റോജര്‍ ഫെഡറര്‍ക്ക് എട്ടാം വിംബിള്‍ഡണ്‍ കിരീടം

ലണ്ടന്‍: പ്രായം തളര്‍ത്താത്ത പോരാട്ടവീര്യം റോജര്‍ ഫെഡറര്‍ ഒരിക്കല്‍ കൂടി പ്രകടിപ്പിച്ചപ്പോള്‍ വിംബിള്‍ഡണ്‍ കിരീടം സ്വന്തം. ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഫെഡറര്‍ തകര്‍ത്തു. സ്‌കോര്‍: 6-3, 6-1, 6-4.
ഫെഡററുടെ കരിയറിലെ എട്ടാം വിംബിള്‍ഡണ്‍ കിരീടമാണ്. ഇതോടെ ഏറ്റവും കൂടുതല്‍ വിംബിള്‍ഡണ്‍ കിരീടങ്ങള്‍ നേടുന്ന താരമായി ഫെഡറര്‍. വിംബിള്‍ഡണ്‍ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരം കൂടിയാണ് 35 കാരന്‍ ഫെഡറര്‍. ആര്‍തര്‍ ആഷെയുടെ റെക്കോഡാണ് ഫെഡറര്‍ തകര്‍ത്തത്. 1976 ല്‍ വിംബിള്‍ഡണ്‍ നേടുമ്പോള്‍ ആര്‍തറുടെ പ്രായം 32.

കരിയറില്‍ ഗ്രാന്റ് സ്ലാമുകളുടെ എണ്ണം 19 ആയി ഉയര്‍ത്താനും ഫെഡറര്‍ക്കായി. സ്വിസ് സൂപ്പര്‍ താരത്തിന്റെ 11-ാം വിംബിള്‍ഡണ്‍ ഫൈനല്‍ കൂടിയായിരുന്നു. ഇതില്‍ എട്ടിലും ജയിക്കാന്‍ അദ്ദേഹത്തിനായി. സിലിച്ചിന്റെ ആദ്യത്തേതും. ഇതുവരെ 29 ഗ്രാന്റ് സ്ലാം ഫൈനലുകളില്‍ ഫെഡററര്‍ റാക്കറ്റേന്തുകയും ചെയ്തു.

അതിനിടെ സിലിച്ച് പൂര്‍ണ ആരോഗ്യവാനല്ലാത്തതും ഫെഡറര്‍ക്ക് അനുഗ്രഹമായി. പരുക്ക് വകവയ്ക്കാതെയാണ് ക്രൊയേഷ്യന്‍ താരം ഫൈനല്‍ കളിച്ചത്. രണ്ടാം സെറ്റില്‍ 0-3 ന് പിന്നില്‍ നില്‍ക്കെ സിലിച്ച് കണ്ണീര്‍ ഉതിര്‍ക്കുകയും ചെയ്തു. ഏഴാം സീഡ് സിലിച്ച് 2014 യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ കൂടിയാണ്. ഫെഡററുടെ അനുഭവസമ്പത്തിനെ മറികടക്കാന്‍ ഒരിക്കല്‍ പോലും സിലിച്ചിനായില്ല. ഒരു സെറ്റ് പോലും നഷ്ടമാകാതെയാണ് ടൂര്‍ണമെന്റില്‍ ഫെഡറര്‍ ചാമ്പ്യനായത്. 1976 ല്‍ ബ്യോണ്‍ ബോര്‍ഗാണ് ഈ രീതിയില്‍ കിരീടം നേടിയ മറ്റൊരു താരം.

ആദ്യ സെറ്റിന്റെ നാലാം ഗെയിമില്‍ സിലിച്ചിന് ബ്രേക്ക് പോയിന്റിനുളള അവസരം ലഭിച്ചതാണ്. പക്ഷെ ഫെഡറര്‍ രക്ഷപ്പെടുത്തി. മല്‍സരത്തില്‍ നേരിയ മുന്‍തൂക്കം സിലിച്ചിന് ലഭിച്ചതും ഈ അവസരത്തില്‍ മാത്രമാണ്. തൊട്ടടുത്ത ഗെയിം ഫെഡറര്‍ ബ്രേക്ക് ചെയ്തു. പിന്നീട് ഒന്നു തിരിഞ്ഞുനോക്കുക പോലും ചെയ്യാതെ ഫെഡറര്‍ കുതിക്കുകയായിരുന്നു. സിലിച്ചിന്റെ ഇരട്ട പിഴവ് മുതലെടുത്ത ഫെഡറര്‍ ആദ്യ സെറ്റ് കൈക്കലാക്കുകയും ചെയ്തു.

രണ്ടാം സെറ്റില്‍ തുടക്കത്തില്‍ 3-0 ത്തിന് ഫെഡറര്‍ മുന്നിലെത്തി. തുടര്‍ന്നായിരുന്നു സിലിച്ചിന് പരുക്കേറ്റത്. ഇതോടെ സിലിച്ചിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. 4-1 ന് മുന്നിലെത്തിയ ഫെഡറര്‍ വൈകാതെ 6-1 ന് സെറ്റ് കൈക്കലാക്കി. രണ്ടാം സെറ്റ് കഴിഞ്ഞതോടെ സിലിച്ച് മെഡിക്കല്‍ ടൈംഔട്ട് ആവശ്യപ്പെട്ടു.

ഇടതു കാല്‍പാദത്തില്‍ ബാന്‍ഡേജിട്ടാണ് മൂന്നാം സെറ്റില്‍ സിലിച്ച് ഇറങ്ങിയത്.
ഒന്നാം റൗണ്ട് മുതല്‍ ഫൈനല്‍ വരെയുള്ള മല്‍സരങ്ങളില്‍ 130 എയ്‌സുകള്‍ പായിച്ച സിലിച്ച് ഫെഡറര്‍ക്കെതിരെ രണ്ടെണ്ണം മാത്രമാണ് തൊടുത്തത്. തന്റെ ട്രേഡ് മാര്‍ക്കായ എയ്‌സുകളില്‍ പോലും സിലിച്ച് പിന്നോട്ട് പോകുന്ന കാഴ്ച ദയനീയമായിരുന്നു. തികച്ചും ഏകപക്ഷീയമായ ഫൈനല്‍ ഒരു മണിക്കൂര്‍ 41 മിനിറ്റിനുള്ളില്‍ ഫെഡററുടെ കീശയിലിരുന്നു.

2012ന് ശേഷമുള്ള ഫെഡററുടെ ആദ്യ വിംബിള്‍ഡണ്‍ കിരീടം കൂടിയായിരുന്നു. ഫെഡററുടെ എട്ടാം വിംബിള്‍ഡണാണ്. ഏഴ് കിരീടങ്ങള്‍ സ്വന്തമായുള്ള പീറ്റ് സാംപ്രസ്, വില്യം റെന്‍ഷാവ് എന്നിവരെയാണ് ഫെഡറര്‍ മറികടന്നത്.

അതിനിടെ പുരുഷ, വനിതാ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ വിംബിള്‍ഡണില്‍ ജേതാവായത് മാര്‍ട്ടീനാ നവരത്തിലോവയാണ്, ഒമ്പത് പ്രാവശ്യം.
ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയതിന് പിന്നാലെയാണ് ഫെഡററുടെ വിംബിള്‍ഡണ്‍ കിരീടവും. എക്കാലത്തെയും മികച്ച ഗ്രാന്റ് സ്ലാം വേട്ടക്കാരില്‍ ഹെലന്‍ വില്‍സ് മൂഡിക്കൊപ്പം നാലാം സ്ഥാനം പങ്കിടുകയാണ് ഫെഡറര്‍. 24 കിരീടങ്ങളുള്ള മാര്‍ഗരറ്റ് കോര്‍ട്ടാണ് ഒന്നാമത്.