കുമ്മനം കാണിച്ചത് അല്‍പ്പത്തരമാണെന്ന് കടകംപളളി സുരേന്ദ്രന്‍

തിരുവനന്തപുരം: മെട്രോ ഉദ്ഘാടന വേദിയിൽ ഇ.ശ്രീധരനെ പങ്കെടുപ്പിക്കുമെന്ന കേന്ദ്രത്തിന്റെ അറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിടും മുമ്പ് പ്രഖ്യാപിച്ച കുമ്മനത്തെ വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. കുമ്മനത്തിന്‍റെ പ്രഖ്യാപനം അല്പ്പത്തരമാണെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉൾപ്പെടുത്താം എന്ന കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് പ്രഖ്യാപിക്കുന്നതിന് മുൻപ് കുമ്മനം ഇക്കാര്യം പറയുന്നത് അല്പ്പത്തരമാണ്. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്താണ് കാര്യമെന്നും കടകംപള്ളി സുരേന്ദ്രൻ ചോദിച്ചു.

ഇ ശ്രീധരൻ, പ്രതിപക്ഷ നേതാവ്, പി.ടി.തോമസ് എം.എൽ.എ എന്നിവരെ കൂടി ഉൾപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചതിനെ തുടർന്നാണ് കേന്ദ്രം നടപടി സ്വീകരിച്ചത്. ഇത് അറിയിച്ച് കൊണ്ട് കേന്ദ്രം മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപിക്കും മുമ്പാണ് കുമ്മനം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

ഉദ്ഘാടന വേദിയിൽ പങ്കെടുത്ത് സംസാരിക്കാൻ സംസ്ഥാന സർക്കാർ നേരത്തെ നൽകിയ പട്ടികയിലും ഇ.ശ്രീധരന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരുണ്ടായിരുന്നു. പേരുകൾ വെട്ടിച്ചുരുക്കിയത് പുന:പരിശോധിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് സംസ്ഥാന ഗവർമെണ്ട് കത്തയച്ചു. അതിനെത്തുടർന്നാണ് ഇന്ന് മുഖ്യന്ത്രിയുടെ ഓഫീസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് വരികയായിരുന്നു.