നിംസിന്റെ പുതിയ തട്ടിപ്പും പുറത്ത്; 12 കോടിയുടെ കെട്ടിടം നൂറുല്‍ ഇസ്ലാം ട്രസ്റ്റ് തട്ടിയെടുത്തു (INVESTIGATION)

നിംസിനെതിരെ വിവിധ കോടതികളില്‍ സാമ്പത്തിക തട്ടിപ്പിന് കേസ്

-നിയാസ് മെഹര്‍, ദി വൈഫൈ റിപ്പോര്‍ട്ടര്‍-

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ സ്ഥാപനമായ നൂറുല്‍ ഇസ്ലാം എജുക്കേഷന്‍ ട്രസ്റ്റിന്റെ ഉടമസ്ഥരുടെ പുതിയ തട്ടിപ്പും പുറത്ത്. തിരുവനന്തപുരം പുളിമൂട് ജംഗ്ഷനിലുള്ള കാര്യത്ത് ടവര്‍ ഉടമയായ ഷൈജു താഹയെ വഞ്ചിച്ച് 12 കോടിയുടെ കെട്ടിടം തട്ടിയെടുത്തതായി പരാതി. കോടതിയില്‍ പരാതി നല്‍കിയതിന് പ്രതികാരമായി നിംസ് ചെയര്‍മാന്‍ മജീദ്ഖാനും നിംസ് എം.ഡിയായ ഫൈസല്‍ഖാനും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായും ഷൈജു താഹ ദി വൈഫൈ റിപ്പോര്‍ട്ടറോട്. വന്‍തോതില്‍ പരസ്യം കൊടുക്കുന്നതുകൊണ്ട് മറ്റുള്ള മാധ്യമങ്ങള്‍ മുക്കിയ വാര്‍ത്ത ദി വൈഫൈ റിപ്പോര്‍ട്ടര്‍ പുറത്തുവിടുന്നു.

സംഭവം ഇങ്ങനെ: കൊല്ലം സ്വദേശിയായ ഷൈജുതാഹ വര്‍ഷങ്ങളായി വിദേശത്ത് തൊഴില്‍ ചെയ്യുന്ന വ്യക്തിയാണ്. ഇദ്ദേഹത്തിന്റെ പേരില്‍ തിരുവനന്തപുരം പുളിമൂട് ജംഗ്ഷനിലെ കാര്യത്ത് ടവര്‍ എന്ന കെട്ടിടമാണ് നൂറുല്‍ ഇസ്ലാം ട്രസ്റ്റ് ഭാരവാഹികളായ മജീദ്ഖാനും ഫൈസല്‍ഖാനും തട്ടിയെടുത്തത്. ഷൈജുവിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്ന ഒരവസരത്തില്‍ നിംസിന്റെ ഉടമകളായ മജീദ്ഖാനില്‍ നിന്നും രണ്ടുകോടി അമ്പതുലക്ഷം രൂപ കടമായി വാങ്ങിയിരുന്നു.

ഷൈജു താഹ (പരാതിക്കാരന്‍)
ഷൈജു താഹ (പരാതിക്കാരന്‍)

ഈ പണത്തിന് ജാമ്യമായി കാര്യത്ത് ടവര്‍ എന്ന കെട്ടിടം ഷൈജുവില്‍ നിന്ന് എഴുതിവാങ്ങി. പലിശയായി ഈ ടവറിന്റെ രണ്ട് നിലയില്‍ നിന്ന് കിട്ടുന്ന വാടകവരുമാനം മജീദ്ഖാനും ബാക്കി കെട്ടിട വരുമാനം ഉടമസ്ഥനായ ഷൈജുതാഹ കൈകാര്യം ചെയ്യും എന്ന ഉറപ്പിന്‍മേലാണ് ഷൈജുതാഹ പണംകൈപ്പറ്റിയത്. എന്നാല്‍ കൈപ്പറ്റിയ പണം തിരികെ നല്‍കാമെന്നും കെട്ടിടം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ അതിന് സാധ്യമില്ലെന്നും വാങ്ങിയ രണ്ടരക്കോടിക്ക് പുറമേ പലിശയായി ഒരുകോടി രൂപ ഉള്‍പ്പെടെ മൊത്തം മൂന്നരക്കോടി രൂപ നല്‍കണമെന്നാണ് മജീദ്ഖാന്റെ ആവശ്യം.

ഇതിനെത്തുടര്‍ന്നാണ് ഷൈജുതാഹ തിരുവനന്തപുരം കോടതിയെ സമീപിച്ചത്. TVPM Sub court II O.S No. 76/2017 പ്രകാരം ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കോടതി കമ്മീഷനെ നിയമിച്ച് അന്വേഷണം ആരംഭിച്ചു.
കമ്മീഷന്‍ അന്വേഷണം നടത്തിയതില്‍ ഷൈജുതാഹയുടെ പരാതിയില്‍ സത്യം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

എന്നാല്‍ നിംസിന്റെ എം.ഡിയായ ഫൈസല്‍ഖാനും ഗുണ്ടകളും ചേര്‍ന്ന് ഈ കെട്ടിടത്തിന്റെ പൂട്ടുകള്‍ തകര്‍ക്കുകയും അനധികൃതമായി പ്രവേശിക്കുകയും ചെയ്തു.

തുടര്‍ന്ന് ഈ കെട്ടിടത്തിലെ വാടകക്കാരനായ സറാഫത്ത് തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. നിംസ് എം.ഡി ഫൈസല്‍ ഖാന്‍ ഒന്നാം പ്രതിയും നിംസിലെ തൊഴിലാളിയായ മുരളിയെ രണ്ടാംപ്രതിയും കണ്ടാല്‍ അറിയുന്ന ഒമ്പുതുപേരെയും പ്രതിയാക്കിയാണ്് സറാഫത്ത് പരാതി നല്‍കിയത്. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം കാരണം പ്രതിപ്പട്ടികയില്‍ നിന്ന് നിംസിന്റെ എം.ഡി ഫൈസല്‍ഖാന്റെ പേര് ഒഴിവാക്കുകയും പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുക പോലും ചെയ്യാതെ മുരളിയുടെയും കണ്ടാല്‍ അറിയാവുന്ന ഒമ്പതുപേര്‍ക്കെതിരെയും മാത്രമാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത്. FIR No. 886/17 ആണ് ഈ എഫ്.ഐ.അര്‍ നമ്പര്‍.

നിംസ് ഉടമകള്‍ കൈയേറി വെച്ചിരിക്കുന്ന കെട്ടിടം
നിംസ് ഉടമകള്‍ കൈയേറി വെച്ചിരിക്കുന്ന കെട്ടിടം

പരാതിയുടെ അടിസ്ഥാനത്തില്‍ തമ്പാനൂര്‍ എസ്.ഐ നടത്തിയ സത്യസന്ധമായ അന്വേഷണത്തില്‍ ഫൈസല്‍ഖാനെതിരെ കുറ്റംബോധ്യപ്പെട്ടിരുന്നെങ്കിലും ഉന്നതങ്ങളില്‍ നിന്നുണ്ടായ ഇടപെടലുകള്‍ കാരണം ഫൈസല്‍ഖാന്റെ പേര് എഫ്.ഐ.ആറില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇതോടെ തമ്പാനൂര്‍ എസ്.ഐയുടെ അന്വേഷണം അട്ടിമറിക്കപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരുടെ നിലപാടുകാരണമാണ് പരാതിക്കാരന്‍റെ മൊഴിപോലും രേഖപ്പെടുത്താതെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഇപ്പോള്‍ കോടതിയെയും പോലീസിനെയും ധിക്കരിച്ച് നിംസിന്റെ ഗുണ്ടകള്‍ ഈ കെട്ടിടം കൈയേറിയിരിക്കുകയാണെന്ന് ഷൈജു താഹ ദി വൈഫേ റിപ്പോര്‍ട്ടറോട് പറഞ്ഞു.

നിംസിന്റെ ചെയര്‍മാനായ മജീദ്ഖാനെതിരെ ഇതിന് മുമ്പും നിരവധി പരാതികളാണ് സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. എന്നാല്‍ ഇതൊക്കെ മാധ്യമങ്ങള്‍ അവഗണിച്ചതിനാല്‍ പുറംലോകം അറിഞ്ഞിരുന്നില്ല.
പ്രവാസിയായ നൂറുദ്ദീന്‍ എന്ന വ്യക്തിയില്‍ നിന്നും പണം വാങ്ങി തിരികെ നല്‍കാതെ വഞ്ചിച്ചതായ പരാതി തിരുവനന്തപുരം വഞ്ചിയൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നേരത്തെ തന്നെ നിലവിലുണ്ട്. കുടാതെ പൂജപ്പൂര പോലീസില്‍ സമര്‍പ്പിച്ച പരാതിയില്‍ 1441/2016ാം നമ്പരായി എഫ്.ഐ.ആറും നിലവിലുണ്ട്. നൂറുദ്ദീന്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 29ന് കോടതി വാദം കേട്ടു. അഡ്വ. രാജീവ് രാജധാനി, അഡ്. രാജേശ്വരി എന്നിവര്‍ മുഖേനയാണ് നൂറുദ്ദീന്‍ കോടതിയെ സമീപിച്ചത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച അറ്റാച്ച്‌മെന്റ് വിധി റദ്ദാക്കണമെന്നായിരുന്നു നിംസിനുവേണ്ടി ഹാജരായ വക്കീല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പണം വാങ്ങിയതിന് തെളിവായി നല്‍കിയ ബാങ്ക് ചെക്കിനെക്കുറിച്ചുചോദിച്ചപ്പോള്‍ നിംസിന്റെ വക്കീലിന് മറുപടി ഇല്ലായിരുന്നു. നൂറുദ്ദീന്റെ വാദങ്ങളില്‍ സത്യമുണ്ടെന്ന ബോധ്യപ്പെട്ട കോടതി. കൂടുതല്‍ വാദം കേള്‍ക്കാനായി ജൂലൈ അഞ്ചിലേക്ക് മാറ്റിവെച്ചു.

കൂടാതെ സൗദിയിലെ വ്യവസായ വ്യക്തിയില്‍ നിന്നും 50 ലക്ഷം രൂപ വാങ്ങി തിരികെ നല്‍കാതെ കബളിപ്പിച്ചതായി നെടുമങ്ങാട് കോടതിയില്‍ പരാതി നിലവിലുണ്ട്. അതുപോലെ മാഹിയിലെ ജയകൃഷ്ണന്‍ എന്ന വ്യക്തിയില്‍ നിന്ന് കോടികള്‍ വാങ്ങി തിരികെ നല്‍കിയില്ലെന്ന ആരോപണവും നിലവിലുണ്ട്.
ഇങ്ങനെ ദിവസംതോറും നിംസിന്റെ തട്ടിപുകളുടെ പുതിയ കഥകള്‍ പുറത്തുവരികയാണ്. ഇതില്‍ പലതും കോടതിയില്‍ കേസ് നടക്കുകയും പോലീസ് ഏജന്‍സികളുടെ അന്വേഷണത്തില്‍ ഉള്‍പ്പെട്ടിരിക്കുകയും ആണ്. എങ്കിലും തങ്ങളുടെ സാമ്പത്തിക സ്വാധീനം ഉപയോഗിച്ച് മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടുകയാണ് നിംസിന്റെ ഉടമകള്‍. നിംസിന്റെ തട്ടിപ്പുകളെക്കുറിച്ച് കൂടുതല്‍ വാര്‍ത്തകള്‍ ദി വൈഫൈ റിപ്പോര്‍ട്ടറില്‍ വരുംദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്.