പൾസർ സുനിയുടെ കസ്റ്റഡി റദ്ദാക്കില്ല , വിഷ്ണുവിനെയും വിപിൻലാലിനേയും കസ്റ്റഡിയിൽ വാങ്ങി

പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്നും തന്റെ കസ്റ്റഡി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പൾസർ സുനി നൽകിയ ഹർജി കോടതി തള്ളി. പൊലീസ് മർദ്ദിച്ചു എന്ന വാദം കോടതി അംഗീകരിച്ചില്ല. അഭിഭാഷകനുമായി ദിവസേന സംസാരിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. കാക്കനാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പൾസർ സുനിയുടെ അപേക്ഷ തളളിയത്. ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ പ്രതികളായ വിഷ്ണുവിനേയും, വിപിൻ ലാലിനേയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. 3 ദിവസത്തേക്കാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

സുനിയുടെ ശരീരം മുഴുവൻ വേദനയുണ്ടെന്നും പൊലീസ് പീഡിപ്പിക്കുന്നുണ്ടെന്നും കാണിച്ച് സുനിയുടെ അഭിഭാഷകൻ കസ്റ്റഡി റദ്ദാക്കാൻ അപേക്ഷ സമർപ്പിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് പൊലീസ് തന്നെ മർദിച്ചുവെന്ന രീതിയിൽ പൾസർ സുനി മൊഴി നൽകിയത്. വെളിപ്പെടുത്തൽ നടത്തിയതിന് താൻ അനുഭവിക്കുകയാണ് എന്നും തന്റെ മരണമൊഴി എടുക്കണമെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പൾസർ സുനിയെ അഞ്ചു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കാക്കനാടു ജില്ലാ ജയിലിലേക്കു മൊബൈൽ ഫോൺ ഒളിച്ചു കടത്തി പുറത്തുള്ളവരുമായി സംസാരിച്ച കേസിലാണ് കഴിഞ്ഞ ദിവസം സുനിലിനെ കസ്റ്റഡിയിൽ വാങ്ങിയത്. ഗൂഢാലോചന സംബന്ധിച്ച തെളിവുകളോടെയാണു പൊലീസിന്റെ ചോദ്യം ചെയ്യൽ.