താങ്കളെ വിടില്ല; നമുക്ക് വീണ്ടും കാണാം! ലംബോദരനെ വെള്ളംകുടിപ്പിച്ച് വേണു

കൈയേറ്റം തെളിയിക്കാന്‍ വെല്ലുവിളിച്ച് ലംബോദരന്‍

മൂന്നാര്‍ കൈയേറ്റത്തെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ വിയര്‍ത്ത് മന്ത്രി മാണിയുടെ സഹോദരന്‍ എം.എം. ലംബോധരന്‍

300 ഏക്കര്‍ കൈയേറിയിട്ടില്ലെന്ന് ലംബോദരന്‍, കൈയേറിയത് 400 ഏക്കറെന്ന് ലേഖകന്‍

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കൈയേറ്റത്തെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ മന്ത്രി എം.എം. മണിയുടെ സഹോദരനും പാര്‍ട്ടി മുന്‍ ഏരിയ സെക്രട്ടറിയുമായ എം.എം. ലംബോദരനും വാര്‍ത്താ അവതാരകന്‍ വേണുബാലകൃഷ്ണനും നേര്‍ക്കുനേര്‍ വാക്‌പോര്.

എം.എം മണിയുടെ നാവ് ദോഷത്തെപ്പറ്റു നാട്ടുകാര്‍ക്ക് നന്നായി അറിയാം. ആരെ വിരട്ടാനും ആരെ വിലക്കാനും ആരെ അവമതിക്കാനും മണി തന്നെ ആശാന്‍. എന്നിട്ടും ആ നാവില്‍ നിന്ന് ഈ നാളുകളിലൊന്നും വരാത്ത നാമമാണ് ലബോദരന്‍. മണിയുടെ സ്വന്തം സഹോദരന്‍. ഇടുക്കിയിലെ കൈയ്യേറ്റ മാഫിയയുടെ പ്രതീകമാണ് ലബോദരന്‍ എന്ന് പലകുറി പരാമര്‍ശിക്കകപ്പെട്ടതാണ്. മൂന്നാറിലെ രാജാവെന്നും ലബോദരന്‍ വിശേഷിപ്പിക്കുന്നവരുണ്ട്.

ബൈസണ്‍വാലിയില്‍ രമ്യഹര്‍മ്യം, മുറ്റത്ത് മുഖശ്രീയായി ആഡംബരക്കാറുകള്‍, 58 ഏക്കര്‍ ഏലത്തോട്ടം, പിന്നെയും സ്വത്തുക്കള്‍ വേറെ. ലംബോദരന്റെ ലീലാവിലാസങ്ങള്‍ നിറഞ്ഞാടുകയാണ് മൂന്നാറില്‍. മന്ത്രിയായ മണി മറുപടി പറയേണ്ടേ എന്ന് പറഞ്ഞുകൊണ്ടായിരുന്നു അവതാരകന്‍ വേണു ചര്‍ച്ച ആരംഭിച്ചത്. മൂന്നാര്‍ ഒഴിപ്പിക്കല്‍ കാലത്ത് വി.എസിന്റെ പ്രൈവറ്റ് സ്റ്റാഫായിരുന്ന എ. സുരേഷ്, ബി.ജെ.പി വക്താവ് അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരും ലംബോദരനൊപ്പം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കല്‍ ദൗത്യം ആദ്യഘട്ടം പരാജയപ്പെടാന്‍ കാരണം ലംബോദരന്റെ ഇടപെടലാണെന്നും ഇപ്പോള്‍ രണ്ടാംഘട്ടത്തില്‍ അതിനെതിരെ പ്രവര്‍ത്തിക്കുന്ന പ്രമുഖ ശക്തി മന്ത്രി മണിയും ലംബോദരനും അടങ്ങുന്ന സംഘമാണെന്നും ആണോ എന്നതായിരുന്നു വേണുവിന്റെ ചര്‍ച്ചയുടെ കാതല്‍. മന്ത്രി മണി ഇതുവരെയും സഹോദരനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് ഒരുവാക്കുപോലും പറയാത്തത് എന്നതായിരുന്നു വേണുവിന്റെ സംശയം.

ആദ്യമൂന്നാര്‍ ദൗത്യം പരാജയപ്പെട്ടത് മൊബൈല്‍ ടവര്‍ സ്ഥിതിചെയ്തിരുന്ന ലംബോദരന് കൂടി പങ്കാളിത്തമുള്ള 15 സെന്റ് സ്ഥലം കണ്ടുകെട്ടിയപ്പോഴാണെന്ന് എ. സുരേഷ് ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഇച്ഛാശക്തിയില്ലാത്തതാണ് ഇത്തരം ദൗത്യങ്ങള്‍ പരാജയപ്പെടാന്‍ കാരണമെന്ന് അല്‍ഫോള്‍സ് കണ്ണന്താനം പറഞ്ഞു.

പിന്നീട് ലംബോദരനും വേണുവും പരസ്പരം നടത്തുന്ന വാക്‌പോരാണ് പ്രേക്ഷകര്‍ സാക്ഷിയായത്. മാധ്യമങ്ങള്‍ തന്നെയും കുടുംബത്തെയും അനാവശ്യമായി വേട്ടയാടുകയാണെന്നും തെറ്റായ വാര്‍ത്തകള്‍ നല്‍കി ഇന്ത്യയിലെ ഏറ്റവും വലിയ കൈയേറ്റക്കാരനായി തന്നെ ചിത്രീകരിക്കുകയാണെന്നും ലംബോദരന്‍ ആരോപിച്ചു.

ഇപ്പോള്‍ വിവാദമുണ്ടാക്കുന്നത് മണിയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് മാതൃഭൂമി ന്യൂസിലെ സൂപ്പര്‍ പ്രൈംടൈം ചര്‍ച്ചക്കിടെ ലംബോദരന്‍ പറഞ്ഞു. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണ കാലത്താണ് തന്നെ കയ്യേറ്റക്കാരനാക്കി ചിത്രീകരിച്ചതെന്നും യു.ഡി.എഫ് കാലത്ത് ശല്യമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വി.എസ് തന്നെ ബോധപൂര്‍വം വേട്ടയാടുകയായിരുന്നെന്നും ലംബോദരന്‍ ആരോപിച്ചു.

തന്റെ സഹോദരന്റെ രാഷ്ട്രീയ പ്രതിച്ഛായ തകര്‍ക്കാനായി തന്നെ കരുവാക്കിക്കൊണ്ടുള്ള അജണ്ടയാണ് ഇവിടെ നടപ്പാക്കപ്പെടുന്നത്. പാര്‍ട്ടിക്കുള്ളില്‍ കൊള്ള നടത്തിയതിന്റെ പേരില്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്താക്കിയതെന്നായിരുന്നു പത്ത് വര്‍ഷം മുന്‍പ് തന്നെക്കുറിച്ച് വിഎസ് പറഞ്ഞത്. അന്നു മുതല്‍ വി.എസ് തന്നെ വേട്ടയാടുകയാണ്.

തനിക്കിപ്പോഴുള്ള എല്ലാ സ്വത്തുക്കളും അധ്വാനിച്ച് ഉണ്ടാക്കിയതാണെന്നും അതിന്റെ പേരില്‍ ഉയരുന്ന എല്ലാ അന്വേഷണങ്ങളും നേരിടാന്‍ താന്‍ തയ്യാറാണെന്നും ലംബോധരന്‍ പറഞ്ഞു. എം.എം ലംബോധരന്‍ മൂന്നാറിലും മറ്റ് പ്രദേശങ്ങളിലും ഭൂമി കയ്യേറിയതായി വാര്‍ത്തകളുണ്ടായിരുന്നു. ഒന്നാം മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ സമയത്ത് എം.എം മണി കയ്യേറ്റത്തിനെതിരെ രംഗത്തെത്തിയിരുന്നത് സഹോദരനെ സംരക്ഷിക്കാനാണെന്നും ആരോപണം ഉണ്ടായിരുന്നു

താന്‍ കൈയേറ്റക്കാരനാണെങ്കില്‍ അത് തെളിയിക്കാന്‍ ലംബോദരന്‍ വെല്ലുവിളിച്ചു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വി.എസും സി.പി.ഐ മന്ത്രിമാരും ചേര്‍ന്നാണ് തന്നെ കൈയേറ്റക്കാരനായി ചിത്രീകരിച്ചത്. കൈയേറ്റത്തിന് തനിക്കെതിരെ കേസില്ലെന്നും അന്വേഷണം അട്ടിമറിക്കാന്‍ എം.എം. മണി ഇടപെട്ടെന്ന ആരോപണം മണിയുടെ പ്രതിച്ഛായ തകര്‍ക്കാനാണെന്നും സഹോദരന്‍ ലംബോദരന്‍ പറഞ്ഞു.

ചാനലില്‍ താന്‍ മുന്നൂറ് ഏക്കര്‍ കൈയേറിയെന്ന തെറ്റായ വാര്‍ത്ത എഴുതിക്കാട്ടുന്നതായിട്ടായിരുന്നു ലംബോദരന്റെ ക്ഷോഭം. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ലേഖകന്‍ ബിജു പങ്കജ് വാര്‍ത്തയില്‍ പിശകുണ്ടെന്ന് സമ്മതിച്ചു. ലംബോദരന്റെ കൈയേറ്റം വെറും 105 ഹെക്ടറല്ല, അനുബന്ധ വസ്തുക്കള്‍ കൂടി കണക്കിലെടുക്കാല്‍ 400 ഏക്കറിലധികം വരുമെന്നും ആധികാരിക രേഖകളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്തയെന്നും ലേഖകന്‍ വ്യക്തമാക്കി.