കള്ളനോട്ട്: ബി ജെ പി നേതാക്കളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ശ്രീ നാരായണപുരത്ത് കള്ളനോട്ടടിച്ച ബി ജെ പി നേതാക്കളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.  അഞ്ചാം പരത്തി എറാശേരി ഹര്‍ഷന്റെ മക്കളും ഒ ബി സി മോര്‍ച്ച കൈപ്പമംഗലം മണ്ഡലം ജനറല്‍ സെക്രട്ടറി ഏറാശേരി രാജിവിനെയും സഹോദരന്‍ ബി ജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് രാകേഷിനെയും ആണ് കെടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

പ്രതികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന അഭിഭാഷകനായ ജില്ലാ നേതാവടക്കം ബിജെപി ഉന്നതരുടെ പങ്കും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.  സംസ്ഥാന നേതാക്കളില്‍ പലരും കള്ളനോട്ട് കച്ചവടത്തില്‍ ബന്ധപ്പെട്ടിട്ടുണ്ട്.ബിജെപിക്ക് കിട്ടിയ ഫണ്ടില്‍ നല്ലൊരു വിഹിതം കള്ളനോട്ടാണെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നു.

കഴിഞ്ഞ രണ്ടിനാണ് പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയത്.
കേസില്‍ നേരത്തെ അറസ്റ്റിലായ ഒളരി സ്വദേശി അലക്‌സ്, ശ്രീനാരായണപുരം സ്വദേശിയും ദേശമംഗലം പഞ്ചായത്ത് ജീവനക്കാരനുമായിരുന്ന നവീന്‍ കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളുടെ അച്ഛന്‍ഹര്‍ഷന്‍ എന്നിവര്‍ ജൂഡീഷ്യല്‍ കസ്റ്റഡിയിലാണ്.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി ടി ബാലന്റെ നേതൃത്വത്തിലുള്ള ഓര്‍ഗനൈസ്ഡ് ക്രൈം വിംഗിലെ രണ്ട് സി ഐമാരും രണ്ട് എസ് ഐമാരും അടക്കം 11 പേരാണ് കേസന്വേഷണ സംഘത്തിലുള്ളത്.

രാകേഷ് അനധികൃതമായി പലിശക്ക് പണം നല്‍കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 22 ന് അഞ്ചാം പരത്തിയിലെ ഹര്‍ഷന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ മതിലകം പോലീസ് നടത്തിയ തെരച്ചിലിലാണ് മുകള്‍നിലയിലെ റൂമില്‍ നിന്നും കള്ളനോട്ടുകള്‍ കണ്ടെത്തിയത് .

തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ നോട്ട് നിര്‍മ്മിക്കാനുപയോഗിച്ച ലാപ്‌ടോപ്പും പ്രിന്ററും നോട്ടടിച്ച് മുറിച്ചെടുക്കാത്ത എഫോര്‍ പേപ്പറുകളും പിടിച്ചെടുക്കുകയായിരുന്നു.
രാകേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സഹോദരന്‍ രാജീവനെ പോലീസ് കേസില്‍ പ്രതി ചേര്‍ത്തത്.

രാജീവനെയും ഒളിവില്‍ താമസിക്കാന്‍ സഹായിച്ച അലക്‌സിനെയും പോലീസ് തൃശൂര്‍ ഒളരിയിലെ അലക്‌സിന്റെ വീട്ടില്‍ നിന്ന് പോലീസ് പിടികൂടുകയായിരുന്നു.
ഈ മാസം ഒന്നിന് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നാലിന് കേസില്‍ രാജീവനെ ഒളരിയിലേക്കെത്തിച്ച വാഗനര്‍ കാറും ബി ജെ പി നേതാക്കളുടെ സുഹൃത്തായ നവീ നിനെ യും ആറിന് പ്രതികളുടെ പിതാവും വീട്ടുടമസ്ഥനുമായ ഹര്‍ഷനെയും പിടികൂടുകയായിരുന്നു.