ഓള പരപ്പിലൂടെ ചക്രവാളങ്ങൾ കീഴടക്കുവാൻ ‘ഷോട്ട്  പുളിക്കത്ര’; നീരണിയൽ ജൂലൈ 27ന്

-ബിനു ദാമോദരന്‍-

എടത്വാ :കഴിഞ്ഞ 9 പതിറ്റാണ്ടായി ജല കായിക മത്സര രംഗത്ത് ലോകമെങ്ങുമുള്ള കുട്ടനാടൻ ജലോത്സവ പ്രേമികൾക്ക് ആവേശവും അതുല്യമായ പെരുമയും സമ്മാനിച്ച മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും നാലാമത്തെ കളി വള്ളമായ ‘ഷോട്ട് പുളിക്കത്ര ‘ ജൂലൈ 27 ന്  10 ന്  നീരണിയും.നവതി നിറവിൽ നടക്കുന്ന നീരണിയൽ ചടങ്ങ്  ആഘോഷമാക്കുവാൻ ലക്ഷ്യമിട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി.

ഒരു നൂറ്റാണ്ടിനുള്ളിൽ  ഒരേ കുടുബത്തിൽ നിന്നും തുടർച്ചയായി 4 തലമുറക്കാർ 4  കളിവള്ളങ്ങൾ നിർമിച്ച് ചരിത്രം ഇതോട്ടുകൂടി പുളിക്കത്ര തറവാട് സ്വന്തമാക്കും.

നീരണിയൽ ചടങ്ങിന് മുന്നോടിയായി നടക്കുന്ന കൂദാശ ചടങ്ങുകൾക്ക് മാത്യൂസ് മാർ തേവോദോസിയോസ്  മെത്രാപോലീത്ത നേതൃത്വം നൽകും. പൊതു സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം ചെയ്യും. ആർ .രാജേഷ് എം.എൽ .എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ നീരണിയൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ഡോ. ജോൺസൺ വി.ഇടിക്കുള റിപ്പോർട്ട് അവതരിപ്പിക്കും.

ആദം പുളിക്കത്ര
ആദം പുളിക്കത്ര

ബ്രഹ്മശ്രീ ആനന്ദൻ നമ്പൂതിരി പട്ടമന അനുഗ്രഹ പ്രഭാഷണം നടത്തും. ഫോം മാറ്റിംങ്ങിസ് ചെയർമാൻ കെ.ആർ ഭഗീരഥൻ ആദ്യ തുഴച്ചിൽ ഫ്ലാഗ് ഓഫ് ചെയ്യും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് പ്രതിഭാ പുരസ്ക്കാരം വിതരണം ചെയ്യും. എടത്വാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് നവതി സ്മാരക ജീവകാരുണ്യ പ്രവർത്തനോദ്ഘാടനം നിർവഹിക്കും. കമാൻഡർ ജയ് ചാക്കോ ഇലഞ്ഞിക്കൽ ഏറ്റവും മുതിർന്ന തുഴച്ചിൽക്കാരെ ആദരിക്കും.
ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഷോട്ട് വെബ് സൈറ്റ് ഉദ്ഘാടനം ചെയ്യും. ആർപ്പൂക്കര ബോട്ട് ക്ലബ് ക്യാപ്റ്റൻ കെ.സി.ലാൽ ടീം അംഗങ്ങളെ പരിചയപെടുത്തും. പുതിയ ഷോട്ട് പുളിക്കത്രയുടെ ശില്പി സാബു നാരായണൻ ആചാരിയ്ക്ക് മോളി ജോൺ പുളിക്കത്ര ഉപഹാരം നല്കും.

ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പാലത്തിങ്കൽ ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്യാമള രാജൻ , ദീപാ ഗോപകുമാർ , കേരള റേസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ഉമ്മൻ മാത്യൂ ,നെഹ്റു ട്രോഫി ബോട്ട് റേസ് എക്സിക്യൂട്ടീവ് അംഗങ്ങളായ എസ്.എൻ.ഇക്ബാൽ, ബെറ്റി ജോസഫ് ,കുമ്മനം അഷറഫ്, എം.മുഹമ്മദ് വാരിക്കാട്, ജയിംസ് ചുങ്കത്തിൽ ,എന്നിവർ പ്രസംഗിക്കും.സംഘാടക സമിതി വൈസ് ചെയർമാൻ ജിനോ മണക്കളം സ്വാഗതവും ജോർജ് ചുമ്മാർ പുളിക്കത്ര കൃതജ്ഞതയും പ്രകാശിപ്പിക്കും.

നീരണിയലിന് ശേഷം ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോർജ് ഫൊറോനാ പള്ളിക്കടവിലേക്ക് ആദ്യ തുഴച്ചിൽ നടത്തും. വഞ്ചിപാട്ടിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ എടത്വ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. എടത്വാ പള്ളി വികാരി റവ.ഫാദർ ജോൺ മണക്കുന്നേൽ വെഞ്ചരിപ്പ് കർമ്മം നിർവഹിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടത്വാ യൂണിറ്റ് പ്രസിഡൻറ് കോശി കുര്യൻ അദ്ധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ ആശാംപറമ്പിൽ പൗര സ്വീകരണം ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജയിൻ മാത്യൂ , മീരാ ടെഡി, സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ്  റജി പി. വർഗ്ഗീസ്  എന്നിവർ ആശംസകൾ അർപ്പിക്കും . തുടർന്ന്  മാലിപ്പുരയിൽ  വള്ളസദ്യയും  ഉണ്ടായിരിക്കും.

സാബു നാരായണന്‍ ആചാരി
സാബു നാരായണന്‍ ആചാരി

2016  ഓഗസ്റ്റ് 18ന് സാബു നാരായണൻ ആചാരിയാണ് ഏറ്റവും പുതിയ ഷോട്ടിന് ഉളികുത്തൽ കർമ്മം നടത്തിയത്.ഇപ്പോൾ നിർമ്മിച്ച കളിവള്ളത്തിന് മുപ്പത്തി അഞ്ചേ കാൽ കോൽ നീളവും 40 അംഗുലം വീതിയും ഉണ്ട്.50 തുഴച്ചിൽക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉൾപെടെ 60  പേർക്ക് തുഴയാവുന്ന തരത്തിലാണ് വള്ളത്തിന്റെ ഘടന. ആഞ്ഞിലി തടിയിലാണ് വള്ളത്തിന്റെ പണി പൂത്തിയാക്കിയിരിക്കുന്നത്. ജോർജ് ചുമ്മാറിന്റെ ഏക മകനായ  6 വയസ്സുള്ള ആദം പുളിക്കത്രയാണ് ‘ഷോട്ട’ ക്യാപ്റ്റൻ.

വെപ്പ് വള്ളങ്ങളിൽ ഏറെ പ്രസിദ്ധമായ ജലരാജാവ് പുളിക്കത്ര വള്ളം 1926 ലാണ്  ആദ്യമായി നീരണിയുന്നത്. നീലകണ്ഠൻ ആചാരിയായിരുന്നു ശില്പി.1952 ലെ നെഹ്റു ട്രോഫി ജലമേളയിൽ 1500 മീറ്റർ 4.4 മിനിട്ട് എന്ന റിക്കോർഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളമായ പുളിക്കത്ര. ചെറുവള്ളങ്ങളുടെ ജല രാജാവ്  ആയ ‘ഷോട്ട് ‘ തിരുത്താൻ ആവാത്ത ജയഘോഷങ്ങളുടെ നിരന്തര പരമ്പരയായി 36 തവണ വെപ്പ് എ ഗ്രേഡ് ശ്രഖലയിൽ ചോദ്യം ചെയ്യപെടാനാവാത്ത വിധം പേര് പോലെ തന്നെ വിജയം നേടിയിട്ടുണ്ട്.

വിവിധ ജലോത്സവങ്ങളിൽ മത്സരിക്കുവാൻ ലക്ഷ്യമിട്ട്  ആർപ്പൂക്കര കരിപ്പൂതട്ട് ഐലാട്ടുശേരി കടവിൽ ”ഷോട്ട് പുളിക്കത്ര “യിൽ  ആർപ്പൂക്കര ബോട്ട് ക്ലബിന്റെ തുഴച്ചിൽപരിശീലനം ജൂലൈ 28ന് 2 മണിക്ക് അഡ്വ.സുരേഷ് കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

എല്ലാവരുടെയും പ്രാർത്ഥനയും പ്രോത്സാഹനവും കൊണ്ട് വീണ്ടും ജലോത്സവ പ്രേമികളുടെ മനസ്സ് വീണ്ടും കീഴടക്കാൻ തയ്യാറാടെറുക്കുകയാണ് മാലിയിൽ പുളിക്കത്ര തറവാട്. തന്റെ പിതാവ് പുളിക്കത്ര ബാബുവിന്റെ സ്മരണക്കായി ആണ് പുതിയതായി വീണ്ടും ഷോട്ട് നീറ്റിലിറക്കാൻ തീരുമാനിച്ചതെന്നും ചടങ്ങ് ലളിതമാക്കി നവതി സ്മാരകമായി  ജീവകാരണ്യ പ്രവർത്തനങ്ങൾ നടത്തുവാനാണ് ലക്ഷ്യമിടുന്നതെന്നു ജോർജ് ചുമ്മാർ മാലിയിൽ പുളിക്കത്ര പറഞ്ഞു.