നഴ്‌സ് സമരം പൊളിക്കാനുള്ള കണ്ണൂര്‍ കളക്ടറുടെ ശ്രമം പാളി; ജോലിക്കില്ലെന്ന് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍; പഠിപ്പ് മുടക്കി പ്രതിഷേധം

നഴ്‌സുമാരുടെ സമരം നടക്കുന്ന ആശുപത്രികളില്‍ ജോലിക്ക് പോകണമെന്ന കലക്ടറുടെ ഉത്തരവിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം. പരിയാരം മെഡിക്കല്‍ കോളജ് നഴ്‌സിങ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കോളജിന് മുന്നില്‍ പഠിപ്പ് മുടക്കി വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിക്കുകയാണ്.

കണ്ണൂരില്‍ നഴ്‌സുമാരുടെ സമരം നേരിടാന്‍ ജില്ലാഭരണകൂടമാണ് നഴ്‌സിങ് വിദ്യാര്‍ഥികളെ ആശുപത്രിയിലേക്ക് അയക്കാന്‍ തീരുമാനിച്ചത്. ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് സമരം നടക്കുന്ന ആശുപത്രികളില്‍ ഇരുനൂറോളം വിദ്യാര്‍ഥികളെ നിയോഗിക്കാനാണ് കലക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗം തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനം ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ അഭിപ്രായപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം നഴ്‌സുമാരുടെ സമരസംഘടനകളായ യു.എന്‍.എ, ഐ.എന്‍.എ എന്നീ സംഘടനകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നു. ഇതേത്തുടര്‍ന്ന് യു.എന്‍.എ സമരം മാറ്റിവെച്ചങ്കിലും ഇതര സംഘടന സമരവുമായി മുന്നോട്ടുപോവുകയാണ്. സമരം പൊളിക്കുന്നതിനുള്ള രഹസ്യ അജന്‍ഡയുടെ ഭാഗമായാണ് സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ ഇത്തരമൊരു ഉത്തരവ് പുറത്തിറങ്ങിയതെന്നും കരുതപ്പെടുന്നുണ്ട്.

കണ്ണൂരില്‍ ഇത്തരമൊരു നീക്കം പരീക്ഷിച്ച് വിജയം കണ്ടാല്‍ സംസ്ഥാനത്താകമാനം ഇത് നടപ്പാക്കാനുള്ള അജന്‍ഡയാണ് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനുള്ളതെന്ന് സമരം നേതൃത്വവും വിലയിരുത്തുന്നു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി സമരം തുടരുന്ന 21 സ്വകാര്യ ആശുപത്രികളിലാണ് സമരം നടക്കുന്നത്. പനി പടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഒമ്പത് ആശുപത്രികളിലാണ് നഴ്‌സിങ് വിദ്യാര്‍ഥികളെ നിയോഗിച്ചിരിക്കുന്നത്.

എട്ട് നഴ്‌സിംഗ് കോളേജുകള്‍ക്കാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ദിവസം 150 രൂപ വിദ്യാര്‍ഥികള്‍ക്ക് പ്രതിഫലം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വാഹന സൗകര്യവും ശമ്പളവും ആശുപത്രി മാനേജ്‌മെന്റ് നല്‍കണം. കുട്ടികള്‍ കോളേജില്‍ നിന്ന് ആശുപത്രിയിലേക്ക് പോകുമ്പോള്‍ പോലീസ് സംരക്ഷണം നല്‍കണം. ആശുപത്രികള്‍ക്കും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണം.

അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും വേണം. ജോലിക്ക് വരാത്ത വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ആവശ്യമെങ്കില്‍ കോഴ്‌സില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്യണമെന്നും ഉത്തരവുണ്ട്. നഴ്‌സുമാര്‍ നടത്തുന്ന സമരം ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനങ്ങളെ തകര്‍ക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് കടുത്ത നടപടി സ്വീകരിക്കുന്നതെന്ന് ഇതു സംബന്ധിച്ച ഉത്തരവില്‍ പറയുന്നു. ഉത്തരവ് നടപ്പാക്കുന്നതിന് തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെ ഐ.പി.സി സി.ആര്‍.പി.സി വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുക്കണമെന്നും ഉത്തരവില്‍ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പഠിക്കുന്ന വിദ്യാര്‍ഥികളെ പണിക്കിറക്കി സമരം തകര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെങ്കില്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നും സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് കാത്തു നില്‍ക്കാതെ ശക്തമായ പ്രക്ഷോഭം നടത്തുവാന്‍ നഴ്‌സുമാര്‍ രംഗത്തിറങ്ങുമെന്നും യൂണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു.

കുട്ടികളെ വച്ചു രോഗികളെ ചികിത്സിക്കുന്ന സര്‍ക്കാരിന്റെ പ്രാകൃതമായ നടപടിയിലെ അപകടം പൊതുസമൂഹം തിരിച്ചറിയണം. വിവാദ ഉത്തരവ് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പെടുത്താന്‍ അടിയന്തിര ഹര്‍ജി നല്‍കുമെന്നും വിഷയം നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്ട്രാറുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും ഷാ അറിയിച്ചു.