ജോലി വാഗ്ദാനം നല്‍കി യുവതിയെ വിളിച്ചു വരുത്തി പീഡിപ്പിച്ച മുഖ്യപ്രതികളെ പിടികൂടി

തിരുവനന്തപുരം: ജോലി വാഗ്ദാനം നൽകി യുവതിയെ വിളിച്ചു വരുത്തി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതികളെ സിറ്റി ഷാഡോ പോലീസ് പിടികൂടി. ഒരു യുവതിയടക്കം ആറുപേരുള്ള സംഘത്തിലെ രണ്ടു പേരാണ് ഇപ്പോൾ പിടിയിലായത്.

മലയിൻകീഴ് തറട്ടവിള ലക്ഷം വീട് ഉത്രാടം നിവാസിൽ അഭി എന്ന അഭിലാഷ് (30) കഴക്കൂട്ടം നെഹ്റു ജംഗ്ഷനിൽ മണകാട്ട് വിളാകത്ത് വീട്ടിൽ ലാൽ എന്ന ഹരിലാൽ (39) എന്നിവരെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിതി കൃഷ്ണ എന്ന യുവതിയടക്കമുള്ള സംഘമാണ് ആര്യങ്കാവ് സ്വദേശിയായ യുവതിയെ വീട്ടുജോലി നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പീഡിപ്പിച്ചത്.

നിതികൃഷ്ണയാണ് യുവതിയുമായി ഫോണിൽ ബന്ധപ്പെട്ട് ജോലി നൽകാമെന്ന് അറിയിച്ചത്. കേശവദാസപുരത്ത് എത്താൻ പറഞ്ഞ ശേഷം കാറുമായി അവിടെയെത്തിയ സംഘം യുവതിയെ കയറ്റി നന്ദൻകോട്, പ്ലാമൂട്ടിലുള്ള ഫ്ലാറ്റിലെത്തിക്കുകയും അവിടെ തങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതി തിരികെ പോകണമെന്ന് വാശി പിടിച്ചപ്പോൾ ഭീഷണിപ്പെടുത്തി ബലാത്കാരമായി മുറിയിൽ പൂട്ടിയിട്ടു സംഘത്തിലെ നാലു പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.

പുറത്തുള്ളവരുമായി ബന്ധപ്പെടാതിരിക്കാനായി ഫോണും ഇവർ നശിപ്പിച്ചിരുന്നു.ബഹളമുണ്ടാക്കിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ കാറിൽ കയറ്റി കിംസ് ആശുപത്രിക്ക് സമീപമുള്ള ഫ്ലാറ്റിലും, പ്ലാമൂട്ടിലെ ഫ്ലാറ്റിലും പുറത്തുള്ള ആൾക്കാരെ വിളിച്ചു വരുത്തിയും പീഡിപ്പിച്ചു.

ഈ വിവരങ്ങൾ പുറത്ത് പറഞ്ഞാൽ വീട് അറിയാമെന്നും യുവതിയെയും കുഞ്ഞിനെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി വീണ്ടും മുറിയിൽ പൂട്ടിയിട്ടു. മുറിയിൽ ഉണ്ടായിരുന്ന ഫോണിൽ നിന്നും പോലീസ് കൺട്രോൾ റൂമിൽ യുവതി സഹായമഭ്യർഥിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് യുവതിയെ രക്ഷിച്ചത്.

ആറോളം പ്രതികളുള്ള കേ സിൽ നിതികൃഷ്ണയെയും ദീപക് എന്നയാളെയും നേരത്തേ പിടികൂടിയിരുന്നു. ഇവരെ പിടികൂടിയതറിഞ്ഞ് ഒളിവിൽ മാറി മാറി താമസിച്ച അഭിലാഷിനെയും ഹരിലാലിനെയും കഴക്കൂട്ടത്തുള്ള ഒളിസങ്കേതത്തിൽ നിന്നുമാണ് ഷാഡോ പോലീസ് സംഘം പിടികൂടിയത്.

ഡിസിപി അരുൾ ബി. കൃഷ്ണയുടെ നേതൃത്വത്തിൽ കൺട്രോൾ റൂം എസി വി. സുരേഷ് കുമാർ, മ്യൂസിയം സിഐ ജെ.കെ. ദിനിൽ, എസ്ഐ ചന്ദ്രബാബു, വനിത സിപിഒ മിനിമോൾ, ഷാഡോ എസ്ഐ സുനിൽ ലാൽ, ഷാഡോ ടീമംഗങ്ങൾ എന്നിവരാണ് അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നൽകിയത്.