നോട്ട് ക്ഷാമം: സൂപ്പര്‍ താരങ്ങളുടെ ഉള്‍പ്പെടെ പ്രോജക്ടുകള്‍ അനിശ്ചിതത്വത്തില്‍

സാറ്റലൈറ്റ്, തിയേറ്റര്‍ അഡ്വാന്‍സ് നല്‍കുന്നില്ല

-ക്രിസ്റ്റഫര്‍ പെരേര-

നോട്ട് അസാധുവാക്കല്‍ പ്രതിസന്ധി കാരണം മലയാള സിനിമയില്‍ പ്ലാന്‍ ചെയ്തിരുന്ന പല പ്രോജക്ടുകളും ഉപേക്ഷിച്ചേക്കും. ഇപ്പോള്‍ ചിത്രീകരണം നടക്കുന്നവ സിനിമകള്‍ എങ്ങനെയും തിയേറ്ററിലെത്തിക്കാനുള്ള ശ്രമത്തിലാണ് നിര്‍മാതാക്കള്‍. പലരും മാര്‍വാഡികളില്‍ നിന്ന് പണം പലിശയ്ക്കെടുത്തും സാറ്റലൈറ്റ് അവകാശത്തിന്റെ പകുതി മുന്‍കൂര്‍ വാങ്ങിയുമാണ് ഷൂട്ടിംഗ് തുടങ്ങുന്നത്. ചിത്രീകരണം പകുതിയാകുന്നതോടെ സാറ്റലൈറ്റ് അവകാശത്തിന്റെ ബാക്കി ലഭിക്കും. പിന്നെ എ ക്ലാസ് തിയേറ്ററുകളില്‍ നിന്ന് 10 മുതല്‍ 25 ലക്ഷം രൂപ വരെ അഡ്വാന്‍സ് വാങ്ങും. ഇങ്ങിനെയൊക്കെയാണ് പ്രമുഖ നടന്‍മാരടക്കം സിനിമ നിര്‍മിക്കുന്നത്.

പുതിയ സാമ്പത്തിക പരിഷ്‌കരണത്തോടെ ചെറിയ തോതില്‍ മാന്ദ്യവും ഉണ്ടായിട്ടുണ്ട്. ചാനലുകളിലെ പരസ്യവരുമാനത്തിലും തിയേറ്ററുകളിലെ ക്ളക്ഷനിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. അതിനാല്‍ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളുടെ പോലും സാറ്റലൈറ്റ് അവകാശം മുന്‍കൂര്‍ വാങ്ങാന്‍ ചാനലുകള്‍ക്കാവില്ല. എല്ലാത്തിനും നിയന്ത്രണങ്ങള്‍ ഇപ്പോഴേ ഏര്‍പ്പെടുത്തി തുടങ്ങി. എ ക്ലാസ് തിയേറ്റര്‍ ഉടമകള്‍ വരുമാനത്തിന്റെ വിഹിതം ഏകപക്ഷീയമായി കൂട്ടിയതോടെ നിര്‍മാതാക്കള്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ ഇനി തിയേറ്റര്‍ അഡ്വാന്‍സും ലഭിക്കുന്ന കാര്യം സംശയമാണ്. മള്‍ട്ടിപ്ലക്സുകള്‍ അഡ്വാന്‍സ് നല്‍കാറുമില്ല.

നിര്‍മാണച്ചെലവ് അനുദിനം കൂടുകയാണ് അതിനാല്‍ ഇപ്പോഴത്തെ പ്രത്യേക സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് സൂപ്പര്‍താരങ്ങളുടെ ഉള്‍പ്പെടെ പ്രതിഫലം കുറയ്ക്കാന്‍ നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടേക്കും. മുമ്പ് താരസംഘടനയായ അമ്മ ഇത്തരത്തിലൊരു വിട്ട് വീഴ്ച നടത്തിയിരുന്നു. അന്ന് താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും 30 ശതമാനം വേതനം വെട്ടിക്കുറച്ചിരുന്നു. സൂപ്പര്‍ താരങ്ങള്‍ക്കും യുവനടന്‍മാരായ പൃഥ്വിരാജ്, ദുല്‍ഖര്‍, നിവിന്‍പോളി എന്നിവര്‍ക്ക് അഡ്വാന്‍സ് നല്‍കിയിരിക്കുന്ന നിര്‍മാതാക്കള്‍ തങ്ങള്‍ക്ക് കിട്ടിയ ഡേറ്റ് മറിച്ച് വില്‍ക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഇവ വാങ്ങാന്‍ എന്‍.ആര്‍.ഐക്കാരായ ചില പുതിയ നിര്‍മാതാക്കള്‍ തയ്യാറായിട്ടുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരാണ് ഇതിന് ഇടനില നില്‍ക്കുന്നത്.

അതേസമയം പ്രൊഡക്ഷനിലുള്ള ലൈറ്റ്ബോയിസ്, മെസ് ജീവനക്കാര്‍, ഡ്രൈവര്‍മാര്‍ എന്നിവരുടെ ദിവസക്കൂലിയും ബാറ്റയും കുറയ്ക്കണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടാല്‍ ഫെഫ്കയുടെ നേതൃത്വത്തില്‍ അവരും സമരത്തിനിറങ്ങിയേക്കും. അങ്ങനെയെങ്കില്‍ കാര്യങ്ങള്‍െൈ കെവിട്ട് പോകുന്ന അവസ്ഥയിലാകും. 2008ല്‍ ആഗോളസാമ്പത്തിക മാന്ദ്യം സംഭവിച്ചപ്പോള്‍ ഇത്തരമൊരു അവസ്ഥയിലെത്തിയിരുന്നു. പ്രൊഡക്ഷനിലുള്ളവര്‍ ബാറ്റാ കൂട്ടി ചോദിച്ചതിന് കഴിഞ്ഞ വര്‍ഷം നിര്‍മാതാക്കള്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ഇത് അനുസരിക്കാഞ്ഞ സംവിധായകന്‍ രഞ്ജിത്തിനെ നിര്‍മാതാക്കളുടെ സംഘടന പുറത്താക്കുക മാത്രമല്ല, ലീലയ്ക്ക് വിലക്കും ഏര്‍പ്പെടുത്തി. ഒടുവില്‍ കോടതി കയറിയാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ രഞ്ജിത് ചിത്രം തിയേറ്ററിലെത്തിച്ചത്.

ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കുന്നതോടെ ചെറിയ വേഷങ്ങളും ക്യാരക്ടര്‍ വേഷങ്ങളും ചെയ്യുന്നവരുടെ കാര്യം കഷ്ടമാകും. കാരണം വലിയ പ്രതിഫലമൊന്നും ഇവര്‍ക്ക് ലഭിക്കില്ല. ഉള്ളവരുമാനം കൂടി നിലയ്ക്കുന്നതോടെ കാര്യങ്ങള്‍ വഷളാകും. സൂപ്പര്‍താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കും പിന്നെ മറ്റ് കുറച്ച് നടന്‍മാര്‍ക്കും സ്റ്റേജ്ഷോകളും മറ്റും ലഭിക്കും. ചെറിയ ആര്‍ട്ടിസ്റ്റുകളെ അതിനും ആരും വിളിക്കാറില്ല. ചാനലുകളില്‍ ആങ്കറിംഗ് നടത്തുന്നത് തന്നെ ഏറെ ജനപ്രീയരായവരാണ്. ഇതെല്ലാം എങ്ങനെ തരണം ചെയ്യുമെന്ന ആശങ്കയിലാണ് മലയാള സിനിമാ ലോകം. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദിലീപ്, ദുല്‍ഖര്‍, നിവിന്‍ പോളി, ബിജുമേനോന്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ പ്രമുഖ നടന്‍മാരെല്ലാം അടുത്ത ഒന്നര വര്‍ഷത്തേക്കുള്ള അഡ്വാന്‍സാണ് വാങ്ങിയിട്ടുള്ളത്. ഈ പ്രോജക്ടുകളില്‍ പലതും മാറിപ്പോവുകയോ മുടങ്ങുകയോ ചെയ്യുമെന്നുറപ്പാണ്.