്ടുവരികയായിരുന്ന ലോറികളാണു ഗോസംരക്ഷകര്‍ ദേശീയപാത–15ൽ തടഞ്ഞത്. തമിഴ്‌നാട് സര്‍ക്കാരിലെ ഉദ്യോഗസ്ഥരും ലോറിയിലുണ്ടായിരുന്നു. ലോറികൾ തടഞ്ഞ അക്രമിസംഘം ദേശീയപാതയിലെ ഗതാഗതം പൂർണമായും തടസപ്പെടുത്തി. വാഹനങ്ങൾക്കുനേരെ കല്ലെറിഞ്ഞു. പശുക്കളെ അനധികൃതമായി കടത്തുന്നുവെന്നായിരുന്നു ആരോപണം.

അഞ്ചു ട്രക്കുകളിലായാണു പശുക്കളെ കൊണ്ടുവന്നത്. എല്ലാ രേഖകളും സഹിതമാണു യാത്രയെന്നു അധികൃതർ പറഞ്ഞെങ്കിലും ഗോസംരക്ഷകർ വകവച്ചില്ല. സർക്കാർ ഉദ്യോഗസ്ഥരെയും ലോറി ഡ്രൈവർമാരെയും ക്ലീനർമാരെയും പശുസംരക്ഷകർ അക്രമിച്ചു. ട്രക്കിനു തീവയ്ക്കാനും ശ്രമമുണ്ടായി. അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചാണ് സംഘം അക്രമികളിൽനിന്നു രക്ഷപ്പെട്ടത്. പരുക്കേറ്റവർക്കു പ്രാഥമിക ചികിൽസ നൽകി.

എല്ലാവിധ അനുമതിപത്രങ്ങളോടെയാണു തമിഴ്സംഘം സഞ്ചരിച്ചതെന്നും എന്നാൽ അക്രമികൾ വാഹനങ്ങൾ തട‍ഞ്ഞു കല്ലേറു നടത്തുകയായിരുന്നെന്നും എസ്പി ഗഗൻദീപ് സിംഗ്ല പറഞ്ഞു. പശുക്കളെ താൽക്കാലിക ഷെൽട്ടറിലേക്കു മാറ്റി. അക്രമം ഗൗരവത്തിൽ എടുക്കാതിരുന്ന ഏഴു പൊലീസുകാർക്കെതിരെയും നടപടിയെടുത്തു. വിവരമറിഞ്ഞിട്ടും സംഭവസ്ഥലത്ത് എത്താൻ വൈകിയതിനാണ് നടപടിയെന്നും എസ്പി അറിയിച്ചു.