സെന്‍കുമാറിന് സര്‍ക്കാരിന്റെ താക്കീത്

തിരുവനന്തപുരം: ഉത്തരവ് അനുസരിക്കാത്ത പോലീസ് മേധാവിക്ക് സര്‍ക്കാരിന്റെ താക്കീത്. പേഴ്‌സനല്‍ സ്റ്റാഫിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട ഉത്തരവാണ് ടി.പി. സെന്‍കുമാര്‍ പാലിക്കാത്തത്. പേഴ്‌സനല്‍ സ്റ്റാഫ് അംഗത്തെ ചൊവ്വാഴ്ച തന്നെ മടക്കി അയയ്ക്കണമെന്ന് ഉത്തരവില്‍ പറയുന്നു. പേഴ്‌സണല്‍ സ്റ്റാഫിലെ എഎസ്‌ഐ അനില്‍കുമാറിനെ മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും കൂടെ നിര്‍ത്താന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പു സെക്രട്ടറിക്കു സെന്‍കുമാര്‍ കത്തു നല്‍കിയതിനു പിന്നാലെയാണു നടപടി.

സര്‍ക്കാര്‍- സെന്‍കുമാര്‍ തര്‍ക്കത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പുതിയ ഉത്തരവ്. പേഴ്‌സനല്‍ സ്റ്റാഫിലെ എഎസ്‌ഐ അനില്‍കുമാറിനെ സ്ഥലംമാറ്റി കഴിഞ്ഞമാസം 30നു പുറത്തിറക്കിയ ഉത്തരവില്‍ ഇന്നുതന്നെ, നടപടിവേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അസാധാരണ ഉത്തരവാണു പുറത്തിറങ്ങിയത്. ഇതോടെ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണു സെന്‍കുമാര്‍.

പേഴ്‌സനല്‍ സ്റ്റാഫ് അംഗത്തെ മാറ്റിയതില്‍ വിശദീകരണം തേടി സെന്‍കുമാര്‍ ആഭ്യന്തര സെക്രട്ടറിക്കു കത്തു നല്‍കിയിരുന്നു. സെന്‍കുമാറിന്റെ ആവശ്യം തള്ളിയ സര്‍ക്കാര്‍, പുതിയ ഉത്തരവില്‍ സ്വരം കടുപ്പിച്ചിട്ടുണ്ട്. പ്രത്യേക ഉത്തരവില്ലാതെയാണ് അനില്‍കുമാര്‍ ഡെപ്യൂട്ടേഷനില്‍ തുടരുന്നതെന്ന് അന്നു സര്‍ക്കാര്‍ ചൂണ്ടികാണിച്ചിരുന്നു. ഉത്തരവിലെ സൂചനകളില്‍ വ്യക്തത തേടിയായിരുന്നു ഡിജിപിയുടെ കത്ത്.

ജൂണ്‍ മുപ്പതിനാണു സെന്‍കുമാര്‍ വിരമിക്കുന്നത്. ഏറെക്കാലമായി സ്റ്റാഫിലുണ്ടായിരുന്ന എഎസ്‌ഐ അനില്‍കുമാര്‍, ഐഎംജി ഡയറക്ടറായി സെന്‍കുമാര്‍ പോയപ്പോഴും ഒപ്പമുണ്ടായിരുന്നു. പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിലെ വിവരങ്ങള്‍ കൈമാറണമെന്ന സെന്‍കുമാറിന്റെ ഉത്തരവു നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചതിനു തൊട്ടുപിന്നാലെയാണ് പുതിയ സര്‍ക്കാര്‍ ഉത്തരവും പൊലീസ് ആസ്ഥാനത്തെത്തിയത്.