വണ്‍, ടൂ, ത്രീ പറഞ്ഞ് മണിയാശാന്‍ മന്ത്രിസഭയിലേക്ക്

എം.എം. മണിയുടെ മണക്കാട്ടെ വണ്‍ ടു ത്രീ പ്രസംഗം (വീഡിയോ കാണുക)

-നിയാസ് കരീം-

ഇടുക്കി: ഒരിക്കല്‍ കൂടി വണ്‍, ടൂ, ത്രീ പറഞ്ഞ് മണിയാശാന്‍ കളത്തിലിറങ്ങുന്നു. ഇക്കുറി വകവരുത്തിയ രാഷ്ട്രീയ എതിരാളികളുടെ പട്ടിക അക്കമിട്ടു നിരത്താനല്ല. വൈദ്യുതി മേഖലയിലെ പ്രശ്നങ്ങള്‍ എണ്ണിയെണ്ണി പരിഹരിക്കാനാണെന്നുമാത്രം. ജനങ്ങള്‍ക്കിടെയില്‍ മണ്ണില്‍ ചവിട്ടി നില്‍ക്കുന്ന നേതാവെന്ന് അറിയപ്പെടുന്ന മണിയാശാന്‍. കര്‍ഷകരുടെ പ്രശ്ന പരിഹാരത്തിനായിരുന്നു അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവര്‍ത്തിനത്തില്‍ അധികവും ചെലവഴിച്ചത്. ഒരുകാലത്ത് വി.എസ് വിഭാഗത്തിന്‍റെ ശക്തനായ മുന്നണി പോരാളിയായിരുന്നു അദ്ദേഹം മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ സംഭവത്തോടെ പിണറായി പക്ഷത്തേക്ക് ചേക്കേറുകയായിരുന്നു. മണിയുടെ ചുവടുമാറ്റം വി.എസ് വിഭാഗത്തിന്‍റെ പാര്‍ട്ടിയിലെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയെന്നതും രാഷ്ട്രീയ ചരിത്രം. 

സാക്ഷാല്‍ എംഎം മണിയാണ് മന്ത്രിയെങ്കില്‍ അതൊരു ആഘോഷമായിരിക്കും. കാരണം കൈവിട്ട വാക്കുകള്‍ കാരണം ജയിലില്‍ പോയ വ്യക്തിയാണ് മണിയാശാന്‍. ഈ അടുത്തകാലത്ത് സി.പി.ഐയുടെ മന്ത്രി സുനില്‍കുമാറിനെ പരസ്യമായി വിമര്‍ശിച്ച് മുന്നണിയിലെ പ്രധാനപാര്‍ട്ടിയായ സി.പി.ഐയുടെ കണ്ണിലെ കരടായി മാറിയിരുന്നു എം.എം. മണി. ഇതേത്തുടര്‍ന്ന് ജനയുഗം ദിനപത്രത്തില്‍ മണിക്കെതിരെ ലേഖനവും പ്രസിദ്ധീകരിക്കപ്പെട്ടു. 

മണക്കാട്ടെ ആ വണ്‍, ടൂ, ത്രീ പ്രസംഗവും ജയില്‍വാസവുമാണ് ഇടുക്കിയില്‍ മാത്രമറിഞ്ഞിരുന്ന മണിയെ ലോകം മുഴുവന്‍ അറിയുന്ന നേതാവാക്കിയത്. രാജ്യാന്തര മാധ്യമങ്ങള്‍ വരെ അദ്ദേഹത്തിന്‍റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രസിദ്ധമായ ആ വീഡിയോ കാണാം വൈഫൈ റിപ്പോര്‍ട്ടറില്‍

കോട്ടയം കിടങ്ങൂരിൽ മുണ്ടയ്ക്കൽ മാധവന്റെയും ജാനകിയുടെയും മൂത്ത മകനായി ജനിച്ച മണി സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്ത് ജോലി തേടി ഹൈറേഞ്ചിലെത്തി. തോട്ടത്തിൽ കൂലി വേലക്കാരനായി ജീവിത മാരംഭിച്ച അദ്ദേഹം അവരുടെ അവകാശങ്ങൾക്കായി പോരാടി നേതൃത്വത്തിലേ ക്കുയർന്നു. 1985 മുതൽ 8 തവണ ഇടുക്കി ജില്ലാ സെക്രട്ടറിയായി തുടർന്നു – 75കാരനായ അദ്ദേഹം ആദ്യമായാണ് നിയമസഭാംഗമാകൂന്നത്.