നടിയെ അപമാനിച്ചവര്‍ക്കെതിരെ കേന്ദ്രസര്‍ക്കാരിന്റെ പണിവരുന്നു

കൊച്ചിയിൽ  ആക്രമിക്കപ്പെട്ട യുവനടിയെ സമൂഹ മാദ്ധ്യമങ്ങളിലൂടെയും ദൃശ്യ മാദ്ധ്യമങ്ങളിലൂടെയും അപമാനിച്ചവർക്കെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ രംഗത്ത്. ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് ദേശീയ വനിതാ കമ്മീഷൻ കത്തയച്ചതായാണ് വിവരം. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഇടപെടൽ.
ഒരു ചാനൽ പരിപാടിക്കിടെ നടിയുടെ പേര് പരാമർശിക്കുകയും അവരെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കുകയും ചെയ്‌ത നടൻ ദിലീപ്, നിർമാതാവ് സജി നന്ത്യാട്ട്, സലീംകുമാർ, അജു വർഗീസ് എന്നിവർക്കെതിരെയാണ് പരാതി. ഇക്കാര്യത്തിൽ ഡി.ജി.പിയിൽ നിന്നും മറുപടി കിട്ടിയതിന് ശേഷം പരാതിയിൽ തുടർ നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ ദിനേന്ദ്ര കശ്യപിനോട് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചതായും അന്വേഷണം പൂർത്തിയായാൽ ഉടൻ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് അദ്ദേഹത്തിനോട് നിർദ്ദേശിച്ചതായും വനിതാ കമ്മീഷൻ അംഗം സുഷമാ സാഹു പ്രതികരിച്ചു.