ദിലീപ് ജയിലില്‍ തുടരും; ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. ഇതോടെ ദിലീപ് ഇനിയും ജയിലില്‍ തുടരും. ഈ മാസം 20 ന് ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ട കോടതി വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ഈ മാസം 17 ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതി പൂര്‍ണമായും അംഗീകരിച്ചുഎന്നാണ് വിധിയില്‍ നിന്ന് വ്യക്തമാകുന്നത്. ഇരുഭാഗത്തിന്റെയും വിശദമായ വാദം കേട്ട കോടതി കേസ് ഡയറികൂടി പരിശോധിച്ചശേഷമാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞിരിക്കുന്നത്. അന്വേഷണം പൂര്‍ത്തായാകാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

ദിലീപിന്റെ ആദ്യ റിമാന്‍ഡ് കാലാവധി ഇനിയും അവസാനിച്ചിട്ടില്ല. ഈമാസം 25 നാണ് ദിലീപിന്റെ ആദ്യ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്. അതിനാല്‍ത്തന്നെ ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവായിരുന്നു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. നിര്‍ണായത തെളിവുകള്‍ കണ്ടെത്താനുള്ളതിനാല്‍ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ഗൂഢാലോചനയുടെ കിംഗ് പിന്‍ ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചത്. അതിനാല്‍ത്തന്നെ പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തെ അത് ബാധിക്കും. കേസിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. വാദത്തിനിടെ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് എഴുതിയതെന്ന് പറയുന്ന കത്ത് ഡിജിപി കോടതിയെ വായിച്ച് കേള്‍പ്പിച്ചു. കത്ത് ദിലീപിന് കൈമാറിയിട്ടില്ലെന്ന് അഭിഭാഷകന്‍ കെ രാംകുമാര്‍ പറഞ്ഞു. എന്നാല്‍ കത്തുലഭിക്കാതെ ബ്ലാക്ക് മെയിലിംഗിനെ കുറിച്ച് ദിലീപ് എങ്ങനെയാണ് പരാതി നല്‍കിയതെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ രാംകുമാറും പ്രോസിക്യൂഷന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരുമാണ് ഹാജരായത്.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്തിയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസിലെ മുഖ്യസൂത്രധാരന്‍ ദിലീപാണ്. എല്ലാ സാക്ഷിമൊഴികളും വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്കാണ്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നാലുതവണ കണ്ടതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന് വേണ്ടി വ്യക്തമാക്കി.