ദിലീപിന്റെ ജാമ്യാപേക്ഷ; ഹൈക്കോടതിയിൽ വാദം പൂർത്തിയായി, വിധി പറയാൻ മാറ്റി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചനയിൽ കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്യപ്പെട്ട നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായതിനെ തുടർന്ന് വിധി പറയാൻ മാറ്റി. മതിയായ തെളിവുകളില്ലാതെ കുറ്റവാളിയായ പൾസർ സുനിയുടെ മൊഴിമാത്രം കണക്കിലെടുത്തായിരുന്നു ദിലീപിന്റെ അറസ്റ്റെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ.

കേസിൽ ഗൂഢാലോനയില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ അന്തിമ റിപ്പോർട്ട് ഏപ്രിലിൽ സമർപ്പിക്കുമ്പോഴും ദിലീപ് പ്രതിയായിരുന്നില്ല. സിനിമാ ജീവിതം തകർക്കാൻ ചിലർ ഗൂഢാലോചന നടത്തുന്നുവെന്ന പരാതി നൽകിയതിനു പിന്നാലെയാണ് ദിലീപിനെതിരെ പൊലീസ് തിരിഞ്ഞത്. നടിയെ ആക്രമിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും റിമാൻഡ് റിപ്പോർട്ടിലില്ല.

റിമാൻഡ് റിപ്പോർട്ടിലെ ആരോപണങ്ങൾ ദിലീപിന്റെ ജീവനക്കാർക്കെതിരെ മാത്രമാണ്. ഇതുൾപ്പെടെ ദീലീപിനെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തെന്നും ഇനിയും ജയിലിൽ തുടരേണ്ട സാഹചര്യമില്ലെന്നുമുള്ള വാദങ്ങളാണ് ജാമ്യാപേക്ഷയിൽ ദിലീപ് ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, നടിക്കെതിരായ ആക്രമണത്തിന്റെ മുഖ്യആസൂത്രകൻ ദിലീപാണെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ശക്തവും വ്യക്തവുമായി തെളിവുണ്ടെന്ന വാദമാണ് പൊലീസ് കോടതിയിൽ ഉയർത്തിയത്. ദിലീപിനെതിരെ വിശ്വസനീയമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കേസിൽ ഇനിയും അറസ്‌റ്റുകൾ ഉണ്ടാവുമെന്നും പൊലീസ് അറിയിച്ചു.