മദ്യ വ്യവസായം ഉപേക്ഷിച്ച് ബിജുരമേശ് ; ഇനി വിദ്യാഭ്യാസവും ഹോട്ടല്‍ ബിസിനസും മാത്രം

സംസ്ഥാനത്തെ വിവാദ മദ്യവ്യവസായി ബിജു രമേശ് മദ്യക്കച്ചവടത്തില്‍ നിന്നും പിന്മാറുന്നു. ഇനിയുള്ള കാലം നിലവിലുള്ള ബിയര്‍വൈന്‍ പാര്‍ലറുകളുമായി മുന്നോട്ടുപോകാനും, പുതിയ ബാറുകളൊന്നും ആരംഭിക്കേണ്ടതില്ലെന്നുമാണ് അദ്ദേഹത്തിന്റെ തീരുമാനം.

പുതിയ മദ്യനയം വന്നതോടെ ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള ബേക്കറി ജംഗ്ക്ഷനിലെ ഇന്ദ്രപുരിക്കും, സ്റ്റാച്യുവിലെ മൗര്യ രാജധാനിക്കും ബാര്‍ ലൈസന്‍സ് ലഭിക്കും. അതിനായുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാനായി മാനേജര്‍മാര്‍ സമീപിച്ചപ്പോള്‍ മദ്യക്കച്ചവടം വേണ്ടെന്നായിരുന്നു ബിജു രമേശിന്റെ മറുപടി.

പുതിയ മദ്യനയത്തിന്റെ പശ്ചാത്തലത്തില്‍ ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സുകള്‍ ലഭിക്കുമെങ്കിലും അതുവേണ്ടെന്നാണ് ബിജു രമേശിന്റെ തീരുമാനം. ഇനി മദ്യക്കച്ചവടത്തിനില്ലെന്നാണ് അദ്ദേഹം ഹോട്ടല്‍ മാനേജര്‍മാരെ അറിയിച്ചിരിക്കുന്നത്.

സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ ഇത്തരമൊരു തീരുമാനത്തില്‍ എത്തിയതെന്നായിരുന്നു ബിജു രമേശിന്റെ പ്രതികരണം. ഹോട്ടലുകള്‍ ആരംഭിച്ച പിതാവ് രമേശന്‍ കോണ്‍ട്രാക്ടര്‍ ഒരിക്കലും ബാര്‍ ലൈസന്‍സ് എടുത്തിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

28 വര്‍ഷം മുന്‍പാണ് ബിജു രമേശ് മദ്യക്കച്ചവടത്തിലേക്കിറങ്ങുന്നത്. അതിനു മുന്‍പും ശേഷവും കുടുംബത്തില്‍ നിന്ന് മറ്റാരും മദ്യക്കച്ചവടത്തിനിറങ്ങിയിട്ടില്ല. സ്വയം തീരുമാനിച്ചാണ് മദ്യക്കച്ചവടത്തില്‍ നിന്ന് പിന്മാറുന്നതെന്ന് ബിജു രമേശ് വ്യക്തമാക്കിയെങ്കിലും, മദ്യക്കച്ചവടം നല്ലതല്ലെന്ന മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ ഉപദേശവും അദ്ദേഹം ഓര്‍മ്മിക്കുന്നുണ്ട്.

മദ്യക്കച്ചവടത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചെങ്കിലും നിലവിലുള്ള ബിയര്‍വൈന്‍ പാര്‍ലറുകള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ബിയര്‍വൈന്‍ പാര്‍ലറുകള്‍ വേണ്ടെന്നുവെച്ചാല്‍ തൊഴിലാളികളെ പിരിച്ചുവിടേണ്ടി വരും. അതിനാലാണ് ഇവ തുടരാന്‍ തീരുമാനമെടുത്തിരിക്കുന്നത്.

ത്രീ സ്റ്റാര്‍ പദവി ലഭിച്ചാലും കിഴക്കേക്കോട്ടയിലെ രാജധാനിയില്‍ ബാര്‍ തുറക്കില്ല. കന്യാകുമാരിയില്‍ നിര്‍മ്മാണം നടക്കുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിലും, തമ്പാനൂരിലെ ചോള ഹോട്ടല്‍ പൊളിച്ച് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിലും ബാര്‍ ഉണ്ടാകില്ല.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെഎം മാണിക്കെതിരെ ബാര്‍ കോഴ ആരോപണം ഉന്നയിച്ചതോടെയാണ് ബിജു രമേശ് ശ്രദ്ധേയനാകുന്നത്. അതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ കെട്ടടങ്ങാതെ തുടരുന്നതിനിടെയാണ് മദ്യക്കച്ചവടത്തില്‍ നിന്നും പിന്മാറാന്‍ അദ്ദേഹം തീരുമാനമെടുത്തിരിക്കുന്നത്.