സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് യു.എ.ഇ; പ്രവാസികള്‍ക്ക് ജോലി നഷ്ടമാകുന്നു

ദുബായ്: യുഎഇയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ജോലി നഷ്ടമാകുന്നു. പല കമ്പനികളും തൊഴിലാളികളോട് പിരിഞ്ഞുപോകാന്‍ നിര്‍ബന്ധിക്കുകയാണ്. നിര്‍മാണ മേഖലയിലെ കമ്പനികളിലാണ് പ്രതിസന്ധി രൂക്ഷം.

അതേസമയം, യുഎഇയില്‍ താമസയിടങ്ങളിലെ വാടക നിരക്ക് കുത്തനെ ഇടിയുന്നതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ജോലി നഷ്ടമായത് കാരണം വിദേശികള്‍ നാട്ടിലേക്ക് തിരിച്ചതാണ് വാടക കുറയാന്‍ കാരണം.

മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജോലി ചെയ്യുന്ന നിര്‍മാണ കമ്പനികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഗള്‍ഫ് മേഖലയില്‍ മൊത്തമായി ബാധിച്ച സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ കരാറുകള്‍ കിട്ടാത്തതാണ് കമ്പനികള്‍ക്ക് തിരിച്ചടിയായത്.

തുടര്‍ന്ന് പല കമ്പനികളിലും മാസങ്ങളായി ശമ്പളം നല്‍കിയിട്ട്. ചില കമ്പനികള്‍ മൂന്ന് മാസത്തെ ശമ്പളം വരെ പിടിച്ചുവച്ചിട്ടുണ്ട്. വേണമെങ്കില്‍ ആര്‍ക്കും നാട്ടിലേക്ക് പോകാമെന്നാണ് മാനേജര്‍മാര്‍ അറയിച്ചിട്ടുള്ളതെന്ന് മലയാളികള്‍ സാക്ഷ്യപ്പെടുത്തുന്നു.

എങ്കിലും പ്രതീക്ഷ കൈവിടാതെ ഇരിക്കുകയാണ് പ്രവാസി മലയാളികള്‍. എല്ലാം ശരിയാകുമെന്ന് കരുതുകയാണ് അവര്‍. പലരും നാട്ടില്‍ പോയിട്ട് എന്ത് എന്ന ചോദ്യമാണ് തിരിച്ചു ചോദിക്കുന്നത്. മാസങ്ങള്‍ക്ക് ശേഷം പെരുന്നാളിന് മുമ്പ് ചില കമ്പനികളില്‍ ശമ്പളം നല്‍കിയിട്ടുണ്ട്. അതും പൂര്‍ണമായും ഉണ്ടായിരുന്നില്ല.

പലരും നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. നാട്ടിലേക്ക് തിരിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളോട് ഇനി തിരിച്ചുവരേണ്ടതില്ലെന്ന വിവരമാണ് യുഎഇയില്‍ നിന്നു മാനേജര്‍മാരും സുഹൃത്തുക്കളും നല്‍കുന്നത്.