‘അമ്മ’ വെട്ടിച്ചത് കോടികള്‍; ആദായവകുപ്പ് കടുത്ത നടപടിയിലേക്ക്‌

താരസംഘടനയായ അമ്മയിൽ വൻ നികുതി വെട്ടിപ്പ്. എട്ട് കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

കേരളത്തിലും വിദേശത്തുമായി നടന്ന താരനിശകളുടെ പ്രതിഫലം അമ്മ മറച്ചുവച്ചു. ഈ തുക അമ്മ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നു ആദായനികുതി വകുപ്പ് കണ്ടെത്തി. താര നിശകളിൽ നിന്നുള്ള യഥാർത്ഥ വരുമാനം, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചെന്ന പേരിൽ വകമാറ്റിയാണ് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആദായി നികുതി വകുപ്പിന്റെ കണ്ടെത്തൽ.

എട്ട് കോടിയിലധികം രൂപ താരനിശകളിൽ നിന്നുള്ള പ്രതിഫലമായി ലഭിച്ചുവെങ്കിലും, കേവലം രണ്ട് കോടി രൂപ മാത്രമാണ് വരവ് വച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബാക്കി തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചുവെന്നാണ് സംഘടനയുടെ വിശദീകരണം.

എന്നാൽ ഇതിന്റെ വിശദാംശങ്ങൾ പൂർണമായും ഹാജരാക്കാൻ അമ്മയ്ക്ക് കഴിഞ്ഞിട്ടില്ല. അതേസമയം, ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ അപ്പീൽ അതോറിറ്റിയെ സമീപിച്ചിട്ടുണ്ട്. കൂടാതെ, റിക്കവറി അടക്കമുള്ള നടപടിക്കെതിരെ ഹൈക്കോടതിയിൽ നിന്ന് ഇടക്കാല സ്റ്റേയും അമ്മ നേടിയിട്ടുണ്ട്.