കോഴവിവാദത്തില്‍ രാജിക്കൊരുങ്ങി കുമ്മനം; തടഞ്ഞത് ആര്‍.എസ്.എസ്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നേടിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ബി.ജെ.പി നേതാക്കള്‍ നടത്തിയ കോഴ ഇടപാടിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം. സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കോഴ ഇടപാടില്‍ ഉള്‍പ്പെട്ടുവെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്, സഹകരണ സെല്‍ സംസ്ഥാന കണ്‍വീനര്‍ വിനോദ് എന്നിവരില്‍ നിന്ന് തെളിവെടുക്കും. കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ പാര്‍ട്ടിയുടെ സംസ്ഥാന-കേന്ദ്രനേതാക്കളിലേക്കും അന്വേഷണം നീളും. വര്‍ക്കല എസ്.ആര്‍ (ശ്രീശങ്കര) എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍ ഷാജി, ചെര്‍പ്പുളശ്ശേരിയിലെ മെഡിക്കല്‍ കോളേജ് ഉടമ എന്നിവരുടെ മൊഴിയെടുക്കാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, കേരളത്തിലെ കോഴ വിവാദം കേന്ദ്രനേതൃത്വത്തിന് തലവേദനയായ പശ്ചാത്തലത്തില്‍ പാര്‍ട്ടി സംസ്ഥാന ഘടകം വിപുലമായി അഴിച്ചുപണിയാനുള്ള നീക്കവും അണിയറയില്‍ തുടങ്ങി. ഇത് സംബന്ധിച്ചുള്ള സൂചനകള്‍ ലഭിച്ചതോടെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രാജി സന്നദ്ധത പ്രകടിപ്പിച്ചതായാണ് വിവരം.

ആര്‍.എസ്.എസ് നേതാക്കളുമായി രാജി വെയ്ക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയെങ്കിലും കുമ്മനം ധൃതിയില്‍ തീരുമാനമെടുക്കരുതെന്ന ഉപദേശമാണ് ലഭിച്ചിരിക്കുന്നത്. ഇക്കാര്യം ആര്‍.എസ്.എസ് നേതാക്കള്‍ ദേശീയ നേതൃത്വത്തിനെ അറിയിച്ചെങ്കിലും സംസ്ഥാന ഘടകത്തിന് വന്‍വീഴ്ച സംഭവിച്ചുവെന്ന മറുപടിയാണ് ലഭിച്ചത്.
കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടി എടുത്തില്ലെങ്കില്‍ പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുമെന്നും ദേശീയ നേതൃത്വം കര്‍ശന നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സഹകരണ സെല്‍ സംസ്ഥാന കണ്‍വീനര്‍ വിനോദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നേട്ടമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്ക് കോഴ വിവാദത്തിലൂടെ തിരിച്ചടി നേരിട്ടെന്നും കേന്ദ്രനേതൃത്വം വിലയിരുത്തുന്നു.
അതേസമയം, കോഴ വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത് ഗൗരവത്തോടെയാണ് കേന്ദ്രനേതൃത്വം നിരീക്ഷിക്കുന്നത്. ബി.ജെ.പി സംസ്ഥാന ഘടകത്തിലെ വിഭാഗീയതയുടെ ഭാഗമായി റിപ്പോര്‍ട്ട് സി.പി.എം നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും ചോര്‍ത്തിക്കൊടുത്തുവെന്നുമാണ് വിലയിരുത്തല്‍.
അന്വേഷണ റിപ്പോര്‍ട്ട് കുമ്മനം രാജശേഖരന്റെ ഇ-മെയിലിലേക്ക് അയച്ചതിന് പുറമേ രജിസ്റ്റേര്‍ഡ് പോസ്റ്റായും അയച്ചിരുന്നു. ഇത് എങ്ങനെ ചോര്‍ന്നുവെന്ന് അന്വേഷണം നടത്തണമെന്നും കേന്ദ്രനേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്.