ധനമന്ത്രിയുടെ പ്രഖ്യാപനം കടലാസില്‍; കോഴിയിറച്ചിക്ക് 180 രൂപ തന്നെ

കോഴിക്കോട്: ഇറച്ചിക്കോഴിക്ക് 87 രൂപ മാത്രമേ വ്യാപാരികള്‍ ഈടാക്കൂവെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം പാലിക്കപ്പെട്ടില്ല. ഇന്നലെയും 180 രൂപയ്ക്കാണ് (ഒരു കിലോ കോഴിക്ക് 135) രൂപയ്്ക്കാണ് പലയിടത്തും വില്‍പന നടത്തിയത്. കൂടുതല്‍ എടുക്കുന്നവര്‍ക്ക് വില അല്‍പം കുറച്ചുനല്‍കി എന്നുമാത്രം.

നിലവില്‍ സ്റ്റോക്കുള്ള കോഴികളാണ് ഇന്നലെ വിറ്റത്. പലകടകളും ഇന്നലെ ഉച്ചയോടെ തന്നെ അടച്ചു. പുറത്തുനിന്നും എത്തുന്ന കോഴികള്‍ വാങ്ങാന്‍ പലരും താല്‍പര്യം കാട്ടിയില്ല.

നിലവില്‍ സര്‍ക്കാര്‍ പറയുന്ന വിലയ്ക്ക് കോഴിയിറച്ചി വിറ്റാല്‍ ഒരുകിലോ കോഴിക്ക് 15 രൂപ തങ്ങള്‍ക്ക് നഷ്ടം വരുമെന്നാണ് കോഴിയിറച്ചി വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ 160 രൂപയ്ക്ക് കോഴിയിറച്ചി വില്‍ക്കാന്‍ ഒരു വിഭാഗം തയ്യാറാണെങ്കിലും കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്‍വാങ്ങി.

അതേസമയം കോഴിയിറച്ചി വില്‍പനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തീരുമാനിച്ച വിലയ്ക്ക് വിപണനം നടത്തണമെങ്കില്‍ രണ്ടുദിവസമെങ്കിലും കഴിയണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. വ്യാപാരികള്‍ക്ക് കിലോയ്ക്ക് 87 രൂപ നിരക്കില്‍ ജീവനുള്ള കോഴികളെ ലഭ്യമാക്കണമെന്ന ധനമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്നും ഇത് നടപ്പിലായിട്ടില്ലെന്നും വ്യാപാരികള്‍ പറയുന്നു.