ഗർഭം എന്നു തോന്നുമെങ്കിലും സംഗതി അതല്ല

ഷിബു ഗോപാലകൃഷ്ണൻ

കാലിഫോർണിയ 

തിരുനിർദേശങ്ങളിലെ ഒന്നാമത്തെ നിർദേശത്തെ കുറിച്ച് മാത്രം പ്രതിപാദിക്കാം, മറ്റുള്ളവ വിശദീകരിക്കാൻ പരിമിതികൾ ഉണ്ട്- ഇറച്ചി കഴിക്കരുത്. ഇലക്ട്രോണിക്സ് സിറ്റിയിൽ വിപ്രോ ഗേറ്റ് കഴിഞ്ഞാൽ അജ്‌മീരാ ഇൻഫിനിറ്റി എന്ന അന്നത്തെ താവളം എത്തുന്നതിനു മുന്പായി ഒയാസിസ് എന്ന് പേരുള്ള ഒരു ബാർ കം റെസ്റ്റോറന്റ് ഉണ്ടായിരുന്നു. അവിടുത്തെ ചിക്കൻ ഗ്രിൽ ആയിരുന്നു ഗർഭകാലത്തു ഭാര്യ ഏറ്റവും അധികം ആവശ്യപ്പെട്ടത്. സിനിമകളിലൊക്കെ കണ്ടത് പോലെ പച്ചമാങ്ങയും മസാലദോശയും ഇന്ന് ചോദിക്കും നാളെ ചോദിക്കും എന്നു കരുതി എന്നിലെ സ്നേഹനിധിയായ ഭർത്താവ് കാത്തു കാത്തിരുന്നെങ്കിലും ഭാര്യ അതുമാത്രം ചോദിച്ചില്ല. അരി വേവുന്നതുൾപ്പടെയുള്ള ചില അടുക്കളമണങ്ങൾ സൃഷ്ടിച്ച അപ്രതീക്ഷിത മനംപുരട്ടൽ നിമിത്തം അതിലും അപ്രതീക്ഷിതമായിട്ടാണ് എട്ടും പൊട്ടും തിരിയാത്ത എനിക്ക് അടുക്കള ഏറ്റെടുക്കേണ്ടി വന്നത്.

അച്ഛനമ്മമാരുടെ സ്നേഹം നാട്ടിലെത്തുന്പോഴും വീട്ടിലെത്തുന്പോഴും മാത്രമാണ്. അവർക്കെന്താ ഇങ്ങോട്ടു വന്നു സ്നേഹിച്ചാല് എന്നു പരിഭവിച്ചു നോക്കിയെങ്കിലും ഏറ്റില്ല. പാചകം എന്നത് വെറും വാചകമല്ല എന്നു തിരിച്ചറിഞ്ഞ ദിനങ്ങൾ. ഞാനും ഒരു പാചകവിദഗ്ധനെ ഗർഭം ധരിക്കുകയായിരുന്നു. ഗർഭകാലത്തെ എന്റെ പാചകപരീക്ഷണങ്ങൾ മാർക്കേസിന്റെ കോളറാകാലത്തെ പ്രണയത്തെയും തോൽപ്പിക്കുന്ന മാന്ത്രിക യാഥാർഥ്യങ്ങളുടേതായിരുന്നു. അങ്ങനെയിരിക്കെ, അത്യന്തം സമാധാനപൂർണമായി ഒരു ദിനം പുരോഗമിക്കെ, ഒരു വൈകുന്നേരം യാതൊരു പ്രകോപനവുമില്ലാതെ ഭാര്യ പറയുകയാണ് എനിക്കിപ്പോൾ കോഴിക്കോടൻ ദം ബിരിയാണി കഴിക്കണം, പാരഗൺ ആയാൽ അത്രയും നല്ലത്. ഭാര്യ കോഴിക്കോടുകാരി ആയാൽ ഗർഭകാലത്തു ഭർത്താക്കന്മാർക്ക് ഇങ്ങനത്തെ ചില വെല്ലുവിളികൾ ഒക്കെ നേരിടേണ്ടി വരും. തളരരുത് രാമൻകുട്ടീ തളരരുത് – ആരും കേൾക്കാതെ ഞാൻ എന്നോട് പറഞ്ഞു. ഒരു ചിക്കൻ ബിരിയാണി അല്ലേ ചോദിച്ചുള്ളൂ അല്ലാതെ കല്യാണ സൗഗന്ധികമൊന്നുമല്ലല്ലോ എന്ന ചോദ്യശരമേറ്റ് ഞാൻ പിടഞ്ഞു. പാരഡൈസ് ആയിരുന്നെങ്കിൽ സാധനം കോറമംഗലയിലോ കൊമേർഷ്യൽ സ്ട്രീറ്റിലോ കിട്ടും, ഇതിപ്പോ പാരഗൺ ആണ്! ഇതിലും ഭേദം കല്യാണസൗഗന്ധികമായിരുന്നു! അതായിരുന്നു ജീവിതത്തിലെ ആദ്യമായി ഉണ്ടാക്കിയ ബിരിയാണി.

പിന്നീടിന്നുവരെ ബിരിയാണി ഉണ്ടാക്കാൻ ആരും എന്നോട് ആവശ്യപ്പെട്ടിട്ടില്ല. എനിക്കു പോലും കഴിക്കാൻ പറ്റിയില്ല. അടുത്ത ദിവസം സ്കാനിങ്ങിനു സെന്റ് ജോൺസിൽ പോയപ്പോൾ ഫോറത്തിലെ കെഎഫ്സി ആയാലും മതി ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം എന്നു പറയുന്നതു വരെ ഒരു ഭർത്താവ് കടന്നുപോയ മാനസികവ്യഥകൾ ആയുഷിനു മനസ്സിലാവില്ല. ആയുഷിനത് മനസ്സിലാവണമെങ്കിൽ ആയുഷ് ഒരു കല്യാണം കഴിക്കണം. ഇങ്ങനെയൊരു സർക്കാർ ഇവിടെ വരുമെന്നും അന്നിങ്ങനെയൊക്കെ ആയിരിക്കും കാര്യങ്ങൾ എന്നും മുൻകൂട്ടി മനസ്സിലാക്കി ഒരു ഗർഭകാലത്തിനു കാരണം വഹിച്ച ഈ എന്നോട് ഭാര്യ ഇപ്പോൾ കാണിക്കുന്ന ചില ക്രൂരതകൾ അതിന്റെ പേരിലെങ്കിലും അടിയന്തിരമായി അവസാനിപ്പിക്കേണ്ടതാണ്. നോൺ വെജിനു ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എത്രയും വേഗം പിൻവലിക്കുക. കണ്ടാൽ രണ്ടുമാസം ഗർഭം എന്നൊക്കെ തോന്നുമെങ്കിലും സംഗതി അതല്ല, ഇത്തിരി വയറു ചാടിയതാണ്. മാത്രവുമല്ല നിർദേശങ്ങൾ വന്നിരിക്കുന്നത് ഗർഭിണികൾക്കാണ്. കുറച്ചു വയറു ചാടിയ ഗർഭമോ എന്നു സംശയം തോന്നിയേക്കാവുന്ന ഞങ്ങൾ പുരുഷ കേസരികൾക്കല്ല. പിൻവലിക്കുമല്ലോ?പിൻവലിക്കില്ലേ? പിൻവലിച്ചുകൂടെ?

18813336_1467572096668606_1020199541103654983_n