സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസമായി മഴ ശക്തമായി തന്നെ തുടരുന്നു. സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. അടുത്ത മൂന്നുദിവസം സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു.

അടുത്ത 24 മണിക്കൂറില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. തുടര്‍ന്ന് രണ്ട് ദിവസം മലബാര്‍ മേഖലയില്‍ മാത്രം മഴ ശക്തിപ്രാപിക്കും. തെക്കന്‍ ജില്ലകളില്‍ ഈ രണ്ട് ദിവസങ്ങളില്‍ മഴ താരതമ്യേന കുറവായിരിക്കും. കേരളത്തിലും ലക്ഷദീപിലും പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 45 55 കിലോമീറ്ററില്‍ വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, കാലവര്‍ഷം ശക്തമായതോടെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും മലയോര പ്രദേശങ്ങളില്‍ ഉള്ളവരും ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇന്നലെ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലും പാലക്കാട് ജില്ലയിലെ ആലത്തൂരിലുമാണ്.

12 സെന്റീമീറ്റര്‍ മഴയാണ് രണ്ട് ജില്ലകളിലും രേഖപ്പെടുത്തിയത്. എറണാകുളം ജില്ലയിലെ പിറവം, ഇടുക്കി ജില്ലയിലെ പീരുമേട്, തൊടുപുഴ, മൂന്നാര്‍, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ 11 സെന്റീമീറ്റര്‍ വീതം മഴയും രേഖപ്പെടുത്തി. ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ്, ചെങ്ങന്നൂര്‍, പത്തനംതിട്ട ജില്ലയിലെ കുരുടമണ്ണില്‍, തൃശൂര്‍ ജില്ലയിലെ കുന്നംകുളം എന്നിവിടങ്ങളില്‍ 10 സെന്റീമീറ്റര്‍ വീതവും മഴ രേഖപ്പെടുത്തി.

കോട്ടയം, വൈക്കം, പത്തനംതിട്ട ജില്ലയിലെ കോന്നി, തൃശൂര്‍ ജില്ലയിലെ വെള്ളാനിക്കര എന്നിവിടങ്ങളില്‍ ഒമ്പതു സെന്റീമീറ്റും മഴ ലഭിച്ചു. മാവേലിക്കര, ഇടുക്കി ജില്ലയിലെ മൈലാടുംപാറ കോട്ടയം ജില്ലയിലെ കോഴ, കോഴിക്കോട് ജില്ലയിലെ വടകര, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, അങ്ങാടിപ്പുറം, പാലക്കാട്, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ എട്ട് സെന്റീമീറ്ററും മഴ രേഖപ്പെടുത്തി.

കാസര്‍ഗോഡ് ജില്ലയിലെ കുടുലു, കൊല്ലം ജില്ലയിലെ ആര്യന്‍കാവ്, പുനലൂര്‍, കോട്ടയം ജില്ലയിലെ കുമരം, കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി മലപ്പുറം ജില്ലയില്‍ മഞ്ചേരി പാലക്കാട് ജില്ലയിലെ മണര്‍കാട്, കൊല്ലങ്ങോട്, തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ ഏഴ് സെന്റീമീറ്ററും മഴ രേഖപ്പെടുത്തി.