141 ബാറുകള്‍ ഞായറാഴ്ച തുറക്കും

കേരളസര്‍ക്കാരിന്റെ പുതിയ മദ്യനയമനുസരിച്ച് സംസ്ഥാനത്തെ 141 ബാറുകള്‍ മറ്റന്നാള്‍ തുറക്കും. മദ്യനയം നിലവില്‍വരുന്ന നാളെ ഡ്രൈഡേ ആയതിനാലാണു ബാറുകള്‍ പിറ്റേന്നു തുറക്കുന്നത്.

സുപ്രീം കോടതി വിധിപ്രകാരം ദേശീയ-സംസ്ഥാനപാതകളില്‍നിന്നുള്ള ദൂരപരിധി പാലിക്കുന്ന ബാറുകളാണു തുറക്കുന്നത്. ഇതില്‍ പഞ്ചനക്ഷത്രപദവിയുള്ള അഞ്ചെണ്ണമുണ്ട്. 72 ത്രീസ്റ്റാര്‍, 64 ഫോര്‍സ്റ്റാര്‍ ഹോട്ടലുകളും ബാറുകളാകും. 2013-14 വര്‍ഷം ബാര്‍ ലൈസന്‍സ് ഉണ്ടായിരുന്നവയാണ് ആദ്യഘട്ടത്തില്‍ തുറക്കുന്നത്. ഇവയെല്ലാം നിലവില്‍ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളാണ്. 2014-ല്‍ യു.ഡി.എഫ്. സര്‍ക്കാരാണു പഞ്ചനക്ഷത്രപദവിയുള്ളവ ഒഴികെ സംസ്ഥാനത്തെ ബാറുകള്‍ പൂട്ടിയത്.

പകരം ഇവ ബിയര്‍-വൈന്‍ പാര്‍ലറുകളായെങ്കിലും ദൂരപരിധി നിയമത്തില്‍ കുടുങ്ങി കഴിഞ്ഞ മാര്‍ച്ച് 31-നുശേഷം മിക്കതും പൂട്ടി.മറ്റന്നാള്‍ ഏറ്റവും കൂടുതല്‍ ബാറുകള്‍ തുറക്കുക എറണാകുളം ജില്ലയിലാണ്. രണ്ടാമതു തൃശൂരും മൂന്നാമതു തിരുവനന്തപുരവും. നക്ഷത്രപദവി ക്ലാസിഫിക്കേഷന്‍ സമയപരിധി കഴിഞ്ഞതും നിലവില്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതും മുമ്പു ബാറുകളായിരുന്നതും ഉള്‍പ്പെടെ ഏകദേശം 120 റസ്റ്റൊറന്റുകള്‍കൂടി ബാറുകള്‍ തുറക്കാനുള്ള തയാറെടുപ്പിലാണ്. വിനോദസഞ്ചാരവകുപ്പിന്റെ മേഖലാ ഓഫീസുകളാണു പരിശോധന നടത്തി ത്രീ സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്.

ഫോര്‍ സ്റ്റാറിനു വിനോദസഞ്ചാരവകുപ്പിന്റെ ഡല്‍ഹി ഓഫീസില്‍നിന്നാണു പരിശോധന.
ദൂരപരിധി നിയമം മൂലം പൂട്ടിയ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന താലൂക്കില്‍തന്നെ മാറ്റിസ്ഥാപിക്കാന്‍ അനുമതിയുണ്ട്. നിരാശരായിരുന്ന പല ബിയര്‍ പാര്‍ലര്‍ ഉടമകളും ഇതോടെ പുതിയ സ്ഥലത്തിനായി പരിശ്രമം തുടങ്ങി. സംസ്ഥാന വിനോദസഞ്ചാരവകുപ്പ് നിഷ്‌കര്‍ഷിക്കുന്ന വണ്‍സ്റ്റാര്‍ റസ്റ്റൊറന്റ് നിലവാരമാണു യോഗ്യത. ദൂരപരിധി വിഷയം ജൂലൈ രണ്ടാംവാരം സുപ്രീം കോടതി പരിഗണിക്കും.

പാലക്കാട് ജില്ലയില്‍ 27 ബാറുകളാണു പൂട്ടിയത്. ഇതില്‍ ക്ലാസിഫിക്കേഷനുള്ള ഒമ്പതെണ്ണത്തില്‍ ഏഴെണ്ണം ആദ്യഘട്ടത്തില്‍ തുറക്കും. മറ്റു രണ്ടെണ്ണം ബിയര്‍ പാര്‍ലറുകളാണെങ്കിലും നേരത്തേ ബാര്‍ ലൈസന്‍സ് ഇല്ലാത്തവയാണ്. പാലക്കാട് നഗരത്തില്‍ മൂന്നും ഒറ്റപ്പാലത്തു രണ്ടും കൊല്ലങ്കോട്, ചെര്‍പ്പുളശ്ശേരി എന്നിവിടങ്ങളില്‍ ഓരോ ബാറുകളുമാണു തുറക്കുക. ജില്ലയില്‍ ക്ലാസിഫിക്കേഷന്‍ പൂര്‍ത്തിയാക്കി പന്ത്രണ്ടോളം ബാറുകള്‍കൂടി ഉടന്‍വരും.