ദിലീപിന്റെ താര ജാടയുടെ ഫലമാണ് ഇപ്പോഴത്തെ കേസുകളും ജയില്‍ വാസവും: വിനയന്‍

ദിലീപിന്റെ താര ജാടയുടെ ഫലമാണ് ഇപ്പോഴത്തെ കേസുകളും ജയില്‍ വാസവും. എല്ലാ സൗഭാഗ്യങ്ങളോടും കൂടെ രാജാവായി വാഴുമ്പോള്‍ അമേദ്യത്തില്‍ ചവിട്ടി വീണ അവസ്ഥയാണ് ദിലീപിനുണ്ടായത്.
താരങ്ങള്‍ വിണ്ണില്‍ നിന്ന് മണ്ണിലിറങ്ങി സഞ്ചരിക്കാന്‍ ഇനിയെങ്കിലും തയ്യാറാകണം. സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി ഡോക്ടറേറ്റും പത്മശ്രീയും കേണല്‍ പദവിയുമൊക്കെ സ്വന്തമാക്കുന്നവര്‍ തങ്ങള്‍ ജനങ്ങള്‍ക്ക് എന്ത് തിരിച്ചു നല്‍കി എന്നുകൂടി ചിന്തിക്കണം. പ്രതിഫലമായി വാങ്ങുന്ന രണ്ടും മൂന്നും കോടി രൂപയില്‍ നിന്ന് തങ്ങള്‍ക്ക് ജയ് വിളിയ്ക്കാനും എതിരാളികളെ കൂകി തോല്‍പ്പിക്കാനും 50 ലക്ഷം രൂപവരെ ഫാന്‍സുകള്‍ക്ക് നല്‍കുന്ന താരങ്ങള്‍ തന്നെയാണ് സിനിമയിലെ ക്രിമിനല്‍ വത്ക്കരണത്തിന് പിന്നില്‍ – പ്രമുഖ സംവിധായകന്‍ വിനയന്‍ മനസ് തുറക്കുന്നു.

കൊച്ചി: ആക്രമിക്കപ്പെട്ട നടിയ്ക്ക് ദിലീപിന്റെ ഇടപെടല്‍മൂലം സിനിമയില്‍ വിലക്കുണ്ടായപ്പോള്‍ അത് പാടില്ലെന്ന് പറയാനുള്ള ആര്‍ജ്ജവം സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമുണ്ടായിരുന്നെങ്കില്‍ ദിലീപിന് ഇപ്പോള്‍ ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നുവെന്ന് പ്രമുഖ സംവിധായകന്‍ വിനയന്‍. താരങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ തന്നെ മുതിര്‍ന്നവരായ ഇവര്‍ ഇടപെട്ട് രമ്യമായി പരിഹരിക്കേണ്ടതായിരുന്നു. അതുണ്ടാകാതെ വന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. തങ്ങളുടെ താര പദവിയ്ക്ക് ഇടിവ് സംഭവിച്ചേക്കുമെന്ന ഭയമാണിതിന് കാരണം. പാലാരിവട്ടത്തുള്ള വസതിയില്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ദിലീപിന്റെ താര ജാടയുടെ ഫലമാണ് ഇപ്പോഴത്തെ കേസുകളും ജയില്‍ വാസവും. എല്ലാ സൗഭാഗ്യങ്ങളോടും കൂടെ രാജാവായി വാഴുമ്പോള്‍ അമേദ്യത്തില്‍ ചവിട്ടി വീണ അവസ്ഥയാണ് ദിലീപിനുണ്ടായത്. കേസും കാര്യങ്ങളും അതിന്റെ വഴിയ്ക്ക് പോകട്ടെ.

തെറ്റുകാരനാണെങ്കില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്യട്ടെ. ഇവിടെ അതല്ല വിഷയം. ഇതില്‍നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ അഹങ്കാരം തലയ്ക്കു പിടിച്ചു നടക്കുന്ന താരങ്ങള്‍ തയ്യാറുണ്ടോ എന്നതാണ് പ്രശ്‌നം. താരങ്ങള്‍ക്ക് എന്തും ചെയ്യാം. ആരും ചോദ്യം ചെയ്യാനില്ല എന്ന ചിന്ത മാറിയേ തീരൂ. അതിന് താരങ്ങള്‍ വിണ്ണില്‍ നിന്ന് മണ്ണിലിറങ്ങി സഞ്ചരിക്കാന്‍ തയ്യാറാകണം. സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി ഡോക്ടറേറ്റും പത്മശ്രീയും കേണല്‍ പദവിയുമൊക്കെ സ്വന്തമാക്കുന്നവര്‍ തങ്ങള്‍ ജനങ്ങള്‍ക്ക് എന്ത് തിരിച്ചു നല്‍കി എന്നുകൂടി ചിന്തിക്കണം.

പ്രതിഫലമായി വാങ്ങുന്ന രണ്ടും മൂന്നും കോടി രൂപയില്‍ നിന്ന് തങ്ങള്‍ക്ക് ജയ് വിളിയ്ക്കാനും എതിരാളികളെ കൂകി തോല്‍പ്പിക്കാനും 50 ലക്ഷം രൂപവരെ ഫാന്‍സുകള്‍ക്ക് നല്‍കുന്ന താരങ്ങള്‍ തന്നെയാണ് സിനിമയിലെ ക്രിമിനല്‍ വത്ക്കരണത്തിന് പിന്നിലെന്നും വിനയന്‍ പറഞ്ഞു.

സിനിമ നിര്‍മ്മാതാക്കള്‍, സംവിധായകര്‍, ടെക്‌നീഷ്യന്‍മാര്‍ എന്നിവരടക്കം സിനിമ രംഗത്തുള്ളവരോട് താരങ്ങളുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്തണം. സിനിമയെടുത്ത് പൊളിഞ്ഞുപോയ നിര്‍മ്മാതാക്കളെ മിമിക്രി കാണിച്ച് അവഹേളിക്കുന്ന താരങ്ങളുണ്ട്. അയാളുടെ പൊളിവില്‍ നിന്നാണ് തങ്ങള്‍ താരങ്ങളായതെന്ന ചിന്ത ഇക്കൂട്ടര്‍ക്കില്ല. ഇത്തരം നിര്‍മ്മാതാക്കള്‍ക്ക് പിന്നീട് ഈ താരങ്ങളെ കാണണമെങ്കില്‍ ഡ്രൈവറുടേയോ മാനേജരുടേയോ അനുമതി വാങ്ങണം. എന്നാല്‍ ഹവാലാക്കാരായ ചില നിര്‍മ്മാതാക്കളെ അങ്ങോട്ട് ചെന്ന് കാണുന്നതിന് താരങ്ങള്‍ക്ക് യാതൊരു മടിയുമില്ല.

ഇവിടെ മഹാനടനായിരുന്ന പ്രേം നസീറിനെ സ്മരിക്കാതിരിക്കാനാവില്ല. സിനിമയെടുത്ത് നഷ്ടം വന്ന നിര്‍മ്മാതാവിന്റെ വീട്ടില്‍ ചെന്ന് സഹായം വാഗ്ദാനം ചെയ്യും. പിന്നീടുള്ള അദ്ദേഹത്തിന്റെ പടത്തില്‍ ചെറിയ പ്രതിഫലത്തിലോ അതുപോലുമില്ലാതെയോ അഭിനയിക്കും. അതായിരുന്നു നസീര്‍ സാറിന്റെ നിര്‍മ്മാതാക്കളോടുള്ള സമീപനം. അദ്ദേഹത്തിന് കാശുമുടക്കി സൃഷ്ടിക്കുന്ന ഫാന്‍സ് അസോസിയേഷനുകളുണ്ടായിരുന്നില്ല. ഉള്ളവര്‍ യഥാര്‍ത്ഥ ആരാധകര്‍ തന്നെയായിരുന്നു.

മലയാള സിനിമയിലെ ഏറ്റവും ശക്തമായ സംവിധാനമാണ് താര സംഘടനയായ അമ്മ. നടിയ്ക്ക് അനാവശ്യ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ ദിലീപിനെ വിളിച്ച് ഭാരവാഹികള്‍ക്ക് സംസാരിക്കാമായിരുന്നു. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ജോലിയില്‍നിന്ന് മാറ്റി നിര്‍ത്താനാവില്ലെന്ന് പറയാമായിരുന്നു. എന്നാല്‍ അതൊന്നുമുണ്ടായില്ല. സംഘടന വീണ്ടുവിചാരത്തിന് തയ്യാറാകണം. ജനാധിപത്യപരമായ സമീപനങ്ങളുണ്ടാകണം. അല്ലാതെ ചിലരുടെ അപ്രമാദിത്വം ഊട്ടിയുറപ്പിക്കാനുള്ള വേദിയാക്കി സംഘടനയെ മാറ്റരുത് – വിനയന്‍ മുന്നറിയിപ്പ് നല്‍കി. താര പദവി മുതലെടുത്ത് ഭൂമി കൈയ്യേറ്റംവരെ നടത്തുന്നവര്‍ ഒന്നോര്‍ക്കണം. നിങ്ങള്‍ ഈ പദവിയിലെത്തിയത് സ്വാതന്ത്ര്യ സമര സേനാനിമാരുടെ മക്കളോ ഒന്നുമായിട്ടല്ല.