മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം; സെന്‍കുമാറിന്റെ മൊഴി രേഖപ്പെടുത്തി; നടിക്കെതിരായ പരാമര്‍ശത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തണമെന്ന് എഡിജിപി സന്ധ്യയുടെ റിപ്പോര്‍ട്ട്

    മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് എസ്പി മുഹമ്മദ് ഷബീറാണ് സെന്‍കുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്. താന്‍ നടത്തിയ പരാമര്‍ശം മതസ്പര്‍ദ്ധ വളര്‍ത്തുന്നതല്ലെന്ന് ടിപി സെന്‍കുമാര്‍ ആവര്‍ത്തിച്ചു. സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് താന്‍ അഭിപ്രായം പറഞ്ഞതെന്നും സെന്‍കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

    ഈ കേസില്‍ ടി.പി സെന്‍കുമാറിന് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം. അനുവദിച്ചിരുന്നു. ഉപാധികളോടെയാണ് സെന്‍കുമാറിന് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താല്‍ ഉടന്‍ ജാമ്യം നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇനി കേസില്‍ ഇന്ന് വിശദമായ വാദം നടക്കാനിരിക്കെയാണ് ഇന്ന് സെന്‍കുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്. മതസ്പര്‍ദ്ധ പരത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേരള പൊലീസ് കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 153 എ എന്ന വകുപ്പാണ് സെന്‍കുമാറിന് മേല്‍ ചാര്‍ത്തിയിരിക്കുന്നത്.

    അതേസമയം, നടിക്കെതിരായ മോശം പരാമര്‍ശം നടത്തിയ സെന്‍കുമാറിനെതിരേ ജാമ്യമില്ലാ വകുപ്പുചുമത്തി കേസെടുക്കണമെന്ന് എഡിജിപി സന്ധ്യ രഹസ്യ റിപ്പോര്‍ട്ട് നല്‍കിയെന്നു മംഗളം റിപ്പോര്‍ട്ട് ചെയ്തു. എഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഗുരുതര പരാമര്‍ശങ്ങള്‍. സെന്‍കുമാറിനെ അറസ്റ്റ് ചെയ്തു നിയമ നടപടിക്കു വിധേയമാക്കണം. സ്ത്രീ സുരക്ഷയെ സംബന്ധിച്ച് ഐപിഎസ് ഉദ്യോഗസ്ഥര്‍ പുലര്‍ത്തേണ്ട മാതൃകാ സമീപനത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നെന്നു മംഗളം പറയുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

    സന്ധ്യയുടെ റിപ്പോര്‍ട്ടിന്‍മേല്‍ നിയമോപദേശം തേടിയശേഷം തുടര്‍നടപടിയുണ്ടാകും. സിനിമയിലെ സ്ത്രീ കൂട്ടായ്മയും സെന്‍കുമാറിനെതിരേ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ഡി.ജി.പി: ലോക്‌നാഥ് ബെഹ്‌റ. നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കുന്നതിനുവേണ്ടി അണിയറയില്‍ വന്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖ സംഭാഷണത്തിനിടയില്‍ മുന്‍ ഡി.ജി.പി: ടി.പി സെന്‍കുമാറിനു വന്ന ഫോണില്‍ അദ്ദേഹം ഇരയെക്കുറിച്ച് വളരെ മോശമായ ഭാഷയിലാണു സംസാരിച്ചത്.

    ”ഒരു കാര്യം പറയട്ടെ അവരുടെയൊക്കെ വില, മാക്‌സിമം 10 ലക്ഷം രൂപ കൊടുത്താല്‍ ഈ ക്വട്ടേഷനൊന്നുമില്ലാതെ തന്നെ അവര്‍ അതിനു തയാറാകും. അത്രയേയുള്ളൂ ഇവരുടെയൊക്കെ കാരക്ടര്‍”- എന്ന സെന്‍കുമാറിന്റെ പരാമര്‍ശം സ്ത്രീത്വത്തിനുനേരേയുള്ള കടന്നുകയറ്റമാണെന്നും സന്ധ്യയുടെ റിപ്പോര്‍ട്ടിലുണ്ടെന്നു മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതൊരിക്കലും അംഗീകരിക്കാനാകില്ല. കേസന്വേഷണം നടത്തിയ തന്റെ മനോവീര്യം തകര്‍ക്കാന്‍പോലും ശ്രമിച്ചു. അങ്ങേയറ്റം ഗൗരവസ്വഭാവമുള്ള കേസായതിനാല്‍ 13 മണിക്കൂര്‍ നടന്‍ ദിലീപിനെ ചോദ്യംചെയ്യേണ്ടി വന്നു. എന്നാല്‍, ഇതിനെ പരിഹസിക്കാനും തലസ്ഥാന നഗരിയില്‍ അരങ്ങേറിയ മറ്റൊരു കേസുമായി (സ്വാമിക്കേസ്) തന്നെ ബന്ധപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താനും മുന്‍ ഡി.ജി.പി. ശ്രമിച്ചെന്നും സന്ധ്യയുടെ റിപ്പോര്‍ട്ടിലുണ്ട്.

    സെന്‍കുമാര്‍ ഡി.ജി.പിയായിരിക്കെ കേസന്വേഷണം വഴിത്തിരിവില്‍ നില്‍ക്കുമ്പോള്‍ നടത്തിയ ഇടപെടലുകള്‍ അങ്ങേയറ്റം സംശയാസ്പദമാണ്. ആക്രമണത്തിനിരയായ നടിയെക്കുറിച്ച് അദ്ദേഹം നടത്തിയ അപമാനകരമായ പരാമര്‍ശം സാധാരണ വ്യക്തിയില്‍നിന്നുപോലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് മേധാവി സ്ഥാനത്തുനിന്നു മാറിയശേഷം കേസന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തിയത് ഔദ്യോഗിക രഹസ്യനിയമത്തിന്റെ നഗ്നമായ ലംഘനമാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ സ്വാധീനമുള്ള വ്യക്തികള്‍ പ്രതികളാണെന്നിരിക്കെ അന്വേഷണത്തിന്റെ വിവരങ്ങളാണെന്ന മട്ടില്‍ ചില കാര്യങ്ങള്‍ അദ്ദേഹം പുറത്തുവിട്ടത് ന്യായീകരിക്കാനാകില്ലല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.