കുടുംബശ്രീയില്‍ വന്‍ പരീക്ഷാ ക്രമക്കേട്

തിരുവനന്തപുരം: കുടുംബശ്രീ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ വിവിധ ജില്ലകളിലായി നടത്തിയ എഴുത്തു പരീക്ഷയില്‍ വ്യാപക ക്രമക്കേട്. 2017 മാര്‍ച്ച് 12ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീവിടങ്ങളിലായി കുടുംബശ്രീക്ക് വേണ്ടി സി.എം.ഡിയാണ് (സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ്) പരീക്ഷ നടത്തിയത്.

കുടുംബശ്രീയുടെ സംസ്ഥാന, ജില്ലാ മിഷനുകളില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മുന്നൂറോളം ഒഴിവുകളിലേക്ക് നടത്തിയ പരീക്ഷയിലും തുടര്‍ന്ന് പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് പട്ടികയിലുമാണ് വ്യാപക ക്രമക്കേടുള്ളതായി കണ്ടെത്തിയിരിക്കുന്നത്.

വിവിധ വിദ്യാഭ്യാസ യോഗ്യതകള്‍ അടിസ്ഥാനമായ 15000 രൂപ മുതല്‍ 80000 രൂപ വരെ ശമ്പളമുള്ള വിവിധ തസ്തികകളിലേക്ക് ഒരേ ചോദ്യപേപ്പര്‍ ഉപയോഗിച്ചാണ് പരീക്ഷ നടത്തിയിട്ടുള്ളത്. അതിവിപുലമായ പ്രവര്‍ത്തി പരിചയവും വിദ്യാഭ്യാസ യോഗ്യത ആവശ്യമുള്ളതും അനവധിയായ ചുമതലകള്‍ നിര്‍വഹിക്കേണ്ടതുമായ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ തസ്തികയിലേക്കും ഏറ്റവും താഴ്ന്ന കണ്‍സള്‍ട്ടന്റ് തസ്തികയിലേക്കും ഒരേ പരീക്ഷയാണെന്നുള്ളതും വിചിത്രമാണ്.

ഇതിനു പുറമേ പ്രോഗ്രാം മാനേജര്‍ (കൃഷി മൃഗസംരക്ഷണം), അതിനു കീഴില്‍ വരുന്ന കണ്‍സള്‍ട്ടന്റ് (കൃഷി മൃഗസംരക്ഷണം) എന്നീ തസ്തകകളും ഇതേ പരീക്ഷയില്‍ ഉള്‍പ്പെട്ടിരുന്നു. പരീക്ഷയ്ക്ക് ശേഷം ഉദ്യോഗാര്‍ത്ഥികളുടെ ഹാള്‍ ടിക്കറ്റ് അധികൃതര്‍ തിരികെ വാങ്ങിയതും ദുരൂഹത വര്‍ധിപ്പിക്കുന്നു.
ഇങ്ങനെ നടത്തിയ പരീക്ഷയെ തുടര്‍ന്ന ആദ്യ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. ഏപ്രില്‍ 10 മുതല്‍ 28 വരെ സി.എം.ഡിയില്‍ നടത്തിയ അഭിമുഖത്തെ തുടര്‍ന്ന് പ്രസിദ്ധീകരിച്ച അവസാന റാങ്ക് ലിസ്റ്റിലാണ് വ്യാപക ക്രമക്കേടുള്ളത്.

ഒരേ ആളുകള്‍ തന്നെ വിവിധ റാങ്ക് ലിസ്റ്റുകളില്‍ ഇടം നേടിയിട്ടുണ്ട്. പ്രോഗ്രാം മാനേജര്‍ (സൂക്ഷ്മ സംരംഭങ്ങള്‍) റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്ക് നേടിയയാള്‍ തന്നെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലും ഒന്നാം പേരുകാരനാണ്. ഇതേ ആള്‍ തന്നെ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ റാങ്ക് ലിസറ്റില്‍ രണ്ടം റാങ്ക് നേടിയിട്ടുണ്ട്. കുടുംബശ്രീയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് വിവാദ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇങ്ങനെ പല തസ്തികകളിലേക്ക് പ്രസിദ്ധീകരിച്ചിരിക്കുന്ന റാങ്ക് ലിസ്റ്റുകളിലും ഒരേ പേരുകാര്‍ കടന്നു കൂടിയുട്ടുണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. ഇത് അനധികൃത നിയമനത്തിനു വേണ്ടിയാണെന്നും പിന്നില്‍ ലക്ഷങ്ങളുടെ അഴിമതിയുണ്ടെന്നുമാണ് ഇപ്പോള്‍ ആരോപണമുയരുന്നത്. പരീക്ഷയും റാങ്ക് ലിസ്റ്റും വിവാദമായതിനെ തുടര്‍ന്ന് ഇവയുടെ പകര്‍പ്പിനായി പരീക്ഷാര്‍ത്ഥികള്‍ സി.എം.ഡിലെ സമീപിച്ചിരുന്നു. ഉദ്യോഗാര്‍രത്ഥികള്‍ വിവരാവകാശ പ്രകാരം അപേക്ഷിച്ചാലും ഉത്തരക്കടലാസ്, ഹാള്‍ ടിക്കറ്റ് എന്നിവയുടെ പകര്‍പ്പ് നല്‍കാന്‍ നിയമമില്ലെന്നും സി.എം.ഡി വ്യക്തമാക്കുന്നു.

എഴുത്തു പരീക്ഷയെ തുടര്‍ന്ന് നടത്തിയ അഭിമുഖ പാനലിലും വേണ്ടത്ര യോഗ്യതയില്ലാത്ത ആളുകളാണ് ഉണ്ടായിരുന്നതെന്നും പറയപ്പെടുന്നു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഡയറക്ടര്‍, ഹൈസ്‌കൂള്‍ അധ്യാപകനായ പ്രോഗ്രാം ഓഫീസര്‍, രണ്ട് വനിതാ ഗവേണിംഗ് ബോഡി പ്രതിനിധികള്‍ എന്നിവരായിരുന്നു പാനലില്‍ ഉണ്ടായിരുന്നത്.

മുഖ്യ പ്രതിനിധിയായിരുന്ന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പരിശീലന സമയത്ത് മസൂറിയില്‍ പരീശീലനത്തിലായിരുന്നു എന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. പല ദിവസങ്ങളിലും ഡയറക്ടറും വനിതാ ഗവേണിംഗ് ബോഡി അംഗങ്ങളും പങ്കെടുത്തില്ലെന്നും ഇവര്‍ക്ക് പകരം വിവിധ ആരോപണങ്ങളില്‍ പെട്ട പ്രോഗ്രാം ഓഫീസറാണ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ തസ്തികയിലേക്ക്് പോലും അഭിമുഖം നടത്തിയതെന്നുമാണ് ആരോപണങ്ങള്‍.