ദിലീപിന്റെ അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടും; സിനിമാ ലോകത്തെ പ്രമുഖര്‍ കുരുക്കിലേക്ക്

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ നടന്‍ ദിലീപിനുള്ള പങ്ക് വ്യക്തമാകുന്ന സാഹചര്യത്തില്‍ ദിലീപിന്റെ അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അനധിതൃത സ്വത്ത് സമ്പാദനം സംബന്ധിച്ച അന്വേഷണം ദിലീപില്‍ മാത്രം ഒതുങ്ങില്ലെന്ന വ്യക്തമായ സൂചനയും എന്‍ഫോഴ്‌സ്‌മെന്റ് ഉന്നത ഉദ്യോഗസ്ഥന്‍ നല്‍കി.

ദിലീപുമായി സാമ്പത്തിക ഇടപാടുകളുള്ള സിനിമാരംഗത്തും പുറത്തുമുള്ള വ്യക്തികളിലേക്കും അന്വേഷണം നീളും. ഇവര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയാല്‍ അതും കണ്ടുകെട്ടും. മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍, സംവിധായകര്‍, നിര്‍മ്മാതാക്കള്‍ തുടങ്ങി പലരുടേയും സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാനുള്ള ഒരുക്കത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
എന്നാല്‍ ഇതു സംബന്ധിച്ച് ഇപ്പോള്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങള്‍ മാത്രമാണന്ന് എന്‍ഫോഴ്‌സ്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വീക്ഷണത്തോട് പറഞ്ഞു.

ദിലീപിന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ പൊലീസിന്റെ പക്കല്‍നിന്നും വാങ്ങി പ്രാഥമിക പരിശോധന നടത്തി വരുന്നതേയുള്ളൂ. ചാര്‍ജ് ഷീറ്റ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചതിനുശേഷമേ സാമ്പത്തിക ഇടപാടുകളെപ്പറ്റിയുള്ള അന്വേഷണം ആരംഭിക്കാനാവുകയുള്ളൂ. അന്വേഷണശേഷം എന്‍ഫോഴ്‌സ്‌മെന്റ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) കോടതിയില്‍ സമര്‍പ്പിക്കും. മറ്റൊരു ഏജന്‍സിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായാണ് സാധാരണ ഗതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ഏറ്റെടുക്കുന്നത്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന് കീഴില്‍ വരുന്ന കേസുകള്‍ മാത്രമാണ് തങ്ങള്‍ നേരിട്ട് അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

താര സംഘടനയായ അമ്മ നടത്തിയ കോടികളുടെ പണമിടപാടുകളും അന്വേഷണ പരിധിയില്‍ വരും. സ്വകാര്യ ചാനലുകളുമായി സഹകരിച്ച് വിദേശ രാജ്യങ്ങളില്‍ നടന്ന താരനിശകളുടെ പ്രതിഫല തുകയില്‍ 8.15 കോടി രൂപ സംഘടന കണക്കില്‍ കാണിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. നടപടിക്കെതിരേ അമ്മ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

ഇതിനിടെ ദിലീപിന്റെ സിനിമാ വിതരണക്കമ്പനിയായ നാദ് ഗ്രൂപ്പ് നാല് കോടി രൂപയുടെ സേവന നികുതി വെട്ടിച്ചതായി കണ്ടെത്തിയ സെന്‍ട്രല്‍ എക്‌സൈസ് ചില അക്കൗണ്ടുകള്‍ മരവിപ്പിച്ച് 2.5 കോടി രൂപ തിരിച്ചു പിടിച്ചിരുന്നു. അവശേഷിക്കുന്ന ഒന്നരക്കോടിരൂപ ഇതുവരെ തിരിച്ചടച്ചിട്ടില്ല. ഇവ സംബന്ധിച്ചും എന്‍ഫോഴ്‌സ്‌മെന്റ് വിശദമായ അന്വേഷണം നടത്തും.