ബി നിലവറ തുറക്കാൻ അനുവദിക്കില്ല: രാജകുടുംബം

ഇതുവരെ തുറന്നിട്ടില്ലാത്ത ബി നിലവറ തുറക്കുന്നത് ദേവഹിതത്തിനെതിരാണെന്നും തുറക്കാന്‍ അനുവദിക്കില്ലെന്നും രാജകുടുംബം. മുൻപ് ഒന്‍പതു തവണ ‘ബി’ നിലവറ തുറന്നിട്ടുണ്ടെന്ന സുപ്രീംകോടതി വിലയിരുത്തൽ തെറ്റാണ്. നിലവറ തുറക്കുന്നതിനെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നും രാജകുടുംബാംഗം ആദിത്യവർമ മനോരമ ന്യൂസിനോട് പറഞ്ഞു.

സ്വത്ത് മൂല്യനിർണയത്തിനായി പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാണ് സുപ്രീംകോടതി നിർദേശം. രാജകുടുംബവുമായി ആലോചിച്ച് ഇതിനുള്ള നടപടികൾ ആരംഭിക്കാൻ അമിക്കസ് ക്യൂറിയോട് നിർദേശിച്ചെങ്കിലും നിലവറ തുറക്കേണ്ടന്ന നിലപാടിൽ മാറ്റമില്ലെന്ന് രാജകുടുംബം വ്യക്തമാക്കി.

ബി നിലവറക്ക് രണ്ട് ഭാഗമുണ്ട്. അതിലൊന്ന് മാത്രമാണ് തുറന്നിട്ടുള്ളത്. അതിനാൽ ഒൻപതു തവണ ബി നിലവറ തുറന്നിട്ടുണ്ടെന്ന റിപ്പോർട്ടുകൾ തെറ്റാണ്. ബി നിലവറ ഇതുവരെയും തുറക്കാത്തതിന് അതിന്റേതായ കാരണമുണ്ട്. അത്തരം കാര്യങ്ങൾ അമിക്കസ് ക്യൂറിയെയും സുപ്രീംകോടതിയെയും ബോധ്യപ്പെടുത്താനാകുമെന്ന വിശ്വാസത്തിലാണ് രാജകുടുംബം. അതേസമയം നിലവറ തുറക്കണമെങ്കിൽ സ്ഫോടനം വേണ്ടിവരുമെന്നതടക്കമുള്ള പ്രചാരണങ്ങൾ അറിവില്ലായ്മ മൂലമാണെന്നും രാജകുടുംബാഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.