വ്യാപാരിയുടെ കൈ വെട്ടിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

പൊലീസ് പിടികൂടിയ മട്ടാഞ്ചേരി സ്വദേശി മൊഹസിന്‍, ഫോര്‍ട്ട്‌കൊച്ചി സ്വദേശി ഫ്‌ളോറി സേവ്യര്‍ എന്നിവര്‍.

പള്ളുരുത്തി: ഇടക്കൊച്ചിയില്‍ വസ്ത്ര വ്യാപാരിയുടെ കൈ വെട്ടിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. ഫോര്‍ട്ട്‌കൊച്ചി വെളി പുത്തന്‍പാടത്ത് വീട്ടില്‍ സേവ്യറിന്റെ ഭാര്യ ഫ്‌ളോറി (61), മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് മാമ്മുസുര്‍ക്ക പള്ളിക്ക് സമീപം താമസിക്കുന്ന ഹസൈനാരുടെ മകന്‍ മൊഹസിന്‍ (27) എന്നിരാണ് ഇന്നലെ പോലീസിന്റെ പിടിയിലായത്. ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം ഏഴായി.

ക്വട്ടേഷന്‍ നല്‍കിയ സംഘത്തലവന്‍ തലശ്ശേരി സ്വദേശി മുഹസിന്‍, ആക്രമണം നടത്തിയ നാലംഗ സംഘത്തിലെ നാലാമന്‍ നിമേഷ്, ക്വട്ടേഷന്‍ ഏറ്റെടുത്ത ഫോര്‍ട്ട്‌കൊച്ചി മാന്ത്ര സ്വദേശി ടിന്റു എന്നു വിളിക്കുന്ന നിക്‌സണ്‍ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.

ഒളിവില്‍ കഴിയുന്ന ടിന്റു എന്ന നിക്‌സന്റെ മാതാവാണ് അറസ്റ്റിലായ ഫ്‌ളോറി സേവ്യര്‍. ആക്രമണം നടത്തിയ പ്രതികള്‍ക്ക് വേണ്ട സഹായവും ചെയ്തു കൊടുത്തത് ഇവരാണെന്ന് പോലീസ് പറയുന്നു.സംഭവത്തിന് മുമ്പും ശേഷവും പ്രതികള്‍ താമസിച്ചിരുന്നത് ഫ്‌ളോറി താമസിക്കുന്ന വീട്ടിലാണ്. മൊഹസിനും നിക്‌സനും ചേര്‍ന്നാണ് ക്വട്ടേഷന്‍ ഏര്‍പ്പാട് ചെയ്തത്.

ഏലൂര്‍ മഞ്ഞുമ്മല്‍ കൂനംപറമ്പ് രാധാകൃഷ്ണന്‍ (ആശാന്‍ 36 ), ചേരാനെല്ലൂര്‍ മൂലയ്ക്കാപ്പള്ളി ഉണ്ണി എന്ന് വിളിക്കുന്ന ഷിജിത്ത് (35), ഏലൂര്‍ ആഞ്ഞിലിക്കാട് വിനു (28) എന്നിവരെ പള്ളുരുത്തി സി.ഐ കെ.ജി അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൈസൂര്‍ പാണ്ഡവപുരത്ത് നിന്ന് തിങ്കളാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ പിടിയിലായ ജിനാസ് (30) ബിജിന്‍ (31) എന്നിവര്‍ റിമാന്റിലാണ്. ഇരുപത് ലക്ഷം രൂപയ്ക്കാണ് ബാലസുബ്രഹ്മണ്യത്തെ കൊലപ്പെടുത്തുവാനുള്ള ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ എറ്റെടുത്തതെന്ന് പോലീസ് പറഞ്ഞു.

തലശ്ശേരി സ്വദേശി മുഹസിന്റെ സിഗരറ്റ് പിടികൂടുന്നതിന് റവന്യു അധികൃതര്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയത് ബാലസുബ്രഹ്മണ്യമാണെന്നും ഇതിന്് ഇനാം ലഭിച്ചിട്ടുണ്ടെന്നും മനസിലാക്കിയതിനെ തുടര്‍ന്നാണ് മുഹസിന്‍ ബാലസുബ്രഹ്മണ്യത്തെ കൊലപ്പെടുത്തുവാന്‍ ക്വാട്ടേഷന്‍ നല്‍കിയത്. മട്ടാഞ്ചേരി അസി.കമ്മീഷണര്‍ എസ്.വിജയന്‍ പള്ളുരുത്തി സി.ഐ കെ.ജി അനീഷ്, എസ്.ഐ വിമല്‍ എന്നിവരടങ്ങുന്ന 15 അംഗ ് സംഘമാണ് അന്വേഷണം നടത്തുന്നത്.