വിജയാഘോഷത്തിനിടെ പാക്കിസ്ഥാനില്‍ 15 കാരന്‍ വെടിയേറ്റു മരിച്ചു

കറാച്ചി: ചാമ്പ്യന്‍സ് ട്രോഫി വിജയാഘോഷത്തിനിടെ കറാച്ചിയില്‍ 15 കാരന്‍ വെടിയേറ്റ് മരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ആകാശത്തേക്ക് വെടിയുതിര്‍ത്തപ്പോള്‍ ലക്ഷ്യം തെറ്റി കുട്ടിയുടെ ശരീരത്തില്‍ കൊള്ളുകയായിരുന്നു. ആഘോഷത്തിനിടെ സയ്യിദ് ഹുസൈന്‍ റാസ സെയ്ദിയ്ക്കാണ് വെടിയേറ്റത്.
ഹുസൈനെ ഉടന്‍ തന്നെ കറാച്ചിയിലെ ജിന്ന പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ സെന്‍ട്രല്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സയ്യിദ് ഖാസിം റാസ സെയ്ദിയുടെ മൂത്ത മകനാണ് കൊല്ലപ്പെട്ട ഹുസൈന്‍.
വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് വെടിക്കെട്ട് കാണുന്നതിനിടെയാണ് ഹുസൈന് വെടിയേറ്റത്. വീടിനകത്തേക്ക് വരാന്‍ ഹുസൈനോട് പറഞ്ഞ് സയ്യിദ് തിരിഞ്ഞപ്പോഴേക്കും തനിക്ക് വെടിയേറ്റു എന്നു പറഞ്ഞ് ഹുസൈന്‍ കരയുകയായിരുന്നു. തുടര്‍ന്ന് ഹുസൈനുമായി ആശുപ്രതിയിലെത്തിയെങ്കിലും ഒരുപാട് രക്തം നഷ്ടപ്പെട്ടിരുന്നു. ആഘോഷത്തിനിടെ കറാച്ചിയില്‍ പന്ത്രണ്ടോളം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.