ഖത്തര്‍ ജി.സി.സിയില്‍ നിന്ന് പുറത്തേക്ക്‌

ഗൾഫ്‌ രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസിയിൽ നിന്ന്‌ ഖത്തർ പുറത്തായേക്കും. ഇതുമായി ബന്ധപ്പെട്ട സൂചനകൾ പുറത്തുവന്നു. സൗദി സഖ്യത്തെ വിട്ട്‌ ഖത്തർ സ്വന്തം വഴി തിരഞ്ഞെടുത്തുവെന്നാണ്‌ സൂചനകൾ.

സൗദി സഖ്യം നൽകിയ നിബന്ധനകളുടെ പട്ടികയിൻമേലുള്ള ഖത്തറിന്റെ മറുപടി കുവൈത്തിന്‌ കൈമാറിയിരുന്നു. കുവൈത്തിൽ നിന്നു ഇത്‌ സൗദിക്ക്‌ ലഭിച്ചു. ഇനി നാല്‌ അറബ്‌ രാജ്യങ്ങൾ ഖത്തറിനെതിരേ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യും. ഗൾഫ്‌ രാഷ്ട്ര സമൂഹവും അറബ്‌ രാഷ്ട്രങ്ങളും നിലവിൽ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്‌. കൂടുതൽ ഉപരോധം ചുമത്തുമെന്ന്‌ തന്നെയാണ്‌ ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ.

തങ്ങൾ മുന്നോട്ട്‌ വച്ച നിർദേശങ്ങളിൽ ഇനി യാതൊരു ചർച്ചയുമില്ലെന്നാണ്‌ സൗദി സഖ്യത്തിന്റെ നിലപാട്‌. ഖത്തറിനെതിരേ കൂടുതൽ നടപടിയുണ്ടാകുമെന്നാണ്‌ ഇതിൽ നിന്നു വ്യക്തമാകുന്നത്‌. മേഖലയുടെ സുരക്ഷയും സാമ്പത്തിക സഹകരണവും ലക്ഷ്യമിട്ട്‌ 1981ൽ രൂപീകരിച്ച ജിസിസി എന്ന സംഘത്തിൽ നിന്നു ഖത്തറിനെ പുറത്താക്കുമെന്നുള്ള സൂചനയാണ്‌ സൗദി സഖ്യം മുന്നോട്ടുവച്ചിരിക്കുന്നത്‌.

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത്‌ തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ കീ്റോയിൽ യോഗം ചേരുന്നുണ്ട്‌. ഈ യോഗം ഖത്തർ നൽകിയ പ്രതികരണം വിശദമായി ചർച്ച ചെയ്യും. തുടർന്ന്‌ എന്തു നടപടി സ്വീകരിക്കണമെന്നും തീരുമാനിക്കും. കീ്റോ യോഗം ഖത്തറിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്‌. ഖത്തറിനെതിരേ കൂടുതൽ സാമ്പത്തിക ഉപരോധം ചുമത്തുമെന്നാണ്‌ യുഎഇയും സൗദിയും നേരത്തെ അറിയിച്ചിട്ടുള്ളത്‌. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന നിലപാട്‌ ഖത്തർ മാറ്റണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി അബ്ദുൽ അൽ ജുബൈറിന്‌ കുവൈത്ത്‌ മന്ത്രി ഷെയ്ഖ്‌ മുഹമ്മദ്‌ അബ്ദുല്ല അൽ സബാഹാണ്‌ ഖത്തറിന്റെ പ്രതികരണം ഔദ്യോഗികമായി കൈമാറിയത്‌. വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്നത്‌ കുവൈത്ത്‌ ആണ്‌. അതുകൊണ്ടാണ്‌ കുവൈത്ത്‌ വഴി ഖത്തർ മറുപടി നൽകിയത്‌.
ഖത്തർ ഇതുവരെ പരസ്യമായി പ്രകടിപ്പിച്ച നിലപാട്‌ തന്നെയാണ്‌ നൽകിയ മറുപടിയിലുമുള്ളത്‌. ഖത്തർ നിലപാട്‌ മയപ്പെടുത്തണമെന്ന്‌ പാശ്ചാത്യരാജ്യങ്ങൾ അഭ്യർഥിച്ചിരുന്നു.

എന്നാൽ ഇതിനൊന്നും ഖത്തർ വഴങ്ങിയില്ലെന്നാണ്‌ പുറത്തുവരുന്ന വിവരം. ഇറാൻ ബന്ധം ഉപേക്ഷിക്കുക, ബ്രദർഹുഡിന്‌ നൽകുന്ന പിന്തുണ അവസാനിപ്പിക്കുക, അൽ ജസീറ ചാനൽ അടച്ചുപൂട്ടുക, തുർക്കിയുടെ സൈനിക താവളം ഖത്തറിൽ നിന്നു മാറ്റുക തുടങ്ങി 13 നിർദേശങ്ങളാണ്‌ സൗദി സഖ്യം ഖത്തറിന്‌ മുന്നിൽ വച്ചത്‌. യുഎഇ സർക്കാരുമായി ബന്ധമുള്ള അൽ ഇത്തിഹാദ്‌ ദിനപത്രത്തിൽ വന്ന മുഖപ്രസംഗം ഖത്തർ ജിസിസി വിടുന്നുവെന്ന സൂചനയാണ്‌ നൽകുന്നത്‌.

സ്വന്തം വഴിക്ക്‌ നീങ്ങാനാണ്‌ ഖത്തർ തീരുമാനമെന്ന്‌ മുഖപ്രസംഗത്തിൽ പറയുന്നു. ഗൾഫ്‌ സഹോദരങ്ങളിൽ നിന്നു ഖത്തർ വിട്ടുപോകുകയാണെന്നും അതിൽ സൂചനയുണ്ട്‌.ഗൾഫ്‌ സഹകരണ കൗൺസിലിൽ നിന്നു കുതറിമാറി ആജന്മശത്രുവായ ഇറാനോട്‌ അടുക്കുകയും ഗൾഫ്‌ രാഷ്ട്രങ്ങൾ ഭീകരപട്ടികയിൽപ്പെടുത്തിയ മുസ്ലിം ബ്രദർഹുഡ്‌, ഹിസ്ബുള്ള എന്നിവയെ വിമോചനപ്രസ്ഥാനങ്ങളെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്ത ഖത്തർ ഭരണാധികാരിയുടെ പ്രഖ്യാപനമാണ്‌ ഗൾഫ്‌ രാഷ്ട്രങ്ങളെ പ്രകോപിപ്പിച്ചത്‌.