ദിലീപ് സുപ്രീംകോടതിയിലേക്ക്; വഴികള്‍ ഒന്നൊന്നായി അടയുമ്പോഴും പ്രതീക്ഷ വിടാതെ താരം

നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ ജാമ്യത്തിനായി ദിലീപ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഉറപ്പായി.

മുതിര്‍ന്ന അഭിഭാഷകന്‍ രാംജത് മലാനിയെ ഇതിനായി ദിലീപ് നേരത്തെ തന്നെ സമീപിച്ചതായി സൂചനയുണ്ടായിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ ജാമ്യ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ എത്തിക്കാനാണ് നീക്കം. ഇതോടെ ഇന്നും ആലുവ ജയിലില്‍ തന്നെ ദിലീപിന് കഴിയേണ്ടി വരും.

നാലു തവണ ദിലീപും പള്‍സര്‍ സുനിയും കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരന്‍ ദിലീപ് ആണ്. ചിത്രം പകര്‍ത്തിയ മൊബൈല്‍ കണ്ടെത്തുവാന്‍ കസ്റ്റഡി അനിവാര്യമാണ്. പ്രതികളെല്ലാം ഒരേ മൊബൈല്‍ ടവറിനു കീഴില്‍ എത്തിയിരുന്നു.

പള്‍സര്‍ സുനിയുടെ കത്തും പ്രോസിക്യുഷന്‍ കോടതിയില്‍ വായിച്ചു. എല്ലാ പ്രതികളുടെയും മൊഴികള്‍ വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്കാണ്. അതിനാല്‍ ദിലീപിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു. ഇത് കോടതി അംഗീകരിച്ചു. തെളിവ് നശിപ്പിക്കപ്പെടാനുള്ള സാധ്യതയില്‍ ഊന്നിയുള്ള വാദമായിരുന്നു പ്രോസിക്യൂഷന്റേത്.

അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. നിർണ്ണായക തെളിവുകൾ കണ്ടെത്തേണ്ടതുണ്ട്. പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നും ക്രൂരമായ കുറ്റകൃത്യമാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു. കൂടുതൽ പ്രതികൾ ഉണ്ടാകാമെന്ന വാദവും കോടതി അംഗീകരിച്ചു. ഉന്നതൻ ആയതിനാൽ തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയും പരിഗണിച്ചായിരുന്നു കോടതി വിധി. പ്രോസിക്യൂഷൻ ഉന്നയിച്ച ശാസ്ത്രീയ തെളിവുകളും കോടതി ഗൗരവത്തിലെടുത്തു. 19 ശാസ്ത്രീയ തെളിവുകളാണ് പൊലീസ് സമർപ്പിച്ചത്. ജൂൺ 16ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. 14 ദിവസമായി ദിലീപ് ആലുവ സബ് ജയിലിലാണ് കഴിയുന്നത്. ഇത് തുടരുമ്പോൾ നടൻ മാനസികമായി തളരും.

പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി അംഗീകരിച്ചത് പ്രതിഭാഗത്തിന് തിരിച്ചടിയായി. കേസ് ഡയറിയും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ചൊവ്വാഴ്ച ദിലീപിന്റെ റിമാൻഡ് കാലാവധി പൂർത്തിയാവുകയാണ്. അതിനാൽ പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ സമർപ്പിക്കാനും സാധ്യതയുണ്ട്. ഒളിവിലായ ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ അറസ്റ്റ് ചെയ്യാനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്. അപ്പുണ്ണിയെ കൂടി അറസ്റ്റ് ചെയ്ത ശേഷമാവും ചിലപ്പോൾ പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുക. ദിലീപിനെ അറസ്റ്റ് ചെയ്ത ദിവസം മുതൽ അപ്പുണ്ണി ഒളിവിലാണ്. അപ്പുണ്ണിയുമായി ചേർത്തിരുത്തിയുള്ള ചോദ്യം ചെയ്യലും നിർണ്ണായകമാകും. ഇതോടെ നടിയുടെ ആക്രമണ ഗൂഢാലോചനയിലെ തെളിവുകൾ പുറത്തുവരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

ദിലീപിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ടവർ ലൊക്കേഷൻ അടക്കമുള്ള തെളിവുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. നിർണായക തെളിവായ മൊബൈൽ ഫോൺ അടക്കമുള്ളവ കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യുഷൻ വ്യക്തമാക്കിയിരുന്നു. കേസ് ഡയറിയും പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. ജാമ്യം നിഷേധിച്ചതോടെ ദിലീപ് റിമാൻഡ് തടവുകാരനായി ആലുവ സബ് ജയിലിൽ തുടരും.
അഡ്വ. രാംകുമാര്‍ ചൂണ്ടിക്കാട്ടിയ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. ഇതോടെ ദിലീപിന്റെ മോചനം വീണ്ടും നീളുകയായിരുന്നു.