മോദിസര്‍ക്കാര്‍ വന്നതിന് ശേഷം മുസ്ലിംകളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ വര്‍ദ്ധിച്ചെന്ന് റിപ്പോര്‍ട്ടുകള്‍

ബീഫിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ നടന്ന ആക്രമണങ്ങളില്‍ പകുതിയിലധികവും മുസ്ലിംകള്‍ക്കെതിരേ ആയിരുന്നു. ഇക്കാലയളവില്‍ മൊത്തം 63 ആക്രമണങ്ങളാണ് ബീഫിന്റെ പേരിലുണ്ടായത്.

ഇതില്‍ 28 പേരാണ് കൊല്ലപ്പെട്ടതെന്നും ഇഗ്ലീഷ് മാധ്യമങ്ങളുടെ കണ്ടന്റ് അനാലിസിസ് വിഭാഗമായ ഇന്ത്യാസ്‌പെന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ആക്രമണങ്ങളില്‍ 97 ശതമാനവും നടന്നത് നരേന്ദ്ര മോദി പ്രധാനമന്ത്രി ആയ ശേഷമാണ്. 32 ആക്രമണങ്ങള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2017 ജൂണ്‍ 25 വരെയുള്ള കണക്കുകളാണ് ഇന്ത്യാസ്‌പെന്റ് പുറത്തുവിട്ടിരിക്കുന്നത്.

ഏഴ് വര്‍ഷത്തിനിന്റെ ബീഫ് വിഷയത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 24 പേരും മുസ്ലിംകളാണ്. 124 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നടന്ന ആക്രമണങ്ങളില്‍ പകുതിയിലധികവും ആരോപണങ്ങളുടെ പേരിലായിരുന്നു. യാഥാര്‍ഥ്യം മനസിലാക്കാതെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

പശുവിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് ഇന്ത്യാസ്‌പെന്റ് പുറത്തുവിടുന്നത്. ദേശീയതലത്തില്‍ സര്‍ക്കാരിന്റെ പക്കല്‍ ഇതുമായി ബന്ധപ്പെട്ട ഒരു സമഗ്ര റിപ്പോര്‍ട്ടില്ല. ഈ വര്‍ഷം പശുവിന്റെ പേരിലുണ്ടായ ആക്രമണങ്ങള്‍ 20 എണ്ണമാണ്. 2016നേക്കാള്‍ 75 ശതമാനം അധികമാണിത്.