എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ പതിനാറാമത് കുടുംബസംഗമം

ബെന്നി പരിമണം

ഷിക്കാഗോ: ദാമ്പത്യജീവിതത്തില്‍ സുവര്‍ണ്ണജൂബിലി പിന്നിട്ട ദമ്പതിമാര്‍ക്ക് ആദരവ് നല്‍കിക്കൊണ്ട് നടന്ന എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ പതിനാറാമത് കുടുംബസംഗമം അനുഗ്രഹനിറവില്‍ കൊണ്ടാടി.
ഈ അനുഗ്രസന്ധ്യയ്ക്കു മാറ്റുകൂട്ടുവാന്‍ വിവിധ സഭാ വിഭാഗങ്ങളിലെ പതിനഞ്ചോളം ദേവാലയങ്ങളില്‍ നിന്നായി അനേകം കുടുംബങ്ങള്‍ ഒന്നുചേര്‍ന്നപ്പോള്‍ കുടുംബ സംഗമസന്ധ്യ ക്രിസ്തുവില്‍ എല്ലാവരും ഒന്നാണെന്നുള്ള ഐക്യസന്ദേശം വിളിച്ചോതി. വൈവിധ്യമാര്‍ന്ന പരിപാടികളും, നയനമനോഹരമായ കലാസന്ധ്യയും അരങ്ങേറിയ കുടുംബ സംഗമം അവിസ്മരണീയമായ നിമിഷങ്ങള്‍ ഏവര്‍ക്കും സമ്മാനിച്ചു.

ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കുടുംബ സംഗമം സ്‌നേഹവിരുന്നോടെ ആരംഭിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി നാദവിസ്മയം തീര്‍ത്തുകൊണ്ട് ഒരുക്കിയ ചെണ്ടമേളം ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയയുടെ അധ്യക്ഷതയില്‍ ആരംഭിച്ച പൊതുസമ്മേളനത്തില്‍ പ്രാരംഭമായി വിശിഷ്ടാതിഥികളെ ജനറല്‍ കണ്‍വീനര്‍ ആന്റോ കവലയ്ക്കല്‍ വേദിയിലേക്ക് ക്ഷണിച്ചു. തുടര്‍ന്നു നടന്ന പ്രരംഭ പ്രാര്‍ത്ഥനയ്ക്ക് വെരി റവ. സ്കറിയ തേലപ്പള്ളില്‍ കോര്‍എപ്പിസ്‌കോപ്പ നേതൃത്വം നല്‍കി. കുടുംബസംഗമം ചെയര്‍മാന്‍ റവ.ഫാ. ഹാം ജോസഫ് സമ്മേളനത്തിന് എത്തിയ ഏവര്‍ക്കും സ്വാഗതം അരുളി. റവ. ഏബ്രഹാം സ്കറിയയുടെ അധ്യക്ഷ പ്രസംഗത്തിനുശേഷം റവ.ഫാ. മാത്യൂസ് ജോര്‍ജ് ഏക്യൂമെനിക്കല്‍ കുടംബ സംഗമത്തിന്റെ വിശിഷ്ടാതിഥിയും ഉദ്ഘാടകനുമായ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പുലിക്കോട്ടില്‍ തിരുമേനിയെ സദസിന് പരിചയപ്പെടുത്തി ഉദ്ഘാടനത്തിനു ക്ഷണിച്ചു. തുടര്‍ന്ന് അഭി. തിരുമേനി ഉദ്ഘാടന പ്രസംഗത്തിനുശേഷം ഭദ്രദീപം കൊളുത്തി പതിനാറാമത് എക്യൂമെനിക്കല്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. എക്യൂമെനിക്കല്‍ കൗണ്‍സില്‍ എല്ലാവര്‍ഷവും കേരളത്തിലെ ഭവന രഹിതര്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള ധനസഹായം ഈവര്‍ഷം അതിന് അര്‍ഹരായ ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച്, ഫ്രാങ്ക്ഫര്‍ട്ടിനു കൈമാറി. അഭി. യൂലിയോസ് തിരുമേനിയില്‍ നിന്നും ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ചിനെ പ്രതിനിധീകരിച്ച് ഡോ. മാത്യു സാധു, ഡോ. അന്നമ്മ സാധു എന്നിവര്‍ ചേര്‍ന്ന് ധനസഹായം സ്വീകരിച്ചു.

വിവാഹ ജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിട്ട ദമ്പതികളെ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ആദരിച്ചത് ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ അഭി. തിരുമേനിയിലൂടെ പൊന്നാട അണിയിച്ച്, ദാമ്പത്യത്തിന്റെ സുന്ദരമായ അമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയവരെ ആദരിക്കുകയും കൗണ്‍സില്‍ പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ കൗണ്‍സിലിന്റെ പാരിതോഷികം സമ്മാനിക്കുകയും ചെയ്തു. ഇരുപതില്‍പ്പരം ദമ്പതികള്‍ ഈ ആദരം ഏറ്റുവാങ്ങുവാന്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ടീന തോമസ് കുടുംബ സംഗമത്തിന്റെ സ്‌പോണ്‍സര്‍മാരെ സദസിന് പരിചയപ്പെടുത്തുകയും അഭി. തിരുമേനിയില്‍ നിന്നും സ്‌പോണ്‍സേഴ്‌സ് കൗണ്‍സിലിന്റെ ഉപഹാരം കൈപ്പറ്റുകയും ചെയ്തു. ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ് കുടുംബ സംഗമത്തിന് എത്തിച്ചേര്‍ന്നവര്‍ക്കും, വിവിധ രീതിയില്‍ സഹായിച്ചവര്‍ക്കും നന്ദി രേഖപ്പെടുത്തി. പൊതുസമ്മേളനത്തിന്റെ എം.സിമാരായി കുടുംബ സംഗമത്തിന്റെ കണ്‍വീനര്‍ ആന്റോ കവലയ്ക്കല്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബെഞ്ചമിന്‍ തോമസ് എന്നിവര്‍ പ്രവര്‍ത്തിച്ചു.

കുടുംബ സംഗമത്തിന്റെ സായാഹ്നത്തെ മാരിവര്‍ണ്ണങ്ങള്‍ അണിയിച്ചുകൊണ്ട് അരങ്ങേറിയ കലാവിരുന്ന് ഏവര്‍ക്കും ആഹ്ലാദത്തിന്റേയും നര്‍മ്മത്തിന്റേയും മനോഹര നിമിഷങ്ങള്‍ സമ്മാനിച്ചു. ഗാനങ്ങള്‍, സ്കിറ്റുകള്‍, നൃത്തങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ വിവിധ ദൈവാലയങ്ങളില്‍ നിന്നും അവതരിപ്പിച്ചു. ചിട്ടയായ ക്രമീകരണങ്ങളിലും, ജനപങ്കാളിത്തത്തിലെ വര്‍ദ്ധനവും മൂലം ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ഈവര്‍ഷത്തെ കുടുംബ സംഗമം മികവുറ്റതായി മാറി എന്നതില്‍ എല്ലാ കൗണ്‍സില്‍ അംഗങ്ങളും ഒരുപോലെ സന്തോഷം പങ്കുവെച്ചു.

മികച്ച അവതരണശൈലിയിലൂടെ സിനില്‍ ഫിലിപ്പ്, ടീന തോമസ് എന്നിവര്‍ കലാപരിപാടികളുടെ എം.സി മാരായി നേതൃത്വം നല്‍കി. സമ്മേളനത്തിന് എത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയകളായവര്‍ക്ക് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ സമ്മാനങ്ങള്‍ നല്‍കി. തുടര്‍ന്നു റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലിന്റെ പ്രാര്‍ത്ഥനയ്ക്കും ആശീര്‍വാദത്തിനും ശേഷം ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ പതിനാറാമത് കുടുംബ സംഗമത്തിന് പരിസമാപ്തിയായി.

കുടുംബസംഗമത്തിന്റെ വിജയകരമായ നടത്തിപ്പിന് റവ.ഫാ. ഹാം ജോസഫ് (ചെയര്‍മാന്‍), ഏലിയാസ് പുന്നൂസ് (കോ- ചെയര്‍മാന്‍), ആന്റോ കവലയ്ക്കല്‍ (ജനറല്‍ കണ്‍വീനര്‍), ബെഞ്ചമിന്‍ തോമസ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന 25 അംഗ സബ്കമ്മിറ്റിയോടും, കൗണ്‍സില്‍ ഭാരവാഹികളോടുമൊപ്പം നേതൃത്വം നല്‍കി.

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിന് രക്ഷാധികാരികളായി അഭി. മാര്‍ ജേക്കബ് അങ്ങാടിയത്ത്, അഭി. മാര്‍ ജോയി ആലപ്പാട്ട് എന്നിവരും, റവ. ഏബ്രഹാം സ്കറിയ (പ്രസിഡന്റ്), റവ.ഫാ. മാത്യൂസ് ജോര്‍ജ് (വൈ. പ്രസിഡന്റ്), ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (സെക്രട്ടറി), ടീന തോമസ് (ജോയിന്റ് സെക്രട്ടറി), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ട്രഷറര്‍) എന്നിവരും നേതൃത്വം നല്‍കുന്നു.

Newsimg3_65600922 Newsimg4_6671775 Newsimg5_15084269 (1) Newsimg7_40450949 Newsimg8_51314465 Newsimg9_48033915