ബത്തേരി ഡോണ്‍ബോസ്‌കോ കോളജ് ആക്രമണം: 13 പേര്‍ അറസ്റ്റില്‍

പിടിയിലായത് എസ് എഫ് ഐ-ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍

സുല്‍ത്താന്‍ബത്തേരി: ബത്തേരി ഡോണ്‍ബോസ്‌കോ കോളേജില്‍ പ്രകടനമായെത്തി കോളേജ് അടിച്ചുതകര്‍ക്കുകയും, ജീവനക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ 13 എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ജോബിസണ്‍ ജെയിംസ്, മുന്‍ജില്ലാ സെക്രട്ടറിയും നിലവിലെ സംസ്ഥാനകമ്മിറ്റിയംഗവുമായ എം എസ് ഫെബിന്‍ തുടങ്ങിയവരാണ് അറസ്റ്റിലായത്.

ഇവര്‍ക്കെതിരെ വധശ്രമം, സ്ത്രീകളെ ഉപദ്രവിക്കല്‍,കലാപമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്സെടുത്തിരിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ ബത്തേരി ഡോണ്‍ബോസ്‌കോ കോളേജില്‍ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കോളേജ് അധികൃതരുടേയും, പരുക്കേറ്റ ജീവനക്കാരുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് ബത്തേരി പോലീസ് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.

ജോബിസനെയും ഫെബിനെയും കൂടാതെ ഹരികൃഷ്ണന്‍, അര്‍ജുന്‍ ഗോപാല്‍, അജ്മല്‍, ഹരി ശങ്കര്‍, റാഷിദ്, ജിഷ്ണു ഷാജി, ശരത്, അജ്‌നാസ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ ലിജോ ജോണി, എകെ ജിതൂഷ്, നിധീഷ് സോമന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ വധശ്രമം, സ്ത്രീകളെ ഉപദ്രവിക്കല്‍, കലാപമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായിട്ടുണ്ട്.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ജില്ലാ യു ഡി എഫ് കമ്മിറ്റി, ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ തുടങ്ങി നിരവധി പേരാണ് സംഭവത്തില്‍ പ്രതിഷേധിച്ചത്.