രൂപ ഗാംഗുലിയെ അറസ്‌റ്റ് ചെയ്‌തു

ബി.ജെ.പി നേതാവും നടിയുമായ രൂപ ഗാംഗുലിയെ പശ്ചിമ ബംഗാൾ പൊലീസ് അറസ്‌റ്റു ചെയ്‌തു. മതവിദ്വേഷം വളർത്തുന്ന ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് കലാപഭൂമിയായി മാറിയ ബംഗാളിലെ ബാസിർഹട്ട് സന്ദർശിക്കാൻ കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് രൂപയെയും മറ്റൊരു ബി.ജെ.പി നേതാവായ ലോക്കറ്റ് ചാറ്റർജിയെയും പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

ഇന്നലെ ഉണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ് ഒരു ആർ.എസ്.എസ് പ്രവർത്തകൻ മരിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും തമ്മിലുണ്ടായ ഏറ്രുമുട്ടലിലാണ് കാർത്തിക് ഘോഷ് എന്നയാൾ കൊല്ലപ്പെട്ടത്.

പതിനേഴുകാരനായ വിദ്യാർത്ഥി രണ്ടുദിവസം മുമ്പ് ഫേസ്ബുക്കിൽ മതവിദ്വേഷം വളർത്തുന്ന പോസ്റ്റ് ഇട്ടതിനെ തുടർന്നാണ് പശ്ചിമബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിൽ മുസ്ലിം ഹിന്ദു മതവിശ്വാസികൾ തമ്മിൽ സംഘർഷം ഉണ്ടായത്. പോസ്‌റ്റിട്ടയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

അതേസമയം, വർഗീയ സംഘർഷങ്ങൾക്ക് വഴിവച്ചത് ബി.ജെ.പിയുടെ ഇടപെടലാണെന്നും ഗവർണർ കേസരിനാഥ് ത്രിപാഠി ബി.ജെ.പി നേതാവിനെപ്പോലെയാണ് പ്രവർത്തിച്ചതെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. ബദുരിയ, ബാസിർഹട്ട്, ഹറോവ, സ്വരൂപ്നഗർ, ദേഗംഗ എന്നിവിടങ്ങളിലാണ് സംഘർഷം ശക്തമായത്. ഇതേ തുടർന്ന് 400 ബി.എസ്.എഫ് സൈനികരെ കേന്ദ്രസർക്കാർ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.