ദിലീപിന് പാരയായത് സ്വന്തം ഫാന്‍സ് തന്നെ; വിശുദ്ധനാക്കാനുള്ള സോഷ്യല്‍മീഡിയ ശ്രമം ജാമ്യനിഷേധത്തിന് ബലമായി

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ താരം ദിലീപിനെ വിശുദ്ധനായി ചിത്രീകരിക്കാന്‍ പി.ആര്‍ ഏജന്‍സികളും ദിലീപിന്റെ ഫാന്‍സുകളും സോഷ്യല്‍മീഡിയയില്‍ കാട്ടിക്കൂട്ടിയ കണ്ണീര്‍, സഹായ നാടകങ്ങള്‍ കോടതിയില്‍ പ്രതിക്ക് തിരിച്ചടിയായി ഭവിച്ചു.

സോഷ്യല്‍മീഡിയയില്‍ ദിലീപിന് അനുകൂലമായ പ്രചാരണം കോടതിയില്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതും ജാമ്യം നിഷേധിക്കുന്നതിന് കോടതിക്ക് ബലമുള്ള കാരണമായി ബവിച്ചു. മുംബൈ കേന്ദ്രീകരിച്ചുള്ള മലയാളി സംവിധായന്റെ നേതൃത്വത്തിലാണ് ദിലീപിനു വേണ്ടി പി.ആര്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു വാര്‍ത്തകള്‍.

ദിലീപ് അറസ്റ്റിലായ ദിവസങ്ങളില്‍ ജനവികാരമാകെ ദിലീപിന് എതിരായിരുന്നുവെങ്കില്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ സ്ഥിതി മറിച്ചാണ്. ദിലീപിനെ കുടുക്കിയതാണെന്നും ചില മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ദിലീപിനെ ലക്ഷ്യം വെയ്ക്കുകയാണെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രചാരണങ്ങള്‍ വ്യാപകമായത്. ദിലീപ് ചെയ്ത നന്മകള്‍ എടുത്തു പറഞ്ഞാണ് പോസ്റ്റുകള്‍ എഴുതി ഉണ്ടാക്കുന്നത്.

ചില മൂവി പ്രമോഷന്‍ വെബ്സൈറ്റുകളും ഫെയ്സ്ബുക്ക് പേജുകളും പണം വാങ്ങിയാണ് ദിലീപ് അനുകൂല പോസ്റ്റുകള്‍ ഇടുന്നത്. കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ദിലീപിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ലക്ഷങ്ങല്‍ മാസം തോറും നല്‍കിയാണ് പി.ആര്‍. ഏജന്‍സിയെ നിയമിച്ചിരിക്കുന്നത്. ഫെയ്സ്ബുക്കില്‍ ഫെയ്ക്ക് അക്കൗണ്ടുകളിലൂടെയും മറ്റുമാണ് പി.ആര്‍. ഏജന്‍സി ഇടപെടല്‍ നടത്തുന്നത്. ദിലീപിന്റെ സുഹൃത്തുക്കളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്നാണ് വിവരം.

ദിലീപിന്റെ ഇമേജ് നന്നാക്കേണ്ടത് രാമലീലയുടെ വിജയത്തിന് അനിവാര്യമാണ് എന്നതിനാല്‍ നിര്‍മ്മാതാവും കോടീശ്വരനുമായ ടോമിച്ചന്‍ മുളകുപാടവും എല്ലാ പിന്തുണയുമായി പിന്നിലുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രമുഖ യുവ നടിയെ കൊച്ചിയില്‍ വച്ച് ഓടുന്ന കാറിനുള്ളില്‍ അക്രമി സംഘം ആക്രമിച്ചത്. പ്രധാന പ്രതികള്‍ സംഭവം നടന്ന് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ അറസ്റ്റിലായെങ്കിലും, ഗൂഡാലോചന സംബന്ധിച്ചുള്ള അന്വേഷണം കഴിഞ്ഞ ദിവസം മാത്രമാണ് പാരമ്യത്തിലെത്തിയത്. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം അന്വേഷണം നടത്തി ദിലീപിനെ ഗൂഡാലോചനാ വിഷയത്തില്‍ അറസ്റ്റ് ചെയ്യുകയും, കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.

ഇതേ തുടര്‍ന്നാണ് ദിലീപിനു സഹതാപം സൃഷ്ടിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ ദിലീപിന്റെ സഹായ ഹസ്തവും, ദിലീപിനു അനുഭാവം പ്രകടിപ്പിച്ചുമുള്ള സന്ദേശങ്ങളും, ട്രോളുകളും പ്രവഹിക്കുകയായിരുന്നു. ഇതോടെയാണ് ഇതിനു പിന്നിലുള്ള സംഘടിത ശ്രമത്തെക്കുറിച്ചു ചര്‍ച്ചകളും ആരംഭിച്ചത്. മാതൃഭൂമി ലേഖകന്‍ ഹര്‍ഷന്‍ ആണ് ഇതിലേയ്ക്കു ലീഡ് ചെയ്യുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. ഇതിനു പിന്നാലെ വിവിധ ഏജന്‍സികള്‍ നടത്തിയ നിരീക്ഷണങ്ങള്‍ പി.ആര്‍ ഏജന്‍സിയുടെ വര്‍ക്കിലേയ്ക്കു വിരല്‍ ചൂണ്ടുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്നു ഇതു സംബന്ധിച്ചു അന്വേഷണം ആരംഭിക്കുകയയായിരുന്നു. മുംബൈ കേന്ദ്രീകരിച്ചുള്ള മലയാള സംവിധായകന്റെ പി.ആര്‍ ഏജന്‍സിയാണ് ദിലീപിനു വേണ്ടി പബ്ലിക്ക് റിലേഷന്‍ ജോലികള്‍ ഇപ്പോള്‍ ചെയ്യുന്നത്. ഇക്കാര്യങ്ങളെല്ലാം പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ തന്നെ ഇത്രയധികം പ്രചാരണം നടത്തുാനാകുന്നത് തെളിയിക്കുന്നത് പ്രതി സമൂഹത്തില്‍ ശക്തനാണെന്നും പുറത്തിറങ്ങിയാല്‍ കേസിനെ സ്വാധീനിക്കാന്‍ സാധിക്കുമെന്നും കോടതിക്ക് ബോധ്യമായത്.