ആരാകും വിജിലന്‍സ് ഡയറക്ടര്‍?? സര്‍ക്കാരിന് ആശയക്കുഴപ്പം; വകുപ്പ് ഇപ്പോള്‍ നാഥനില്ലാ കളരി

ജേക്കബ്‌തോമസ്, എ.ഹേമചന്ദ്രന്‍, നിര്‍മ്മല്‍ചന്ദ്ര അസ്താന, ഋഷിരാജ്‌സിംഗ്‌

തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സ് വകുപ്പിന് ഡയറക്ടറെ നിയമിക്കുന്നതില്‍ സര്‍ക്കാരിന് ആശയക്കുഴപ്പം. ഡയറക്ടര്‍ സ്ഥാനത്തേക്ക് അസ്താനയുടെ പേര് നിര്‍ദ്ദേശിച്ചെങ്കിലും അദ്ദേഹം ചുമതല ഏറ്റെടുക്കാന്‍ വിമുഖത കാണിച്ചുവെന്നാണ് അറിയുന്നത്. എന്നാല്‍ അടുത്ത ഊഴത്തിന് ഫയര്‍ഫോഴ്‌സ് മേധാവി എ. ഹേമചന്ദ്രനും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗും തയ്യാറാണ്. ഇതില്‍ ആരെ നിയമിക്കണം എന്നതാണ് സര്‍ക്കാരിന് കുഴയ്ക്കുന്നത്.

ഉത്തര്‍പ്രദേശ് സ്വദേശിയും ഏറെക്കാലം സി.ആര്‍.പി.എഫിലുമായിരുന്ന എന്‍.സി. അസ്താനയെയാണ് സര്‍ക്കാരിന് താത്പര്യം. പക്ഷേ, പൊലീസ് നവീകരണ ചുമതലയുള്ള ഡി.ജി.പിയായിട്ടും ഡല്‍ഹി കേരളാഹൗസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അസ്താനയ്ക്ക് മടങ്ങിയെത്താന്‍ താത്പര്യമില്ല. പൊലീസ് മേധാവിക്കു പുറമേയുള്ള ഏക കേഡര്‍ തസ്തികയായ വിജിലന്‍സ് ഡയറക്ടറെ കണ്ടെത്തുന്നത് സര്‍ക്കാരിന് ശ്രമകരമായ ജോലിയായി മാറിയിട്ടുണ്ട്.
ഉറ്രബന്ധുവിന്റെ അസുഖം കാരണം സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തിരുന്ന് ജോലി ചെയ്യേണ്ട അസ്താന ഡല്‍ഹിയില്‍ തങ്ങുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന് ഡല്‍ഹിയില്‍ കൂടുതല്‍ സുരക്ഷയൊരുക്കാനെന്ന പേരില്‍ രണ്ട് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ വാങ്ങുന്നത് അസ്താനയുടെ യാത്രയ്ക്കായാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. രണ്ട് പൊലീസുകാരെയും ഡ്രൈവര്‍മാരെയുമെല്ലാം അസ്താനയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

ഹരിയാനയിലെ കദര്‍പൂരിലെ സി.ആര്‍.പി.എഫ് അക്കാഡമിയില്‍ അഡി.ഡയറക്ടറായിരുന്ന അസ്താന, ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മൂന്നുമാസം മുന്‍പാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. പൊലീസ് ആസ്ഥാനത്ത് ചുമതലയേറ്റ അസ്താന, വ്യക്തിപരമായ ആവശ്യത്തിന് ഡല്‍ഹിയില്‍ തുടരാന്‍ സര്‍ക്കാരിന്റെ അനുമതി തേടി. തന്നെ കേരളഹൗസില്‍ അറ്റാച്ച് ചെയ്യണമെന്ന അസ്താനയുടെ ആവശ്യം ആഭ്യന്തരവകുപ്പ് അംഗീകരിച്ചു.

പക്ഷേ, വിജിലന്‍സ് ഡയറക്ടറാകാന്‍ കേരളത്തിലേക്ക് മടങ്ങിയെത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും കണ്ട് അസ്താന ആവശ്യപ്പെട്ടിരിക്കുകയാണ്.

2020മേയ് വരെ കാലാവധിയുള്ള ഫയര്‍ഫോഴ്‌സ് മേധാവി എ.ഹേമചന്ദ്രനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ അന്വേഷണത്തില്‍ സി.പി.എം ഏറെ കുറ്റപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് ഹേമചന്ദ്രന്‍. പക്ഷേ, വിവാദങ്ങളില്‍ മുങ്ങിനിന്ന ഫയര്‍ഫോഴ്‌സ് വകുപ്പ് അദ്ദേഹം മികച്ചരീതിയില്‍ മുന്നോട്ടു കൊണ്ടുപോവുന്നുണ്ട്. നേരത്തേ ഇന്റലിജന്‍സിലും ഹേമചന്ദ്രന്റേത് മികച്ച പ്രവര്‍ത്തനമായിരുന്നു. ഡി.ജി.പി റാങ്കുള്ള എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗും പരിഗണനയിലുണ്ടെങ്കിലും ആഭ്യന്തരവകുപ്പിന്റെ നിലപാട് അദ്ദേഹത്തിന് അനുകൂലമല്ല.

സി.പി.എം കടുത്ത വിമര്‍ശനമുന്നയിച്ച ശങ്കര്‍റെഡ്ഡിയെയും രാഷ്ട്രീയകാരണങ്ങളാല്‍ രാജേഷ് ദിവാനെയും വിജിലന്‍സ് മേധാവിയാക്കുന്നതിന് പരിമിതികളുണ്ട്.

വിജിലന്‍സില്‍ നിന്ന് അവധിയെടുപ്പിച്ച് മാറ്റി ഐ.എം.ജി ഡയറക്ടറാക്കിയ ജേക്കബ്‌തോമസിനെ മടക്കികൊണ്ടുവരുന്നതിലും സമവായമായിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരിശീലന ചട്ടം തയ്യാറാക്കി മികച്ച രീതിയിലാണ് ഐ.എം.ജിയില്‍ ജേക്കബ്‌തോമസ് പ്രവര്‍ത്തിക്കുന്നത്. വിജിലന്‍സിന് മുഴുവന്‍ സമയ ഡയറക്ടറില്ലാത്തതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

പൊലീസ് ഭരണത്തിനു പുറമേ വിജിലന്‍സില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹറയ്ക്ക് ശ്രദ്ധിക്കാനാവുന്നുമില്ല. എ.ഡി.ജി.പിമാരായ അനില്‍കാന്ത്, ഷേഖ് ദര്‍വേഷ് സാഹിബ് എന്നിവരിലൊരാള്‍ക്ക് ഡയറക്ടരുടെ ചുമതല കൈമാറിയിട്ടുമില്ല. എ.ഡി.ജി.പിയെ വിജിലന്‍സ് ഡയറക്ടറാക്കിയാല്‍ തസ്തിക തരംതാഴ്ത്തണം. കഴിഞ്ഞസര്‍ക്കാര്‍ ശങ്കര്‍റെഡ്ഡിക്കായി വിജിലന്‍സ് ഡയറക്ടറുടെ കേഡര്‍ തസ്തിക തരംതാഴ്ത്തിയപ്പോള്‍ സി.പി.എം വന്‍പ്രതിഷേധമുയര്‍ത്തിയിരുന്നു.