നടി ആക്രമിക്കപ്പെട്ട കേസ്, സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി

ശക്തമാകുകയാണ്. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ വീണ്ടും കോടതിയില്‍ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി പറഞ്ഞു. കോടതിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോടാണ് പള്‍സര്‍ സുനി ഇക്കാര്യം പറഞ്ഞത്.

അഡ്വ ബിഎ ആളൂരാണ് പള്‍സര്‍ സുനിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. നടിയെ ആക്രമിച്ച കേസില്‍ പ്രമുഖന്മാര്‍ക്ക് സംഭവത്തില്‍ കൈയുണ്ടെന്ന് പള്‍സര്‍ സുനി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അഡ്വ. ആളൂര്‍ നേരത്തെ പറഞ്ഞിരുന്നു. വലിയ ഗൂഢാലോചനയാണ് നടിയെ ആക്രമിച്ചതിന് പിന്നില്‍ നടന്നതെന്നും സുനി പറഞ്ഞിരുന്നതായും ആളൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

മാധ്യമങ്ങളില്‍നിന്ന് അകറ്റിയായിരുന്നു സുനില്‍ കുമാറിനെ പൊലീസ് കോടതിയില്‍ എത്തിച്ചത്. കാക്കനാട് ജില്ലാ ജയിലില്‍നിന്ന് പുറത്തെത്തിച്ചപ്പോഴും അങ്കമാലിയില്‍ കോടതി മുറിയിലേക്കു കയറ്റുമ്പോഴും സുനില്‍കുമാര്‍ മാധ്യമങ്ങളോടു പ്രതികരിക്കാതിരിക്കാന്‍ പൊലീസ് ശ്രമിച്ചു. ജില്ലാ ജയിലിനു പുറത്തു വച്ച് ചില കടലാസുകള്‍ സുനില്‍ കുമാര്‍ ഉയര്‍ത്തിക്കാണിച്ചെങ്കിലും ഇത് എന്താണെന്നു വ്യക്തമല്ല.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതി മുറിക്കു തൊട്ടടുത്തുവരെ വാഹനം എത്തിച്ചാണ് പൊലീസ് സുനില്‍കുമാറിനെ ഹാജരാക്കിയത്. മാധ്യമങ്ങളെ പരമാവധി ഒഴിവാക്കാനായിരുന്നു ശ്രമം. ഇവിടെവച്ച് വാഹനത്തിന്റെ വാതില്‍  തുറന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യശരങ്ങളുമായി വളഞ്ഞു. കേസില്‍ ഗൂഢാലോചനയുണ്ടോ, ദിലീപിന്റെ പേരു പറഞ്ഞിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചത്. സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ട് എന്നു മാത്രമായിരുന്നു സുനില്‍കുമാറിന്റെ മറുപടി. കൂടുതല്‍ സംസാരിക്കും മുമ്പ് സുനിയെ പൊലീസ് കോടതി മുറിയില്‍ എത്തിച്ചു.

റിമാന്‍ഡ് കാലാവധി തീരുന്നതിനാലാണ് സുനിയെ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. അതിനിടെ കോടതി മുറിയിലേക്കു മാധ്യമപ്രവര്‍ത്തകര്‍ക്കു പ്രവേശനം നിഷേധിച്ചു. സുരക്ഷ കണക്കിലെടുത്താണ് മാധ്യമ പ്രവര്‍ത്തകരെ മാറ്റിനിര്‍ത്തുന്നത് എന്നാണ് വിശദീീകരണം.

പള്‍സര്‍ സുനി ജാമ്യാപേക്ഷ സമര്‍പ്പിക്കില്ലെന്ന് അഡ്വ ബിഎ ആളൂര്‍. സുരക്ഷാഭീഷണി ഉള്ളതിനാലാണ് ഇപ്പോള്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാത്തതെന്നും അങ്കമാലി കോടതിയില്‍ അഡ്വ ആളൂര്‍ പറഞ്ഞു. 
റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് സുനിയെ ഇന്ന് അങ്കാമാലി കോടതിയില്‍ ഹാജരാക്കിയത്.

ജയിലില്‍ നിന്ന് ദിലീപിനെയും നാദിര്‍ഷയെയും ഫോണ്‍ ചെയ്യുകയും കത്ത് അയയ്ക്കുകയും ഇരുവരെയും ഭീഷണിപ്പെടുത്തിയതിനും ശേഷമാണ് സുനിയെ വീണ്ടും കോടതിയില്‍ ഹാജരാക്കുന്നത്.

സുനിക്ക് ജയിലിന് പുറത്ത് ഭീഷണിയുണ്ടെന്ന് അഡ്വക്കേറ്റ് ആളൂര്‍ പറഞ്ഞു. കേസില്‍ ഇപ്പോഴും ഗൂഢാലോചന നിലനില്‍ക്കുന്നുണ്ടെന്ന് ആളൂര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.